30
Dec 2023
Thu
30 Dec 2023 Thu

മുസ്ലിം ലീഗ് ജമ്മു കശ്മീരിനെ നിയമവിരുദ്ധമായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍; UAPA ചുമത്തി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന് ആരോപിച്ച് മുസ്ലിം ലീഗ് ജമ്മു കശ്മീര്‍ (മസ്‌റാത്ത് ആലം വിഭാഗം) എന്ന സംഘടനയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. പിന്നാലെ സംഘടനയ്‌ക്കെതിരെ യുഎപിഎയും ചുമത്തി. ബുധനാഴ്ചയാണ് സംഘടനയെ വിലക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കിയത്. സംഘടനയുടെ അംഗങ്ങള്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. സംഘടനയിലെ അംഗങ്ങള്‍ ജമ്മു കശ്മീരില്‍ ഇസ്ലാമിക ഭരണക്രമം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചുവെന്നും അമിത് ഷാ ആരോപിച്ചു.

മസ്‌റാത്ത് ആലം ഭട്ട് ചെയര്‍മാനായ ‘മുസ്ലിം ലീഗ് ജമ്മു കശ്മീര്‍’ ഇന്ത്യാവിരുദ്ധവും പാകിസ്ഥാന്‍ അനുകൂലവുമായ പ്രചാരണങ്ങളാലാണ് അറിയപ്പെടുന്നതെന്നാണ് ഉത്തരവിലുള്ളത്. ഇന്ത്യയില്‍ നിന്ന് ജമ്മു കശ്മീരിനെ സ്വതന്ത്രമാക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്നാണ് ആഭ്യന്തരമന്ത്രാലയം പറഞ്ഞു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പാകിസ്ഥാനില്‍ നിന്നും പാക് അനുകൂല സംഘടനകളില്‍ നിന്നും സംഘടന പണം സ്വീകരിച്ചു. രാജ്യത്തിന്റെ ഐക്യം, സുരക്ഷ, മതസൗഹാര്‍ദ്ദം എന്നിവ തകര്‍ക്കുന്ന ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സംഘടനയുടെ പങ്ക് കണ്ടെത്തിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രാലയം പറഞ്ഞു.

ഹുര്‍രിയ്യത്ത് കോണ്‍ഫ്രന്‍സ് നേതാവ് മസ്‌റാത്ത് ആലം രൂപീകരിച്ച മുസ്ലിം ലീഗ് ജമ്മു കശ്മീരിനെതിരെ നേരത്തെയും സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. സംസ്ഥാന, കേന്ദ്ര ഏജന്‍സികളുടെ വിവിധ കേസുകള്‍ നേരിടുന്ന മസ്‌റാത്ത് ആലം നിലവില്‍ തിഹാര്‍ ജയിലിലാണ്.