28
Jul 2024
Sat
28 Jul 2024 Sat
Hindutwa organization supporting Israel

ഭോപ്പാല്‍: ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവര്‍ക്കെതിരെ ഭീഷണി മുഴക്കി സംഘപരിവാര പ്രവര്‍ത്തകര്‍. മധ്യപ്രദേശില്‍ ഇസ്രായേലിനെതിരെ ശബ്ദിക്കുന്നവരെ കൊല്ലുമെന്നും ആക്രമിക്കുമെന്നുമാണ് ഭീഷണി. ഇസ്രായേലി പതാകകളുമായാണ് ഇവര്‍ ജാഥ നടത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജൂലൈ 18ന് മധ്യപ്രദേശിലെ ഖാണ്ഡവയിലാണ് സംഭവം നടന്നത്. 17 ന് ഖാണ്ഡവയില്‍ നടന്ന മുഹറം ഘോഷയാത്രക്കിടെ യുവാക്കള്‍ ഫലസ്തീന്‍ പതാക വീശിയിരുന്നു. ഇതിനെതിരേ ബജ്‌റംഗ്ദള്‍ ഉള്‍പ്പെടെയുള്ള സംഘപരിവാര സംഘടനകള്‍ രംഗത്തെത്തിയിരുന്നു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ ഹിന്ദുത്വ വാദികള്‍ ഫലസ്തീന്‍ അനുകൂലികള്‍ക്കെതിരെ ഭീഷണി ഉയര്‍ത്തുന്നതായി കേള്‍ക്കാം.

ഫലസ്തീന്‍ പതാക ഇസ്രായേലുമായി യുദ്ധം ചെയ്യുന്ന ഹമാസിനെയാണ് പ്രതിനിധീകരിക്കുന്നതെന്നും ഫലസ്തീനെ പിന്തുണക്കുന്നവര്‍ ദേശവിരുദ്ധരാണെന്നും ഹിന്ദുത്വ സംഘടനാ നേതാവായ അശോക് പലിവാള്‍ പറഞ്ഞു. ഇതിനുപിന്നാലെ ഘോഷയാത്രക്കെതിരെ സംഘം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

തുടക്കത്തില്‍ കേസെടുക്കാന്‍ പോലീസ് തയ്യാറായില്ല. ഇന്ത്യയുടെ സൗഹൃദ രാജ്യമായ ഫലസ്തീന്റെ പതാക വീശുന്നത് കുറ്റകരല്ലെന്ന നിലപാടിലായിരുന്നു പോലീ.് എന്നാല്‍ ഹിന്ദുത്വ വാദികളുടെ സമ്മര്‍ദത്തില്‍ പൊലീസ് കേസെടുക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. 197 ബി.എന്‍.എസ് (ഐ.പി.സി 153) വകുപ്പ് പ്രകാരമാണ് യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

ദിവസങ്ങള്‍ക്ക് മുമ്പ് ഫലസ്തീന്‍ പതാക വീശിയതിനെ തുടര്‍ന്ന് ബീഹാറിലെ നവാഡയില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ധമൗളയില്‍ നടന്ന മുഹറം ഘോഷയാത്രയിലാണ് ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച് പതാക വീശിയത്. ജൂലൈ ഒമ്പതിന് ഉത്തര്‍പ്രദേശിലെ ഭദോഹിയില്‍ നടന്ന മുഹറം ഘോഷയാത്രയില്‍ ഫലസ്തീന്‍ പതാക വീശിയതിന് 20 കാരനായ ഒരു കടയുടമയെ യു.പി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.