നവജാതശിശുക്കളെ വാങ്ങുകയും വില്‍ക്കുകയും ചെയ്തിരുന്ന സംഘം പൊലീസ് പിടിയില്‍. ഡല്‍ഹി, പഞ്ചാബ് സംസ്ഥാനങ്ങളില്‍ നിന്നാണ് പൊലീസ് കുട്ടികളെ കടത്തിയിരുന്ന സംഘത്തെ പൊക്കിയത്. അഞ്ച് സ്ത്രീകളും മൂന്നു പുരുഷന്മാരുമാണ് പിടിയിലായത്. സംഘത്തിന്റെ പക്കലുണ്ടായിരുന്ന 15 ദിവസം പ്രായമുള്ള കുഞ്ഞിനെയും പൊലീസ് രക്ഷിച്ചു.(human trafficking team caught by police newborn baby rescued)
|
ബെഗുംപുര് പൊലീസ് സ്റ്റേഷനില്‍ ഫെബ്രുവരി 20നാണ് കുട്ടിക്കടത്ത് സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം തങ്ങിയിരുന്ന വീട്ടില്‍ എത്തുമ്പോള്‍ രണ്ടുസ്ത്രീകളും വില്‍ക്കാനുള്ള നവജാതശിശുവും ഇവിടെയുണ്ടായിരുന്നു. സ്ത്രീകളെ ചോദ്യംചെയ്തെങ്കിലും കുഞ്ഞിനെ സംബന്ധിച്ച് വ്യക്തമായ മറുപടി നല്കാന് ഇവര്‍ക്കായില്ല. കൂടുതല്‍ ചോദ്യംചെയ്യലില്‍ കുഞ്ഞിനെ വില്‍ക്കാനുള്ളതാണെന്ന് ഇവര്‍ വെളിപ്പെടുത്തുകയും സംഘത്തിലെ മറ്റുള്ളവരെ പിടികൂടുകയുമായിരുന്നു.
പഞ്ചാബിലെ മുക്ത്സറില് നിന്ന് അമ്പതിനായിരം രൂപയ്ക്ക് വാങ്ങിയതാണ് കുഞ്ഞിനെയെന്ന് സംഘം പൊലീസിനോടു പറഞ്ഞു. വടക്കേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നാണ് തങ്ങള്‍ നവജാതശിശുക്കളെ വാങ്ങി കുട്ടികളെ ആവശ്യമുള്ളവര്‍ക്ക് വിറ്റിരുന്നതെന്നും സംഘം പറഞ്ഞു. പത്തുമുതല്‍ 15 ലക്ഷം രൂപയ്ക്കു വരെയായിരുന്നു സംഘം കുഞ്ഞുങ്ങളെ വിറ്റിരുന്നതെന്നും ഫെബ്രുവരി പത്തിന് ആണ് അവസാന വില്‍പ്പന നടത്തിയതെന്നും പൊലീസ് കണ്ടെത്തി.





