18
May 2025
Wed
18 May 2025 Wed
india hits pakistan

ന്യൂഡല്‍ഹി: പാകിസ്താനിലേയും പാക് അധീന കശ്മീരിലേയും ഒമ്പത് ഇടങ്ങളില്‍ ഇന്ത്യയുടെ വ്യോമാക്രമണം.(India hits Pakistan)  ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരിലാണ് പാക് ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കിയത്. കോട്ലി, ബഹ്വല്‍പൂര്‍, മുസാഫറാബാദ്, മുറിഡ്കെ എന്നിവിടങ്ങളിലാണ് ആക്രമണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നീതി നടപ്പാക്കപ്പെട്ടുവെന്ന് ഇന്ത്യന്‍ സൈന്യം പ്രതികരിച്ചു. പാകിസ്താന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ലക്ഷ്യങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും നടപ്പിലാക്കുന്ന രീതിയിലും സംയമനം പാലിച്ചു. പഹല്‍ഗാം ഭീകരാക്രമണം നടന്ന് പതിനഞ്ചാം ദിവസമാണ് ഇന്ത്യ തിരിച്ചടിക്കുന്നത്.

ഇന്ത്യ നടത്തിയ ആക്രമണത്തെ കുറിച്ച് വിശദീകരിക്കാന്‍ കരസേന രാവിലെ രാവിലെ 10ന് വാര്‍ത്താസമ്മേളനം നടത്തും. എവിടെയൊക്കെയാണ് ആക്രമണം നടത്തിയത്, എത്ര ഭീകരരെ വധിച്ചു തുടങ്ങിയ കാര്യങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുമെന്നാണ് കരുതുന്നത്. കര, നാവിക, വ്യോമ സേനകള്‍ സംയുക്തമായാണ് ആക്രമണം നടത്തിയത്. 11 മണിക്ക് മന്ത്രിസഭാ സുരക്ഷാസമിതി യോഗവും ചേരുന്നുണ്ട്.

ALSO READ: വേടനെതിരായ പുലിപ്പല്ല് കേസില്‍ ഫോറസ്റ്റ് റേഞ്ച് ഓഫിസറെ സ്ഥലംമാറ്റി

യുദ്ധ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ വിമാനത്താവളങ്ങള്‍ അടച്ചു. ജമ്മു, ശ്രീനഗര്‍, അമൃത്സര്‍, ധര്‍മാശാല വിമാനത്താവളങ്ങളാണ് അടച്ചത്. വിമാനത്താവളങ്ങള്‍ അടച്ചത് വിമാന സര്‍വീസുകളെ ബാധിക്കുമെന്നും യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും ഇന്‍ഡിഗോ, സ്പെയ്സ് ജെറ്റ് തുടങ്ങിയ വിമാന കമ്പനികള്‍ അറിയിച്ചു.

ആക്രമണം പാകിസ്താന്‍ സ്ഥിരീകരിച്ചു. അഞ്ചിടങ്ങളില്‍ ആക്രമണം നടത്തിയതായാണ് പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് സ്ഥിരീകരിച്ചത്. ശക്തമായി പ്രതികരിക്കാന്‍ പാകിസ്താന് അവകാശമുണ്ടെന്നും മുഴുവന്‍ രാജ്യവും പാക് സൈന്യത്തിനൊപ്പം ഉണ്ടെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. രാവിലെ 10ന് പാക് പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

കരസേനയും വ്യോമസേനയും സംയുക്തമായാണ് ആക്രമണം നടത്തിയത്. തിരിച്ചടിയെ കുറിച്ച് ഇന്ത്യ മറ്റു രാജ്യങ്ങളെ അറിയിച്ചിട്ടുണ്ട്. യുഎസ്, ബ്രിട്ടന്‍, സൗദി, യുഎഇ, റഷ്യ തുടങ്ങിയ രാജ്യങ്ങളെ ഇന്ത്യ സൈനിക നടപടിയെക്കുറിച്ച് അറിയിച്ചിട്ടുണ്ട്.