ലഖ്‌നോ: യുപിയിലെ ദിയോറിയ ജയിലില്‍ 20 മാസം തടവില്‍ കഴിഞ്ഞ സാമൂഹ്യ പ്രവര്‍ത്തകന്‍ ജാവേദ് മുഹമ്മദിന് ഒടുവില്‍ ജാമ്യം. നൂപൂര്‍ ശര്‍മയുടെ പ്രവാചക നിന്ദക്കെതിരേ പ്രയാഗ് രാജില്‍ നടന്ന പ്രതിഷേധത്തിന്റെ മുഖ്യസൂത്രധാരന്‍ എന്നാരോപിച്ചാണ് ജാവേദ് മുഹമ്മദിനെ ജയിലിലടച്ചത്. യുപി ഗുണ്ടാ നിയമം, ദേശീയ സുരക്ഷാ നിയമം എന്നിവ ചുമത്തിയാണ് 58 കാരനായ ജാവേദിനെ അറസ്റ്റ് ചെയ്തത്. ( Home-razed-20-months-in-jail-up-activist-on-life-after-media-trial-police-betrayal-bail )
|
കലാപത്തില്‍ പങ്കെടുത്തു എന്നാരോപിച്ച് ജാവേദിന്റേത് ഉള്‍പ്പടെ നിരവധി വീടുകള്‍ പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു. എന്നാല്‍, അദ്ദേഹത്തിനെതിരായ ഒരു ആരോപണം പോലും തെളിയിക്കാന്‍ പോലീസിനായില്ല. ഗുണ്ടാ നിയമപ്രകാരമുള്ള കേസിലാണ് ഏറ്റവുമൊടുവില്‍ ജാമ്യം ലഭിച്ചത്. ജാവേദിനെ പോലീസ്, ഗുണ്ട എന്ന ഗണത്തില്‍പ്പെടുത്തിയത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു.
മുസ്ലിംകള്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗത്തിന്റെ ഉന്നമനത്തിന് വേണ്ടി സാമൂഹിക പ്രവര്‍ത്തനം നടത്തി എന്നത് മാത്രമാണ് ഞാന്‍ ചെയ്ത കുറ്റമെന്ന് ജാവേദ് പറഞ്ഞു. നൂപൂര്‍ ശര്‍മയുടെ പ്രവാചക നിന്ദാ പരാമര്‍ശവുമായി ബന്ധപ്പെട്ട് ജുമുഅ നമസ്‌കാരത്തിന് ശേഷം പ്രതിഷേധം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും ചിലപ്പോള്‍ അത് സംഘര്‍ഷത്തിന് കാരമണമായേക്കാമെന്നും പോലീസിന് നേരത്തേ അറിയാമായിരുന്നു. പോലീസ് നിര്‍ദേശിച്ചത് പ്രകാരം പ്രതിഷേധം സമാധാനപരമായിരിക്കണമെന്ന് ആഹ്വാനം ചെയ്ത് ജുമുഅ ദിവസം രാവിലെ ഞാന്‍ ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു.
ജുമുഅ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പ്രയാഗ് രാജില്‍ സംഘര്‍ഷം നടക്കുന്നതായി പോലിസ് ഉദ്യോഗസ്ഥര്‍ വിളിച്ചു പറഞ്ഞത്. താങ്കള്‍ വന്ന് ജനക്കൂട്ടത്തെ നിയന്ത്രിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. എന്നാല്‍, ഞാന്‍ സ്ഥലത്തെത്തുമ്പോഴേക്കും സംഘര്‍ഷം ഏറെക്കുറെ ഒതുങ്ങിയിരുന്നു.
പിന്നീട് എന്നെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് കുറച്ച് ഫോട്ടോകള്‍ കാണിച്ച് ഇതിലുള്ള ചെറുപ്പക്കാരെ അറിയുമോ എന്ന് ചോദിച്ചു. എനിക്ക് അറിയുന്ന ആരും സംഘര്‍ഷത്തില്‍ പ്രതിചേര്‍ക്കപ്പെട്ട ആ യുവാക്കളുടെ കൂട്ടത്തിലുണ്ടായിരുന്നില്ല. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് പോലീസ് എന്നെയും പ്രതി ചേര്‍ത്തത്. അന്ന് രാത്രി 11 മണിയോടെ ഭാര്യയെയും മകളെയും പോലീസ് കൂട്ടിക്കൊണ്ട് പോയി. മണിക്കൂറുകളോളം പിടിച്ചു വച്ചു.
പിറ്റേന്നാണ് ഡിജിപിയുടെ ഉത്തരവ് പ്രകാരം എന്റേത് ഉള്‍പ്പെടെയുള്ള വീടുകള്‍ തകര്‍ത്തത്. അനധികൃത നിര്‍മാണം എന്നാരോപിച്ചായിരുന്നു നടപടി. എന്നാല്‍, മൂന്‍കൂട്ടി ഒരു നോട്ടീസും നല്‍കാതെയാണ് വീട് തകര്‍ത്തതെന്ന് ജാവേദ് പറഞ്ഞു.





