അമേരിക്കന്‍ മധ്യസ്ഥതയില്‍ തയ്യാറാക്കിയ വെടിനിര്‍ത്തല്‍ കരാറില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ച് ഹമാസ്. (Gaza Ceasefire agreement: Hamas promises to release 10 hostages in three phases over 60 days) 13 നിര്‍ദേശങ്ങളാണ് ഹമാസ് മുന്നോട്ട് വച്ചതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപോര്‍ട്ട് ചെയ്തു. 60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായേല്‍ പാലിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉറപ്പ് നല്‍കണമെന്നും ഹമാസ് നിര്‍ദേശങ്ങളില്‍ പറയുന്നു.
|
10 ഇസ്രായേലി ബന്ദികളെയും 18 മൃതദേഹങ്ങളും മൂന്ന് ഘട്ടങ്ങളായി കൈമാറാമെന്നാണ് ഹമാസിന്റെ നിര്‍ദേശം. ആദ്യ ദിനത്തില്‍ നാല് പേര്‍, 30ആം ദിവസത്തില്‍ രണ്ടു പേര്‍, 60ആം ദിവസത്തില്‍ നാലു പേര്‍ എന്നിങ്ങനെയാണ് ബന്ദികളെ മോചിപ്പിക്കുക. 10ആം ദിവസവും 30ആം ദിവസവും 50ആം ദിവസവും ആറ് വീതം മൃതദേഹങ്ങളും വിട്ടുനല്‍കും.
ഇതിന് പകരമായി 2025 മാര്‍ച്ച 2ന് മുമ്പുണ്ടായിരുന്ന പൊസിഷനുകളിലേക്ക് ഇസ്രായേല്‍ പിന്മാറണം.
ട്രമ്പിന്റെ പശ്ചിമേഷ്യന്‍ ദൂതന്‍ സ്റ്റീഫ് വിറ്റ്‌കോഫ് വ്യക്തതയോ കൃത്യമായ ഉറപ്പുകളോ ഇല്ലാത്ത കരാര്‍ നടപ്പിലാക്കുവാന്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്ന് ഫലസ്തീന്‍ വൃത്തങ്ങള്‍ ആരോപിച്ചു. ദുഷ്ട ലാക്കോട് കൂടിയ ഈ കരാര്‍ അനുരഞ്ജന ചര്‍ച്ചകള്‍ തകര്‍ക്കുമെന്നും അവര്‍ വ്യക്തമാക്കി.
ആദ്യ ആഴ്ച്ച തന്നെ ബന്ദികളെ മുഴുവന്‍ മോചിപ്പിക്കണമെന്ന വിറ്റ്‌കോഫിന്റെ നിര്‍ദേശം സംശയാസ്പദമാണ്. ബന്ദികളെ മോചിപ്പിക്കുന്നതോട് കൂടി ഇസ്രായേല്‍ പൂര്‍ണ യുദ്ധത്തിലേക്ക് വീണ്ടും മടങ്ങുമെന്നാണ് മുന്‍കാല അനുഭവങ്ങള്‍ തെളിയിക്കുന്നതെന്നും ഫലസ്തീന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.


