ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ ദിനത്തില്‍ ഇവിഎമ്മിലും ഫല പ്രഖ്യാപനത്തിലും തിരിമറികള്‍ നടക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് പ്രതിരോധ തന്ത്രങ്ങളൊരുക്കി ഇന്ത്യ മുന്നണി. (India alliance leaders met with election commission to ensure transparency in vote counting0വോട്ടെണ്ണല്‍ ദിനത്തില്‍ സുതാര്യത ഉറപ്പാക്കാന്‍ സജ്ജീകരണങ്ങള്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ മുന്നണി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമീഷനെ കണ്ടു. തപാല്‍ വോട്ടുകള്‍ മുന്‍കൂട്ടി എണ്ണി പ്രഖ്യാപിക്കണമെന്ന് നേതാക്കള്‍ കമ്മീഷനോട് ആവശ്യപ്പെട്ടു.
|
നേരത്തെ വോട്ടിങ് യന്ത്രങ്ങള്‍ എണ്ണിയതിന് ശേഷം തപാല്‍ വോട്ടുകള്‍ എണ്ണിയിട്ടുണ്ട്. എന്നാല്‍ അത്തരം സാഹചര്യം ഇനി ഉണ്ടാകരുതെന്നാണ് കമീഷനോട് ആവശ്യപ്പെട്ടതെന്ന് നേതാക്കള്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് കമീഷന് തങ്ങളെ ക്ഷമയോടെ കേട്ടെന്നും ശക്തമായ നടപടിക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്വി പറഞ്ഞു.
ഡി.രാജ (സി.പി.ഐ), അഭിഷേക് മനു സിങ്വി (കോണ്‍ഗ്രസ്), സീതാറാം യെച്ചൂരി (സി.പി.എം) എന്നിവരാണ് കമീഷനെ കണ്ടത്. കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്, പിയൂഷ് ഗോയല്‍ എന്നിവരുള്‍പ്പെടെയുള്ള ബി.ജെ.പി പ്രതിനിധി സംഘവും തെരഞ്ഞെടുപ്പ് കമീഷനുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
കൃത്രിമം തടയുന്നതിനെ പാര്‍ട്ടി നേതൃത്വത്തെ ജാഗരൂകരാക്കാന്‍ കോണ്‍ഗ്രസ് നേതാക്കളും സജീവമായി രംഗത്തുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മുന്‍ എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമാണ് ഇതിന് നേതൃത്വം നല്‍കുന്നത്. പാര്‍ട്ടിയുടെ ലോക്സഭ സ്ഥാനാര്‍ഥികളുമായും നിയമസഭ കക്ഷി നേതാക്കളുമായും സംസ്ഥാന യൂണിറ്റ് മേധാവികളുമായും ഇരുവരും വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ചര്‍ച്ച നടത്തി. വോട്ടെണ്ണല്‍ ദിവസം അട്ടിമറി ശ്രമങ്ങള്‍ തടയാന്‍ ജാഗ്രത പാലിക്കാനും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനുമാണ് കൂടിക്കാഴ്ച്ചയില്‍ ആവശ്യപ്പെട്ടത്.
ഇന്ത്യ മുന്നണിയുടെ ആത്മവിശ്വാസം കെടുത്താനും വോട്ടെണ്ണല്‍ ദിനത്തിലെ ജാഗ്രത ഇല്ലാതാക്കാനും വേണ്ടി വ്യാജ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിടുമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗോദി മീഡിയകള്‍ ബിജെപിക്ക് അനുകൂലമായ ഫലം പുറത്തുവിടുമെന്നും അതില്‍ വിശ്വസിച്ച് അലസരായിരിക്കരുതെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്.





