ഇസ്രായേലിലെ വിവിധ കേന്ദ്രങ്ങള്‍ക്കു നേരെ ഹൂത്തികളുടെ കനത്ത ആക്രമണം. (Houthi missile attack on Israel; debt-ridden Eilat port closes) ബെന്‍ഗുറിയോണ്‍ വിമാനത്താവളത്തിന് നേരെ സുല്‍ഫിക്കര്‍ ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.
|
ഉമ്മുല്‍ അല്‍ റഷ്‌റാഷ്(എയ്‌ലാത്ത്) തുറമുഖം, നഖാബ്(നെഗവ്) സൈനിക കേന്ദ്രം തുടങ്ങിയവയ്ക്ക് നേരെ ഡ്രോണുകള്‍ ഉപയോഗിച്ചും ആക്രമണം നടന്നതായി അന്‍സാറല്ലാഹ് സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ യഹ്യ സര്‍ഇ അറിയിച്ചു. ആക്രമണത്തിന് നാല് ഡ്രോണുകളാണ് ഉപയോഗിച്ചത്.
ALSO READ: മകനെ കൊന്നവന് മാപ്പ് നല്‍കിയ ഫത്താഹ് അബ്ദുല്‍ മഹ്ദി; നിമിഷപ്രിയയുടെ കാര്യത്തില്‍ അവസാന പ്രതീക്ഷ
ഫലസ്തീന്‍ ജനതയോടുള്ള മാനുഷികവും മതപരവും ധാര്‍മികവുമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് സര്‍ഈ ആവര്‍ത്തിച്ചു. ഇസ്രായേല്‍ ഗസയിലെ യുദ്ധം അവസാനിപ്പിക്കുകയും ഉപരോധം നീക്കുകയും ചെയ്യുന്നതുവരെ ആക്രമണം തുടരും.
അന്താരാഷ്ട്ര കമ്പനികള്‍ക്കു മുന്നറിയിപ്പ്
അധിനിവിഷ്ട ഫലസ്തീനിലെ തുറമുഖങ്ങളില്‍ പ്രവര്‍ത്തനം നടത്തുന്ന അന്താരാഷ്ട്ര കമ്പനികള്‍ക്ക് ഹൂത്തി സൈന്യം വീണ്ടും മുന്നറിയിപ്പ് നല്‍കി. പ്രവര്‍ത്തനം തുടര്‍ന്നാല്‍ അവയെ ആക്രമിക്കും. ചെങ്കടലിലും അറബിക്കടലിലും ഇസ്രായേലി കപ്പലുകള്‍ക്കുള്ള ഉപരോധം തുടരുമെന്നും സൈന്യം അറിയിച്ചു.
എയ്‌ലാത്ത് തുറമുഖം അടക്കുന്നു
ഹൂത്തികളുടെ സമുദ്ര ഉപരോധം ഇസ്രായേലി തുറമുഖങ്ങള്‍ക്ക് കനത്ത നഷ്ടമാണ് വരുത്തിയിട്ടുള്ളത്. കടക്കെണിയില്‍ മുങ്ങിയ എയ്‌ലാത്ത് തുറമുഖം ഞായറാഴ്ച്ച മുതല്‍ പൂര്‍ണമായും അടച്ചു പൂട്ടും. ദശലക്ഷക്കണക്കിന് ഷെക്കല്‍ കടംവരുത്തിവച്ചതിനെ തുടര്‍ന്ന് തുറമുഖത്തിന്റെ ബാങ്ക് അക്കൗണ്ട് മുനിസിപ്പാലിറ്റി മരവിപ്പിച്ചിരുന്നു.
2023 നവംബറില്‍ യമന്റെ ഉപരോധം തുടങ്ങിയത് മുതല്‍ തുറമുഖത്തിന്റെ പ്രവര്‍ത്തനം താറുമാറായിരുന്നു. വരുമാനം കുത്തനെ കുറഞ്ഞതോടെയാണ് കടക്കെണിയില്‍ മുങ്ങിയത്.


