നേപ്പാള്‍ അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് രണ്ട് ദിവസത്തെ പ്രക്ഷോഭങ്ങള്‍ക്ക് ശേഷം നേപ്പാളില്‍ സര്‍ക്കാര്‍ പുറത്തായതോടെ, ആയിരക്കണക്കിന് യുവജനങ്ങള്‍ തങ്ങളുടെ രാജ്യത്തിന്റെ അടുത്ത നേതാവിനെ തിരഞ്ഞെടുക്കാന്‍ ചൂടേറിയ ചര്‍ച്ചകളില്‍ പങ്കെടുത്തു.
|
പ്രധാന രാഷ്ട്രീയ പാര്‍ട്ടികളിലെ മുഖ്യധാരാ നേതാക്കളെ ജനങ്ങള്‍ക്ക് വിശ്വാസമില്ലായിരുന്നു. 2008-ല്‍ നേപ്പാള്‍ രാജഭരണം അവസാനിപ്പിച്ച് പുതിയ ഭരണഘടന അംഗീകരിച്ചതിന് ശേഷം മൂന്ന് പ്രധാന പാര്‍ട്ടികളിലായി 14 സര്‍ക്കാരുകളാണ് മാറിമാറി ഭരിച്ചത്.
എന്നാല്‍, സുരക്ഷാ സേന പ്രതിഷേധക്കാര്‍ക്ക് നേരെ നടത്തിയ ക്രൂരമായ അടിച്ചമര്‍ത്തലില്‍ 72 പേര്‍ കൊല്ലപ്പെട്ടതോടെ, രാജ്യത്തിന്റെ രാഷ്ട്രീയ വ്യവസ്ഥയിലുള്ള അവരുടെ വിശ്വാസം തകര്‍ന്നിരുന്നു. 30 ദശലക്ഷം ജനങ്ങളുള്ള രാജ്യത്തെ ഈ കുഴപ്പത്തില്‍ നിന്ന് കരകയറ്റാനും അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാതാക്കാനും കഴിയുന്ന ഒരു പൊതുസമ്മതനായ നേതാവിനെ അവര്‍ക്ക് വേണമായിരുന്നു. എന്നാല്‍, സാധാരണ ജനാധിപത്യ രാജ്യങ്ങള്‍ നേതാക്കളെ തിരഞ്ഞെടുക്കുന്ന രീതിയിലായിരുന്നില്ല അവരുടെ മാര്‍ഗം.
അങ്ങനെ, ഒരു ജനാധിപത്യ രാജ്യത്തിലും കേട്ടുകേള്‍വിയില്ലാത്ത ഒരു രീതിയിലൂടെ അവര്‍ നേപ്പാളിന്റെ അടുത്ത നേതാവിനെ തിരഞ്ഞെടുത്തു – യു.എസ് ആസ്ഥാനമായുള്ള, ഓണ്‍ലൈന്‍ ഗെയിമര്‍മാര്‍ പ്രധാനമായും ഉപയോഗിക്കുന്ന സൗജന്യ മെസേജിങ് പ്ലാറ്റ്ഫോമായ ഡിസ്‌കോര്‍ഡില്‍ നടത്തിയ ഒരു വെര്‍ച്വല്‍ വോട്ടെടുപ്പിലൂടെ.
പ്രക്ഷോഭത്തിന് പിന്നിലുള്ള ജെന്‍-സെഡ്(യുവ തലമുറ) ഗ്രൂപ്പായ ‘ഹാമി നേപ്പാള്‍’ ആണ് ഈ ഓണ്‍ലൈന്‍ കൂട്ടായ്മ സംഘടിപ്പിച്ചത്. അവര്‍ക്ക് 1,60,000-ത്തിലധികം അംഗങ്ങളുണ്ട്.
‘യൂത്ത് എഗെയ്ന്‍സ്റ്റ് കറപ്ഷന്‍’ എന്ന പേരില്‍ ഈ കൂട്ടായ്മ ഡിസ്‌കോര്‍ഡില്‍ ഒരു ചാനല്‍ നടത്തുന്നുണ്ട്. രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചൂടേറിയ ചര്‍ച്ചകള്‍ക്ക് നേപ്പാളി പ്രവാസികളടക്കം 10,000-ത്തിലധികം ആളുകള്‍ ഇതില്‍ ഒത്തുകൂടി. കൂടുതല്‍ ആളുകള്‍ക്ക് ലോഗിന്‍ ചെയ്യാന്‍ സാധിക്കാതെ വന്നപ്പോള്‍, ഏകദേശം 6,000 പേര്‍ക്ക് കൂടി ചര്‍ച്ച കാണുന്നതിനായി യൂട്യൂബില്‍ ലൈവ് സ്ട്രീമിങ് ഒരുക്കി.
പ്രക്ഷോഭ നേതാക്കള്‍ക്കുള്ള ചോദ്യോത്തരങ്ങളും, പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികളായി സാധ്യതയുള്ളവരുമായി തത്സമയം ബന്ധപ്പെടാനുള്ള ശ്രമങ്ങളും ഉള്‍പ്പെടെ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം, പങ്കെടുത്തവര്‍ നേപ്പാളിനെ നയിക്കാന്‍ മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സുശീല കാര്‍ക്കിയെ തിരഞ്ഞെടുത്തു. 73 വയസ്സുകാരിയായ അവര്‍ വെള്ളിയാഴ്ച രാജ്യത്തിന്റെ ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
എങ്കിലും, നേപ്പാളിന്റെ പരിവര്‍ത്തനം തുടങ്ങുന്നതേയുള്ളൂവെന്നും, നേതാവിനെ തിരഞ്ഞെടുക്കാന്‍ പ്രതിഷേധക്കാര്‍ സ്വീകരിച്ച ഈ സമീപനം ജനാധിപത്യത്തിന്റെ പുതിയൊരു പരീക്ഷണം കൂടിയാണ് ചൂണ്ടിക്കാട്ടുന്നതെന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. ഇതിന് നേട്ടങ്ങളും അപകടസാധ്യതകളുമുണ്ട്.
അഭിപ്രായ സമന്വയത്തിന് വഴിതേടി

അടച്ചിട്ട മുറികള്‍ക്കുള്ളില്‍ രാഷ്ട്രീയക്കാര്‍ നേതാക്കളെ തിരഞ്ഞെടുക്കുന്ന പരമ്പരാഗത രീതിക്ക് വിപ്ലവകരമായ ഒരു മറുപടിയായിരുന്നു ഡിസ്‌കോര്‍ഡ് ചര്‍ച്ചയെന്ന് ഈ രീതിയെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു. കാരണം, പരമ്പരാഗത രീതിയില്‍ സുതാര്യത വളരെ കുറവായിരുന്നു.
ഡിസ്‌കോര്‍ഡ് ഉപയോക്താക്കളെ ടെക്സ്റ്റ്, വോയ്സ് കോളുകള്‍, വീഡിയോ കോളുകള്‍, മീഡിയ ഷെയറിങ് എന്നിവ വഴി ബന്ധപ്പെടാന്‍ സഹായിക്കുന്നു. ഇത് ഡയറക്ട് മെസേജുകളിലൂടെയോ അല്ലെങ്കില്‍ സെര്‍വറുകള്‍ എന്നറിയപ്പെടുന്ന കമ്മ്യൂണിറ്റി സ്‌പേസുകളിലൂടെയോ ആശയവിനിമയം സാധ്യമാക്കുന്നു. നേരത്തെ, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍, യൂട്യൂബ് എന്നിവയുള്‍പ്പെടെയുള്ള രണ്ട് ഡസനടുത്ത് ജനപ്രിയ ആപ്ലിക്കേഷനുകള്‍ക്കൊപ്പം സര്‍ക്കാര്‍ നിരോധിച്ച പ്ലാറ്റ്ഫോമുകളിലൊന്നായിരുന്നു ഇതും.
ഈ നിരോധനം പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലിയുടെ സര്‍ക്കാരിനെതിരായ രാജ്യവ്യാപക പ്രക്ഷോഭത്തിന് തിരികൊളുത്തിയ അവസാന കാരണമാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. യുവജനങ്ങളുടെ താല്‍പര്യങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്നും, വ്യാപകമായ അഴിമതിയും സ്വജനപക്ഷപാതവുമാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്നും പ്രക്ഷോഭകര്‍ ആരോപിച്ചു.
ചൊവ്വാഴ്ച പതിനായിരക്കണക്കിന് യുവപ്രതിഷേധകര്‍ തെരുവിലിറങ്ങുകയും, പാര്‍ലമെന്റും ഉന്നത രാഷ്ട്രീയക്കാരുടെ വസതികളും ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ കെട്ടിടങ്ങള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തു. ഇതാണ് ഒലിയുടെ രാജിയിലേക്കു നയിച്ചത്. വെള്ളിയാഴ്ച, പ്രസിഡന്റ് രാംചന്ദ്ര പൗഡെല്‍ പാര്‍ലമെന്റ് പിരിച്ചുവിടുകയും മാര്‍ച്ചില്‍ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു.
അതിനിടെയാണ് മാര്‍ച്ച് വരെ തങ്ങളുടെ രാജ്യത്തെ ആര് നയിക്കണം എന്ന് തീരുമാനിക്കാന്‍ നേപ്പാളിലെ ജെന്‍-സെഡ് പ്രതിഷേധക്കാര്‍ ഡിസ്‌കോര്‍ഡിനെ ആശ്രയിച്ചത്. ആഴ്ചയുടെ തുടക്കത്തില്‍ നടന്ന കൊലപാതകങ്ങള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയ നിരോധനം നീക്കിയിരുന്നു.
മൊബൈല്‍ സ്‌ക്രീനുകളിലെ വെര്‍ച്വല്‍ വോട്ടെടുപ്പുകള്‍ തത്സമയം ഇടക്കാല നേതാവിനെ നാമനിര്‍ദ്ദേശം ചെയ്യാന്‍ പങ്കെടുത്തവരെ സഹായിച്ചു. ഇത് ഡിജിറ്റല്‍ ജനാധിപത്യത്തിലെ ഒരു സമൂലമായ പരീക്ഷണത്തിന് തുടക്കമിട്ടു.
ജോലി, പോലീസ്, സര്‍വകലാശാലാ പരിഷ്‌കാരങ്ങള്‍, സര്‍ക്കാര്‍ ആരോഗ്യ പരിരക്ഷയുടെ അവസ്ഥ എന്നിങ്ങനെ നേപ്പാള്‍ ഇപ്പോള്‍ നേരിടേണ്ടി വരുന്ന നിരവധി വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഓണ്‍ലൈനില്‍ നടന്നു. ഇതിനിടയില്‍, അടുത്ത നേതാവ് എന്ന പ്രധാന വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മോഡറേറ്റര്‍മാര്‍ പങ്കെടുത്തവരോട് ആവശ്യപ്പെട്ടു.
അവസാന വോട്ടെടുപ്പിനായി അഞ്ച് പേരുകളാണ് ഷോര്‍ട്ട്ലിസ്റ്റ് ചെയ്തത്: കിഴക്കന്‍ നഗരമായ ധരനിലെ മേയറും സാമൂഹിക പ്രവര്‍ത്തകനുമായ ഹര്‍ക്ക സാംപാങ്; നാഷണല്‍ ഇന്നൊവേഷന്‍ സെന്റര്‍ നടത്തുന്ന ജനപ്രിയ സാമൂഹിക പ്രവര്‍ത്തകന്‍ മഹാബീര്‍ പുന്‍; 2022-ല്‍ ശക്തനായ നേപ്പാളി കോണ്‍ഗ്രസ് നേതാവ് ഷേര്‍ ബഹാദൂര്‍ ദേബുവുമായി മത്സരിച്ച സ്വതന്ത്ര രാഷ്ട്രീയക്കാരനായ സാഗര്‍ ധാക്കല്‍; ‘റാന്‍ഡം നേപ്പാളി’ എന്ന യൂട്യൂബ് ചാനലിലൂടെ ജെന്‍-സെഡ് പ്രതിഷേധക്കാര്‍ക്ക് ഉപദേശം നല്‍കിയിരുന്ന അഭിഭാഷകന്‍ രാഷ്ട്ര വിമോഷന്‍ തിമല്‍സിന; പിന്നെ കാര്‍ക്കി.
വോട്ടെടുപ്പില്‍ വിജയിച്ച കാര്‍ക്കി, 2016 മുതല്‍ 2017 വരെയുള്ള തന്റെ ഹ്രസ്വകാല ചീഫ് ജസ്റ്റിസ് പദവിയില്‍ ഒരു സ്വതന്ത്ര നീതിന്യായ വ്യവസ്ഥയ്ക്കായി നിലകൊണ്ടിരുന്നു. 2012-ല്‍, അവരും മറ്റൊരു സുപ്രീം കോടതി ജഡ്ജിയും ഒരു മന്ത്രിയെ അഴിമതിക്കേസില്‍ തടവിലിട്ടിരുന്നു. 2017-ല്‍, പോലീസ് മേധാവിയായി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചയാളെ തള്ളിക്കളഞ്ഞതിനെത്തുടര്‍ന്ന് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് അവരെ ഇംപീച്ച് ചെയ്യാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു.
ഈ ചരിത്രമാണ് ഡിസ്‌കോര്‍ഡ് വോട്ടര്‍മാരെ കര്‍ക്കിക്ക് അനുകൂലമാക്കി മാറ്റിയത്.


