മംഗലാപുരത്ത് മഹല്ല് സെക്രട്ടറിയായ അബ്ദുല്‍ റഹീമിനെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ നേതൃത്വത്തില്‍ വെട്ടിക്കൊന്ന സംഭവത്തില്‍ നടപടികളുണ്ടാവാത്തതില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് മുസ് ലിംകള്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. ന്യൂനപക്ഷങ്ങള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പരാജയമാണെന്നു ചൂണ്ടിക്കാട്ടിയാണ് രാജി.
|
മംഗളുരു മുന്‍ മേയറും ദക്ഷിണ കന്നഡ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പ്രസിഡന്റുമായ കെ അഷറഫ് അടക്കമുള്ളവരാണ് രാജിവച്ചത്. അബ്ദുല്‍ റഹീമിനെ വധിച്ചവര്‍ക്കെതിരേ കടുത്ത നടപടി ആവശ്യപ്പെട്ട് സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പങ്കെടുത്ത ശേഷമായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂട്ടരാജി.
കോള്‍ട്ടമജലു ജുമുഅ മസ്ജിദ് സെക്രട്ടറിയും പിക്കപ്പ് ഡ്രൈവറുമായ അബ്ദുറഹീ(32)മിനെ കഴിഞ്ഞ ദിവസമാണ് ബൈക്കുകളിലെത്തിയ 15 അംഗ സംഘം വെട്ടിക്കൊന്നത്. ഈ സമയം റഹീമിനൊപ്പമുണ്ടായിരുന്ന കലന്ദര്‍ ഷാഫി(29)ക്കും വെട്ടേറ്റിരുന്നു. മണല്‍ ഇറക്കാനായി റഹീമിനെ വിളിച്ചുവരുത്തിയായിരുന്നു കൊലപാതകം.
വിശ്വഹിന്ദു പരിഷത്ത് നേതാവും സൂറത് കല്‍ ഫാസില്‍ വധക്കേസിലെ മുഖ്യപ്രതിയുമായ സുഹാസ് ഷെട്ടി കൊല്ലപ്പെട്ട് ഒരു മാസം പിന്നിടുന്നതിനിടെയാണ് അബ്ദുല്‍റഹീം കൊല്ലപ്പെട്ടത്. സുഹാസ് ഷെട്ടി കൊല്ലപ്പെട്ടതിനു പിന്നാലെ മേഖലയില്‍ നിരവധി മുസ് ലിം യുവാക്കളെ കൊലപ്പെടുത്താനുള്ള ശ്രമം നടന്നിരുന്നു.
ഇതിനു പിന്നാലെയാണ് ഒരു രാഷ്ട്രീയപാര്‍ട്ടിയിലും അംഗമല്ലാത്ത അബ്ദുല്‍ റഹീമിനെ സുഹൃത്തായ ആര്‍എസ്എസ് പ്രവര്‍ത്തകനടക്കമുള്ള സംഘം വെട്ടിക്കൊന്നത്. പ്രായമായ മാതാപിതാക്കളും ഭാര്യയും രണ്ടുമക്കളുമടങ്ങുന്ന കുടുംബത്തിലെ ഏക അത്താണിയായിരുന്നു അബ്ദുല്‍ റഹീം. യുവാവിന്റെ വീടിന്റെ നിര്‍മാണവും പാതിവഴിയിലാണ്. കൊലപാതകികളെ പിടിച്ച് അവര്‍ക്ക് പരമാവധി ശിക്ഷ വാങ്ങിനല്‍കണമെന്ന് അബ്ദുല്‍ റഹീമിന്റെ പിതാവ് ആവശ്യപ്പെട്ടു.
അതേസമയം മേഖലയിലെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കാനും പ്രതികാര കൊലപാതകങ്ങള്‍ക്ക് അറുതിവരുത്തുന്നതിനും കമ്മ്യൂണല്‍ വയലന്‍സ് കണ്‍ട്രോള്‍ ഫോഴ്‌സിന് രൂപം നല്‍കാനും കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉത്തരവിട്ടു. അബ്ദുല്‍റഹീം വധവുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്നുപേരെ അറസ്റ്റ് ചെയ്തതായും അധികൃതര്‍ അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





