21
Jan 2023
Wed
21 Jan 2023 Wed

കൊലപാതകക്കേസില്‍ പ്രതിയായ ബിജെപി നേതാവിന്റെ ഹോട്ടല്‍ പൊളിച്ചുനീക്കി. മധ്യപ്രദേശ് സാഗറിലാണ് സംഭവം. മിശ്രി ചന്ദ് ഗുപ്തയുടെ ഹോട്ടലാണ് പൊളിച്ചുനീക്കിയത്. നടപടി ജില്ലാ ഭരണകൂടത്തിന്റേതാണ് .

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മിശ്രിയുടെ കാറിടിച്ച് ജഗദീഷ് യാദവ് എന്ന യുവാവ് മരിച്ചിരുന്നു. ഇതോടെ ഹോട്ടലിനെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ മിശ്രി ചന്ദ് ഗുപ്തയടക്കം എട്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഡിസംബര്‍ 22 നാണ് ജഗദീഷ് യാദവ് മിശ്രി ചന്ദിന്റെ എസ്‌യുവി ഇടിച്ച് കൊല്ലപ്പെടുന്നത്. സംഭവത്തില്‍ മിശ്രി ചന്ദിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തിരുന്നു.

കൗണ്‍സിലറായ കിരണ്‍ യാദവിന്റെ അനന്തരവനാണ് മരിച്ച ജഗദീഷ് യാദവ്. നഗരസഭാ തെരഞ്ഞെടുപ്പില്‍ മിശ്രി ചന്ദ് ഗുപ്തയുടെ ഭാര്യ മീനയെ 83 വോട്ടുകള്‍ക്കാണ് കിരണ്‍ യാദവ് പരാജയപ്പെടുത്തിയത്. ഇതിന്റെ വൈരാഗ്യത്തിലാണ് ജഗദീഷിനെ കൊലപ്പെടുത്തിയതെന്നായിരുന്നു ആരോപണം.

സാഗറിലെ മകരോണിയ ഇന്റര്‍സെക്ഷന് സമീപമാണ് നേതാവിന്റെ മിശ്രി ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. 60 ഡൈനാമിറ്റുകള്‍ പൊട്ടിച്ചാണ് ഈ ഹോട്ടല്‍ പൊളിച്ചുനീക്കിയത്. സാഗര്‍ ജില്ലാ കലക്ടര്‍ ദീപക് ആര്യ, ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ തരുണ്‍ നായക്, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും പൊളിക്കല്‍ നടപടിക്ക് മേല്‍നോട്ടം നല്‍കി. സമീപത്തെ കെട്ടിടങ്ങളില്‍ താമസിക്കുന്നവര്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നെന്നും മറ്റാര്‍ക്കും ഒരു തരത്തിലുമുള്ള നാശനഷ്ടവും ഉണ്ടായിട്ടില്ലെന്നും ജില്ലാ കലക്ടര്‍ ദീപക് ആര്യ പറഞ്ഞുവെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.