26
Jun 2025
Sun
26 Jun 2025 Sun
UP Saharanpoor Bulldozer raj

ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ നിര്‍മാണത്തിലിരിക്കുന്ന മസ്ജിദ് ജില്ലാ പഞ്ചായത്ത് ഭരണകൂടം തകര്‍ത്തു. ( In Uttar Pradesh’s Saharanpur, mosque demolished ) നകൂര്‍ ബ്ലോക്കിലെ ഭോജ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ ഒരു മാസമായി പള്ളിയുടെ നിര്‍മാണം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒരു നോട്ടീസ് പോലും നല്‍കാതെയാണ് മസ്ജിദ് തകര്‍ത്തതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. മസ്ജിദ് തകര്‍ക്കും മുമ്പ് എസ്ഡിഎം നോട്ടീസ് നല്‍കിയിട്ടില്ലെന്ന് സഹാറന്‍പൂര്‍ കോണ്‍ഗ്രസ് എംപി ഇംറാന്‍ മസൂദ് പറഞ്ഞു. ആരാധനാലയം നിിര്‍മിക്കുന്നതിന് മുന്‍കൂര്‍ അനുമതി വേണമെന്ന് 1863ലെ റിലീജിയസ് എന്‍ഡോവ്‌മെന്റ് ആക്ടില്‍ പറയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാപ്പിന് അംഗീകാരമില്ലെന്നും മറ്റ് നടപടിക്രമങ്ങളും ചൂണ്ടിക്കാട്ടി നേരത്തേ മസ്ജിദിന്റെ നിര്‍മാണം എസ്എച്ചഒ നിര്‍ത്തിവയ്പ്പിച്ചിരുന്നുവെന്ന് ഭോജ്പൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വാജിദ് അലി പറഞ്ഞു. തുടര്‍ന്ന് ഗ്രാമവാസികള്‍ അംഗീകാരത്തിനായി ജില്ലാ പഞ്ചായത്തിനെ സമീപിച്ചെങ്കിലും നിഷേധിച്ചു. ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ജില്ലാ മജിസ്‌ട്രേറ്റ് ആണെന്നായിരുന്നു ജില്ലാ പഞ്ചായത്ത് നിലപാട്.

ALSO READ: വെടിനിര്‍ത്തല്‍ കരാര്‍: 60 ദിവസം മൂന്ന് ഘട്ടങ്ങളിലായി 10 ബന്ദികളെ മോചിപ്പിക്കാമെന്ന വാഗ്ദാനവുമായി ഹമാസ്

ഈ മാസം ഫെബ്രുവരിയില്‍ ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസില്‍ ഗ്രാമവാസികള്‍ അപേക്ഷ നല്‍കിയിരുന്നു. ഔദ്യോഗികമായി മറുപടി ഒന്നും നല്‍കിയില്ലെങ്കിലും ജില്ലാ പഞ്ചായത്തിലെ അപാര്‍ മുഖ്യ അധികാരിയുമായി സംസാരിക്കാന്‍ വാക്കാല്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

ചെറിയൊരു ആരാധനാലയം ആയതിനാല്‍ നിര്‍മാണവുമായി മുന്നോട്ട് പോകാമെന്നായിരുന്നു അപാര്‍ മുഖ്യ അധികാരി ഗ്രാമീണരോട് പറഞ്ഞത്.

എന്നാല്‍, മെയ് 29ന് രാവിലെ 11 മണിക്ക് എസ്ഡിഎം സദര്‍ സുബോധ് കുമാര്‍, എഎസ്പി മനോജ് യാദവ്, ജില്ലാ പഞ്ചായത്ത് ജെഇ അദേശ് കുമാര്‍ തുടങ്ങിയവര്‍ മൂന്ന് ബുള്‍ഡോസറുകളുമായി നിര്‍മാണ സ്ഥലത്തെത്തുകയായിരുന്നു. വലിയ പോലീസ് സാന്നിധ്യത്തില്‍ മസ്ജിദ് തകര്‍ക്കുകയും ചെയ്തു.

ഈ സ്ഥലത്ത് പ്രദേശവാസികള്‍ നമസ്‌കാരം നിര്‍വഹിക്കാറുണ്ടായിരുന്നു. 2023ല്‍ രണ്ട് സഹോദരങ്ങളാണ് മസ്ജിദ് നിര്‍മിക്കാന്‍ ആവശ്യമായ ഭൂമി നല്‍കിയത്. തുടര്‍ന്ന് ടിന്ന് കൊണ്ട് താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ സ്ഥലത്താണ് നമസ്‌കാരം നിര്‍വഹിച്ചിരുന്നത്.

ഒരു വര്‍ഷം മുമ്പാണ് മസ്ജിദ് നിര്‍മാണം ആരംഭിച്ചത്. താഴത്തെ നിലയുടെ നിര്‍മാണം പുരോഗമിക്കവേയാണ് അധികൃതര്‍ ഇത് തകര്‍ത്തത്. മസ്ജിദ് നിര്‍മാണം പ്രദേശത്തെ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുമെന്ന എസ്എച്ചഒയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മസ്ജിദ് തകര്‍ത്തതെന്നാണ് എസ്ഡിഎമ്മിന്റെ വിശദീകരണം.