23
Sep 2024
Tue
23 Sep 2024 Tue
house owners son arrested for placing hidden camera to record woman tenants nude video

സിവില്‍ സര്‍വീസ് പരീക്ഷയ്ക്കു തയ്യാറെടുക്കാന്‍ ഡല്‍ഹിയില്‍ വാടകയ്ക്കു താമസിക്കുന്ന യുവതിയുടെ നഗ്നദൃശ്യം പകര്‍ത്താന്‍ കുളിമുറിയിലും കിടപ്പുമുറിയിലും ഒളികാമറകള്‍ സ്ഥാപിച്ച വീട്ടുടമയുടെ മകന്‍ അറസ്റ്റില്‍. ഡല്‍ഹിയിലാണ് സംഭവം. യുപി സ്വദേശിനിയായ യുവതി നാട്ടില്‍പോയ സമയത്ത് താക്കോല്‍ വീട്ടുടമയുടെ മകനായ കരണിനു കൈമാറിയിരുന്നു. ഈ സമയമാണ് 30കാരനായ കരണ്‍ താക്കോല്‍ ഉപയോഗിച്ച് മുറി തുറന്ന് കുളിമുറിയിലും കിടപ്പുമുറിയിലുമായി മൂന്ന് ഒളികാമറകള്‍ സ്ഥാപിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അവധി കഴിഞ്ഞ് ഡല്‍ഹിയില്‍ തിരിച്ചെത്തിയ യുവതി തന്റെ വാട്‌സ്ആപ്പില്‍ സംശയകരമായ ഇടപെടലുകള്‍ കണ്ടതോടെ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മറ്റ് ഡിവൈസുകള്‍ നോക്കുകയും അജ്ഞാതമായ ലാപ്‌ടോപ്പില്‍ അക്കൗണ്ട് ഉപയോഗിക്കുന്നതായി കണ്ടെത്തുകയും ചെയ്തു. വെബ് വാട്‌സ്ആപ്പ് വഴി ലാപ്‌ടോപ്പില്‍ ഓപണാക്കിയിരുന്ന തന്റെ അക്കൗണ്ട് ലോഗ് ഔട്ട് ചെയ്ത യുവതി സംശയം തോന്നി കുളിമുറിയില്‍ പരിശോധന നടത്തിയപ്പോഴാണ് ബള്‍ബ് ഹോള്‍ഡറിലെ രഹസ്യകാമറ കണ്ടത്. ഇതോടെ വിവരം പോലീസില്‍ അറിയിച്ചു. പോലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിലും കാമറകള്‍ കണ്ടത്.

വീടിന്റെ താക്കോല്‍ വീട്ടുടമയെ ഏല്‍പ്പിച്ചാണ് നാട്ടില്‍ പോയതെന്ന് യുവതി പോലീസിനെ അറിയിച്ചതോടെ കരണിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റസമ്മതം നടത്തുകയും ചെയ്തു. കാമറയില്‍ റെക്കോഡാവുന്ന ദൃശ്യം ഓണ്‍ലൈനായി കൈമാറുന്ന സൗകര്യമുണ്ടായിരുന്നില്ല. ഇതിനാല്‍ യുവതിയുടെ ദൃശ്യം കരണിനു ലഭിച്ചിട്ടില്ലെന്നു പോലീസ് പറഞ്ഞു.

ഇലക്ട്രിക്കല്‍ ജോലികള്‍ ചെയ്യാനുണ്ടെന്ന് പറഞ്ഞ് താക്കോല്‍ തരപ്പെടുത്താന്‍ കരണ്‍ ശ്രമിച്ചിരുന്നതായി യുവതി പോലീസിനോടു വെളിപ്പെടുത്തി. മുറിയില്‍ കയറി ദൃശ്യം പെന്‍ഡ്രൈവിലാക്കി ശേഖരിക്കുന്നതിനായിരുന്നു ഈ നീക്കമെന്നു വ്യക്തമായിട്ടുണ്ട്. ഭിന്നശേഷിക്കാരനാണ് കരണെന്നും ഇയാള്‍ക്കെതിരേ ഒളികാമറ സ്ഥാപിച്ചതിന് നിരവധി വകുപ്പുകള്‍ പ്രകാരം കേസെടുത്തതായും പോലീസ് പറഞ്ഞു.