24
Apr 2026
Fri
24 Apr 2026 Fri
online game

ന്യൂഡല്‍ഹി: രാജ്യത്തെ ഓണ്‍ലൈന്‍ ഗെയിമിംഗ് മേഖലയെ നിയന്ത്രിക്കാന്‍ കര്‍ശന നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍. പുതിയ ചട്ടങ്ങള്‍ മെയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 2025-ലെ ഓണ്‍ലൈന്‍ ഗെയിമിംഗ് പ്രോത്സാഹന-നിയന്ത്രണ നിയമത്തിന്റെ ഭാഗമായാണ് പുതിയ ചട്ടങ്ങള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഐടി മന്ത്രാലയത്തിന് കീഴില്‍ രൂപീകരിച്ച ‘ഓണ്‍ലൈന്‍ ഗെയിമിംഗ് അതോറിറ്റി ഓഫ് ഇന്ത്യ’ ആയിരിക്കും ഇനി ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക. പണം വെച്ചുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് രാജ്യത്ത് പൂര്‍ണ്ണമായ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കളുടെ സുരക്ഷയും സാമ്പത്തിക ഭദ്രതയും മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ നടപടി.

ഐടി മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി അധ്യക്ഷനായ ആറംഗ സമിതിയാണ് ഓണ്‍ലൈന്‍ ഗെയിമിംഗ് അതോറിറ്റി. ആഭ്യന്തരം, ധനകാര്യം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് തുടങ്ങിയ മന്ത്രാലയങ്ങളിലെ പ്രതിനിധികളും ഇതില്‍ അംഗങ്ങളായിരിക്കും.

കുട്ടികളുടെ സുരക്ഷയ്ക്കായി കര്‍ശനമായ ‘ഏജ് വെരിഫിക്കേഷന്‍’ (പ്രായം തെളിയിക്കല്‍), പാരന്റല്‍ കണ്‍ട്രോള്‍ സംവിധാനങ്ങള്‍ എന്നിവ ഗെയിമുകളില്‍ നിര്‍ബന്ധമാക്കും. ഗെയിമുകള്‍ കളിക്കുന്നതിന് പ്രത്യേക സമയപരിധി നിശ്ചയിക്കുന്നതിനും അമിതമായി ഗെയിമിന് അടിമയാകുന്നത് തടയുന്നതിനുമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം.

ഇ-സ്പോര്‍ട്സിനെ ഒരു മത്സര ഇനമായി പരിഗണിച്ച് ഇതിനായി നിര്‍ബന്ധിത രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തും. അതേസമയം, പണം വെച്ചുള്ള കളികളല്ലാത്ത സാധാരണ സോഷ്യല്‍ ഗെയിമുകള്‍ക്ക് മുന്‍കൂര്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമല്ല.

നിരോധിത പണമിടപാട് ഗെയിമുകള്‍ തിരിച്ചറിയുന്നതിനും അവയിലേക്കുള്ള സാമ്പത്തിക ഇടപാടുകള്‍ തടയുന്നതിനും ബാങ്കുകള്‍ക്കും പേയ്മെന്റ് ഗേറ്റ്വേകള്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഗെയിമിംഗ് മേഖലയിലെ സാമ്പത്തിക തട്ടിപ്പുകളും മാനസികാഘാതങ്ങളും കുറയ്ക്കുക എന്നതാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം.

വിദേശ ആപ്പുകള്‍ വഴിയുള്ള പണം തട്ടല്‍ തടയാനും വിവരങ്ങള്‍ ഇന്ത്യയിലെ സെര്‍വറുകളില്‍ തന്നെ സൂക്ഷിക്കാനും കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരാതി പരിഹാരത്തിനായി പ്രത്യേക ഉദ്യോഗസ്ഥനെ കമ്പനികള്‍ നിയമിക്കണമെന്നും ചട്ടത്തില്‍ പറയുന്നു.