സന്‍ആ: ഇസ്രായേല്‍ തുറമുഖം ഉപയോഗിക്കുന്ന ഒരു കപ്പലിനെയും വെറുതെവിടില്ലെന്ന ദൃഡപ്രതിജ്ഞയുമായി ഹൂത്തികള്‍. (Houthis claim attack on ship that docked in Israel)ഇസ്രായേല്‍ തുറമുഖത്ത് നങ്കൂരമിട്ട മറ്റൊരു കൂറ്റന്‍ കപ്പല്‍ കൂടി യമനി പോരാളികള്‍ ആക്രമിച്ചു. ലൈബീരിയന്‍ പതാകയുള്ള ട്രാന്‍സ് വേള്‍ഡ് നാവിഗേറ്റര്‍ എന്ന കപ്പല്‍ അറബിക്കടലിലാണ് ആക്രമിക്കപ്പെട്ടത്. കപ്പലിലേക്ക് തങ്ങള്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ നേരിട്ട് പതിച്ചതായി ഹൂത്തി സൈനിക വക്താവ് യഹ്യ സര്‍ഈ പറഞ്ഞു.
|
കപ്പലിന്റെ ഉടമസ്ഥരായ കമ്പനി, ഇസ്രായേല്‍ ജലപാതയിലേക്ക് പ്രവേശിക്കരുതെന്ന തങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ചതിനാലാണ് ആക്രമണം. എംവി ട്യൂട്ടര്‍ എന്ന മറ്റൊരു കപ്പല്‍ ഈയാഴ്ച്ച ഹൂത്തികള്‍ ആക്രമിച്ച് കടലില്‍ മുക്കിയിരുന്നു. ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ പാതയില്‍ ഹൂത്തികള്‍ നടത്തുന്ന ആക്രമണം വീണ്ടും ശക്തമായിരിക്കുകയാണ്.
അമേരിക്കന്‍ നാവിക കപ്പലായ യുഎസ്എസ് എയ്‌സന്‍ഹോവറിന് നേരെ ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായും സര്‍ഈ അവകാശപ്പെട്ടു. ഇസ്രായേലിന്റെ ഗസാ അധിനിവേശത്തിന് ശേഷം മേഖലയിലെ നാവിക ഇടപെടലുകള്‍ക്ക് നേതൃത്വം നല്‍കുന്നത് ഈ കപ്പലാണ്. ആക്രമണം അതിന്റെ ലക്ഷ്യം കൈവരിച്ചതായും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, ഇക്കാര്യം അമേരിക്ക നിഷേധിച്ചു.
യുഎസ്എസ് എയ്‌സന്‍ഹോവറിനോട് നാട്ടിലേക്ക് മടങ്ങാന്‍ യുഎസ് അധികൃതര്‍ ആവശ്യപ്പെട്ടതായ വാര്‍ത്തകള്‍ക്ക് തൊട്ടുപിന്നാലെയാണ് ഹൂത്തികളുടെ അവകാശവാദമെന്നതും ശ്രദ്ധേയമാണ്. എട്ട് മാസത്തിന് ശേഷമാണ് കപ്പല്‍ തിരിച്ചു പോകുന്നത്. പസഫിക് സമുദ്രത്തിലുള്ള മറ്റൊരു കപ്പില്‍ പകരം ദൗത്യം ഏറ്റെടുക്കുമെന്നാണ് അറിയുന്നത്. എന്തുകൊണ്ടാണ് ഈ മാറ്റമെന്ന് അമേരിക്ക വെളിപ്പെടുത്തിയിട്ടില്ല.
ഫലസ്തീന് പിന്തുണ നല്‍കാന്‍ തങ്ങള്‍ നടത്തുന്ന കപ്പല്‍ ആക്രമണം തുടരുമെന്നാണ് ഹൂത്തികളുടെ പ്രഖ്യാപനം. ഫലസ്തീനെതിരായ ഉപരോധം എന്ന് അവസാനിക്കുന്നുവോ അന്ന് മാത്രമേ ആക്രമണം നിര്‍ത്തൂ എന്നാണ് നിലപാട്. ഇതിനകം 60ഓളം കപ്പലുകള്‍ ആക്രമിച്ച ഹൂത്തികള്‍ രണ്ട് വാണിജ്യ കപ്പലുകള്‍ മുക്കുകയും മറ്റൊരെണ്ണം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. മാര്‍ച്ചില്‍ ബാര്‍ബഡോസ് രജിസ്‌ട്രേഷനുള്ള ട്രൂ കോണ്‍ഫിഡന്‍സ് എന്ന കപ്പല്‍ ആക്രമിച്ച ഹൂത്തികള്‍ മൂന്ന് പേരെ കൊലപ്പെടുത്തിയിരുന്നു.


