ഗസയിൽ കരയുദ്ധത്തിനിറങ്ങി കാഴ്ചശക്തി നഷ്ടമാവുന്ന ഇസ്രായേൽ സൈനികരുടെ എണ്ണം വർധിക്കുന്നതായി റിപോർട്ട്. ഇതുവരെ 87 ഇസ്രായേൽ സൈനികരാണ് യുദ്ധത്തിൽ കൊല്ലപ്പെട്ടതെന്നാണ് ഇസ്രായേൽ സൈന്യം പുറത്തുവിട്ട ഔദ്യോഗിക കണക്ക്. ഇതിനു പുറമേയാണ് യുദ്ധരംഗത്ത് കാഴ്ചശക്തി നഷ്ടമാവുന്ന സൈനികരുടെ കണക്കുകൾ കൂടി പുറത്തുവന്നിരിക്കുന്നത്.
|
ഹമാസ് പോരാളികളെ നേരിടുന്നനു മതിയായ സുരക്ഷാ ഉപകരണങ്ങളില്ലാത്തതിനാലാണ് കണ്ണിന് പരിക്കേറ്റ് കാഴ്ചശക്തി നഷ്ടമാവുന്നവരുടെ എണ്ണം വർധിക്കുന്നതെന്ന് ഇസ്രായേൽ സൈനികർ ആരോപിച്ചിരുന്നു. കണ്ണിനെ സംരക്ഷിക്കുന്ന ഉപകരണങ്ങൾ സൈനികർക്കും ലഭിച്ചിട്ടില്ലെന്നും ഇതിനാൽ യുദ്ധത്തിനിടെ വെടിയുതിർക്കുമ്പോൾ വെടിയുണ്ടയുടെ കോയിൽ തെറിച്ചും ഹമാസ് പോരാളികളുടെ വെടിയുണ്ടകൾ തറച്ചുമൊക്കെ കാഴ്ച ശക്തി നഷ്ടമാവുന്നതെന്നാണ് ഇസ്രായേൽ സൈനികരുടെ പരാതി. സുരക്ഷാഉപകരണങ്ങളുടെ കുറവു വരുത്തിയിട്ടില്ലെന്നാണ് സൈന്യത്തിന്റെ വിശദീകരണം.
40 സൈനികരെയാണ് കണ്ണിന് പരിക്കേറ്റ് ബീർഷബയിലെ സരോക മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് ജറുസലേം പോസ്റ്റ് റിപോർട്ട് ചെയ്തു. കണ്ണിന് പരിക്കേറ്റവരിൽ 15 ശതമാനം സൈനികർക്കും ഇരുകണ്ണുകളുടെയും കാഴ്ച നഷ്ടമായതായാണ് റിപോർട്ട്. ഈ ആഴ്ച മാത്രം അഞ്ചുസൈനികരെയാണ് കണ്ണിന് പരിക്കേറ്റ് ആശുപത്രിലെത്തിച്ചത്. ഇവരിൽ രണ്ടുപേരെ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി. അതേസമയം ഇസ്രായേൽ സൈന്യം പുറത്തുവിടുന്ന കണക്കുകൾ പ്രകാരം 87 സൈനികരാണ് മരിച്ചതെങ്കിലും ഹമാസിന്റെ ആക്രമണവീഡിയോകൾ പുറത്തുവന്നത് വച്ച് മരണസംഖ്യ ഇതിന്റെ അനേക ഇരട്ടികൾ വരും.


