23
Jul 2025
Sat
23 Jul 2025 Sat
govindachami lost his arm

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ അതീവ സുരക്ഷാ മറകള്‍ ഒറ്റക്കൈയുമായി ഭേദിച്ച് ഗോവിന്ദച്ചാമിയെന്ന കൊടും കുറ്റവാളി പുറത്ത് കടന്നതെങ്ങിനെയെന്ന് പലരും അല്‍ഭുതം കൂറുന്നുണ്ട്. (How Govindachami lost his arm?) എന്നാല്‍, ഗോവിന്ദച്ചാമിയുടെ പൂര്‍വ്വകാലം അറിയുമ്പോള്‍ ഇതൊക്കെ നിസ്സാരം എന്ന് തോന്നാം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2011 ഫെബ്രുവരി ഒന്നിനായിരുന്നു ഗോവിന്ദച്ചാമി ജീവിതാവസാനം വരെ ജയിലില്‍ കഴിയാന്‍ ഇടയാക്കിയ ക്രൂരകൃത്യം. അന്ന് രാത്രിയാണ് ഇയാള്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് സൗമ്യയെന്ന പെണ്‍കുട്ടിയെ മൃതപ്രായയാക്കി ബലാത്സംഗം ചെയ്തത്. ദൃക്‌സാക്ഷികളില്ലാത്ത കേസായിരുന്നു അത്.

ഷൊര്‍ണൂര്‍ പാസഞ്ചറില്‍ തൊട്ടടുത്ത കോച്ചില്‍ യാത്ര ചെയ്തിരുന്നയാളുടെ മൊഴിയാണ് നിര്‍ണായകമായത്. ട്രെയിന്‍ തൃശൂര്‍ വള്ളത്തോള്‍ നഗറിലൂടെ കടന്നുപോകവേ ഒരു കരച്ചില്‍ കേട്ടാണ് ഇദ്ദേഹം വാതില്‍ക്കല്‍ എത്തി നോക്കിയത്.

ALSO READ: ജയിലിലെ കമ്പി മുറിച്ചു തുടങ്ങിയത് 10 മാസം മുമ്പ്; ജയില്‍ മോചിതരില്‍ നിന്ന് ശേഖരിച്ച തുണികള്‍ ഉപയോഗിച്ച് വടമുണ്ടാക്കി; തടി കുറയ്ക്കാന്‍ ഭക്ഷണ ക്രമീകരണം: ഗോവിന്ദച്ചാമിയുടേത് സിനിമാ കഥകളെ വെല്ലുന്ന ആസൂത്രണം

ഒറ്റക്കയ്യനായ ഒരാള്‍ ട്രെയ്‌നില്‍ നിന്ന് ചാടി നിവരുന്നത് മാത്രം കണ്ടു. സാക്ഷിയായ വ്യക്തി അപായച്ചങ്ങല വലിക്കാന്‍ തുനിഞ്ഞെങ്കിലും, സഹയാത്രികര്‍ തടഞ്ഞു. ട്രെയിന്‍ ഷൊര്‍ണൂരില്‍ എത്തിയ ശേഷമാണ് സംഭവം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിനിടെ അവശനിലയിലായ പെണ്‍കുട്ടിയെ നാട്ടുകാര്‍ ട്രാക്കില്‍ കണ്ടെത്തി. പൊലീസിനെ അറിയിച്ച് ആശുപത്രിയിലാക്കി. പീഡനം നടന്നതായി പിന്നീടാണ് വ്യക്തമാകുന്നത്.

യാത്രക്കാരനായ സാക്ഷി പറഞ്ഞതുമായി കൂട്ടിച്ചേര്‍ത്ത് ക്രൈം സീന്‍ തയ്യാറാക്കി. അങ്ങിനെയാണ് ഒറ്റക്കയ്യനായ പ്രതിയെ തേടി പോലീസ് പരക്കം പാഞ്ഞത്. അടുത്ത ദിവസം പാലക്കാടിനടുത്ത് വച്ച് ഗോവിന്ദച്ചാമി റെയില്‍വേ പൊലീസിന്റെ പിടിയിലായി. അഞ്ചു ദിവസത്തോളം മരണത്തോട് മല്ലടിച്ച ശേഷം പെണ്‍കുട്ടി യാത്രയാവുകയും ചെയ്തു.

ഇടതു കൈപ്പത്തിയില്ലെന്നതാണ് ഗോവിന്ദച്ചാമിക്ക് പലപ്പോഴും കുരുക്കായത്. ആദ്യം പിടിയിലായതും കഴിഞ്ഞ ദിവസം ജയില്‍ ചാട്ടത്തിന് ശേഷം വഴിയാത്രികര്‍ തിരിച്ചറിഞ്ഞതും പ്രധാനമായും ഈ അടയാളം വച്ചാണ്. വധശിക്ഷയില്‍ ഇളവു കിട്ടാനും ഈ അംഗ പരിമിതി വച്ച് പ്രതിഭാഗം വാദിച്ചിട്ടുണ്ട്.

കൈപ്പത്തി നഷ്ടമായതെങ്ങനെയെന്നറിയാന്‍ 14 വര്‍ഷം മുമ്പ് കേരള പൊലീസ് നടത്തിയ അന്വേഷണം ഗോവിന്ദച്ചാമിയുടെ മറ്റൊരു സാഹസത്തിലേക്കാണ് വിരല്‍ ചൂണ്ടിയത്. ഗോവിന്ദച്ചാമിയുടെ വേരുകള്‍ തേടി ബലാത്സംഗ, കൊലക്കേസിലെ പ്രത്യേക അന്വേഷണ സംഘം തമിഴ്‌നാട് വിരുദുനഗര്‍ ജില്ലയിലെ ഒരു തിരുട്ടു ഗ്രാമത്തിലെത്തിയിരുന്നു. ഇയാള്‍ വളര്‍ന്ന പ്രദേശമാണിത്. അവിടുത്തെ നാട്ടുകാരാണ് പൊലീസിനോട് അക്കഥ പറഞ്ഞത്.

ഒരിക്കല്‍ ഒരു ഇടവഴിയില്‍ വച്ച് ഒരു സ്ത്രീയുടെ മാല പൊട്ടിച്ച ശേഷം ബൈക്കില്‍ പായുകയായിരുന്നു ഗോവിന്ദച്ചാമിയും കൂട്ടാളിയും. രക്ഷപ്പെടാനായി ബൈക്ക് അതിവേഗം ഹൈവേയിലേക്ക് എടുത്തപ്പോള്‍ അതിലൂടെ പാഞ്ഞു വന്ന ലോറിക്ക് അടിയില്‍പ്പെടുമെന്നായി. ബ്രേക്കിട്ടിട്ടും ബൈക്ക് നിയന്ത്രിക്കാന്‍ പറ്റാതായതോടെ പിന്നിലിരുന്നിരുന്ന ഗോവിന്ദച്ചാമി സ്വന്തം കൈ പിന്‍ചക്രത്തിലെ കമ്പികള്‍ക്കിടയില്‍ തിരുകി.

ബൈക്ക് സഡന്‍ ബ്രേക്കിട്ട പോലെ നില്‍ക്കുകയും ലോറി തലനാരിഴയ്ക്ക് കടന്നു പോവുകയും ചെയ്തു. രണ്ടു പേരുടെ ജീവന്‍ രക്ഷപ്പെട്ടെങ്കിലും ചാമിക്ക് കൈപ്പത്തി നഷ്ടമായി. കൃത്യസമയത്ത് മിന്നല്‍വേഗത്തില്‍ മനസ്സിലുദിക്കുന്ന തന്ത്രങ്ങള്‍, അത് എത്ര സാഹസികമായാലും ചെയ്യാനുള്ള ധൈര്യം ഇതൊക്കെയാണ് ഗോവിന്ദച്ചാമിയെന്ന ക്രിമിനലിനെ അപകടകാരിയാക്കുന്നത്.