01
Mar 2023
Fri
01 Mar 2023 Fri

കർണാടകയിൽ ഹലാൽ മാംസം നിരോധിക്കണമെന്ന് ഹിന്ദുത്വ സംഘടന. വരാനിക്കുന്ന ഉ​ഗാഡി ഉത്സവത്തോടനുബന്ധിച്ച് ഹലാൽ മാംസം നിരോധിക്കണം എന്ന ആവശ്യവുമായി ഹിന്ദു ജനജാ​ഗൃതി സമിതിയാണ് രം​ഗത്തുവന്നിരിക്കുന്നത്. കർണാടകയിലെമ്പാടും ഝട്ക മാംസം വിൽക്കുന്ന കടകൾ പ്രോത്സാഹിപ്പിക്കണം എന്നും ഹിന്ദുത്വ സംഘടന അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹലാൽ സർ‌ട്ടിഫിക്കറ്റ് നിരോധന നിയമം വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തണമെന്ന് ബിജെപിയോടും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. ഹലാൽ മാംസം വിൽക്കുന്നതിനെതിരെ വേണമെങ്കിൽ നിയമപരമായി നീങ്ങുമെന്ന് ഹിന്ദു ജന​ജാ​ഗൃതി സമിതി വക്താവ് മോഹൻ ​ഗൗഡ പറഞ്ഞു.

എല്ലാ വാർ‍ഡുകളിലും ഞങ്ങൾ ഝട്ക ഇറച്ചിക്കടകൾ ആരംഭിക്കും. കർണാടകയാകെ ഹലാൽ മുക്തമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഹലാൽ ഇറച്ചി വിറ്റ് സമ്പാദിക്കുന്ന കോടിക്കടണക്കിന് രൂപ ഇന്ത്യാ വിരുദ്ധ പ്രവർത്തനത്തിന് ഉപയോ​ഗിക്കുന്നതായും ഇതിനെതിരെ അന്വേഷണം വേണമെന്നുമാണ് ഇയാളുടെ മറ്റൊേരു വാദം.

കഴിഞ്ഞവർഷവും ഉ​ഗാഡിയോടനുബന്ധിച്ച് ഹിന്ദു ജന​ജാ​ഗൃതി സമിതി സമാന ക്യാമ്പയിനുമായി രം​ഗത്തുവന്നിരുന്നു. ഝട്ക മാംസം വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കുന്നതിൽ തങ്ങൾ 70 ശതമാനം വിജയിച്ചെന്നും ഹലാൽ മാംസം വാങ്ങുന്നതിൽ നിന്ന് മാറ്റിനിർത്തിയെന്നും അവർ അവകാശപ്പെട്ടു.

ഹിന്ദു ജന​ജാ​ഗൃതി സമിതി മാത്രമല്ല, സംസ്ഥാനത്തെ നിരവധി ഹിന്ദുത്വ സംഘടനകളും ബിജെപി നേതാക്കളും ഹലാൽ മാംസം വിൽക്കുന്നതിനെതിരെ എതിർപ്പ് ഉന്നയിച്ചിട്ടുണ്ട്. കർണാടക, ആന്ധ്ര, തെലങ്കാന, ​ഗോവ സംസ്ഥാനങ്ങളിൽ ഹിന്ദു കലണ്ടർ പ്രകാരം പുതുവത്സര ദിനമാണ് ഉ​ഗാഡി എന്നറിയപ്പെടുന്നത്. ഈ വർഷം മാർച്ച് 22നാണ് ഉ​ഗാഡി ഉത്സവം.