30
Jul 2023
Sat
30 Jul 2023 Sat

‘ഇന്ത്യ’ മുന്നണിയുടെ മുംബൈ യോഗം 25നും 26നും; 11 അംഗ കമ്മിറ്റി നിലവില്‍വരും; സീറ്റ് ഷെയറിങ്ങും ചര്‍ച്ച

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: ബി.ജെ.പിയെ നേരിടാനായി രൂപീകരിച്ച പ്രതിപക്ഷകൂട്ടായ്മയായ ‘ഇന്ത്യ’ യുടെ അടുത്ത യോഗം ഓഗസ്റ്റ് 25നും 26നും. ഈ മാസമാദ്യം ബെംഗളൂരുവില്‍ചേര്‍ന്ന പ്രതിപക്ഷകക്ഷികളുടെ സമ്മേളനത്തില്‍ അടുത്ത യോഗം മുംബൈയില്‍ നടത്താന്‍ തീരുമാനിച്ചിരുന്നുവെങ്കിലും തീയതി നിശ്ചയിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോഴാണ് തീയതിയുടെ കാര്യത്തില്‍ തീരുമാനമായത്. മുംബൈ സമ്മേളനത്തില്‍വച്ച് തെരഞ്ഞെടുക്കുന്ന 11 അംഗസമിതിയാവും ‘ഇന്ത്യ’യുടെ തുടര്‍നീക്കങ്ങള്‍ നടത്തുക. 11 അംഗ കോര്‍ഡിനേഷന്‍ കമ്മിറ്റിക്ക് പുറമെ മുന്നണിയിലെ എല്ലാം പാര്‍ട്ടികള്‍ക്കും പ്രാതിനിധ്യമുള്ള ജോയിന്റ് സെക്രട്ടറിയേറ്റും രൂപീകരിക്കും. ഡല്‍ഹിക്ക് പുറത്ത് സെക്രട്ടറിയേറ്റും രൂപീകരിക്കും. ‘ഇന്ത്യ’ കമ്മിറ്റി എന്നാകും ഇതിന്റെ പേര്. കൂടാതെ പ്രചാരണ കമ്മിറ്റി, മീഡിയ കമ്മിറ്റി എന്നിങ്ങനെ ഉപസമിതികളും രൂപീകരിക്കും. സീറ്റ് ഷെയറിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങളും മുംബൈ യോഗത്തില്‍ ചര്‍ച്ചയാകും.

മുംബൈ സമ്മേളനത്തില്‍ 11 അംഗ കോര്‍ഡിനേഷന്‍ കമ്മിറ്റിയെ തെരഞ്ഞെടുക്കുമെന്നും അംഗങ്ങളും കണ്‍വീനറും ആരാണെന്നത് കൂട്ടായ തീരുമാനത്തിലൂടെ കൈക്കൊള്ളുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയിച്ചു.
സാമൂഹിക, സാമ്പത്തിക വിഷയങ്ങളിലുള്‍പ്പെടെ വിരുദ്ധചേരികളിലുള്ള കക്ഷികളുള്‍പ്പെട്ട ‘ഇന്ത്യ’ക്കായി പൊതുമിനിമം പരിപാടിക്ക് രൂപംനല്‍കുകയാണ് മുംബൈ സമ്മേളനത്തിലെ മറ്റൊരു പ്രധാന അജണ്ട.

കഴിഞ്ഞ ബംഗളൂരു സമ്മേളനത്തിലാണ് മുന്നണിക്ക് ‘ഇന്ത്യ’ എന്ന് പേരിട്ടത്. പേരിനെതിരേ ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും മറ്റ് നേതാക്കളും രംഗത്തുവരികയും പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതിപ്പെടുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങളും മുംബൈ സമ്മേളനത്തില്‍ ചര്‍ച്ചയാകും.

പ്രതിപക്ഷ കൂട്ടായ്മയുടെ ആദ്യ യോഗം നടന്നത് ജെ.ഡി.യുവും കോണ്‍ഗ്രസും ഭരിക്കുന്ന ബിഹാറിലും രണ്ടാത്തെ യോഗംകോണ്‍ഗ്രസ് അധികാരത്തിലുള്ള കര്‍ണാടകയിലുമായിരുന്നു. അടുത്തയോഗം നടക്കുന്നത് മഹാരാഷ്ട്രയിലാണെങ്കിലും ബി.ജെ.പി ഭരിക്കുന്ന ഇവിടെ സമ്മേളനത്തിന് ആതിഥ്യംവഹിക്കാനുള്ള ചുമതല ശരദ് പവാറിന്റെ എന്‍.സി.പിക്കും ഉദ്ധവ് താക്കറെയുടെ ശിവസേനക്കുമാണ്.