ഇസ്ലാമാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇന്ത്യയുടെ അപ്രതീക്ഷിത നടപടി.(India opens Uri dam without warning; floods in Pakistan-occupied Kashmir) മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നുവിട്ടു. പാകിസ്താനിലെ ഝലം നദിയില്‍ വെള്ളപ്പൊക്കം. പാക്കധീന കശ്മീരിലെ പല ഗ്രാമങ്ങളും വെള്ളത്തിലായി.
|
അപ്രതീക്ഷിത വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സാധാരണക്കാര്‍ പ്രദേശത്ത് നിന്ന് പലായനം ചെയ്യുകയാണ്. ജനങ്ങളോട് മാറിത്താമസിക്കാനും ജാഗ്രത പാലിക്കാനും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കൊഹാല, ധാല്‍കോട്ട് എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. ”ഞങ്ങള്‍ക്ക് ഒരു മുന്നറിയിപ്പും ലഭിച്ചിരുന്നില്ല. വെള്ളം ഇരച്ചുകയറി, ജീവനും സ്വത്തും രക്ഷിക്കാന്‍ ഞങ്ങള്‍ പാടുപെടുകയാണ്,” പാക് അധീന കശ്മീരിലെ നദീതീരത്തുള്ള ഡുമെല്‍ എന്ന ഗ്രാമത്തിലെ താമസക്കാരനായ മുഹമ്മദ് ആസിഫ് പറഞ്ഞു.
ALSO READ: പാകിസ്താനിലേക്ക് നാടുകടത്തരുതെന്ന് അപേക്ഷിച്ച് സീമ ഹൈദര്‍
പാക് അധീന കശ്മീരിന്റെ തലസ്ഥാനമായ മുസാഫറാബാദിലെയും ചകോതിയിലെയും വിവിധ പ്രദേശങ്ങളില്‍ അടിയന്തര മുന്നറിയിപ്പ് നല്‍കി. ജലനിരപ്പ് ഉയര്‍ന്നതോടെ താമസക്കാരെ ഒഴിപ്പിക്കാന്‍ ഉച്ചഭാഷിണികള്‍ വഴി നിര്‍ദേശിച്ചു.
ഇന്ത്യ മനഃപൂര്‍വ്വം ഡാമിലെ വെള്ളം തുറന്നുവിട്ടതാണെന്ന് പാക് അധീന കശ്മീരിലെ സര്‍ക്കാര്‍ ആരോപിച്ചു. മുന്‍കൂര്‍ അറിയിപ്പ് നല്‍കാത്തത് അന്താരാഷ്ട്ര ജലസേചന നിയമത്തിന്റെ ലംഘനമാണെന്ന് ഇത് അവര്‍ പറഞ്ഞു.
ഹട്ടിയന്‍ ബാലയിലെ ഭരണകൂടം താല്‍ക്കാലിക ഷെല്‍ട്ടറുകള്‍ സ്ഥാപിക്കുകയും രക്ഷാപ്രവര്‍ത്തകരെ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, സംഭവത്തില്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ജമ്മു കശ്മീരിലെ കനത്ത മഴയെത്തുടര്‍ന്ന് അണക്കെട്ട് തുറന്നുവിടുന്നത് ഒരു സാധാരണ പ്രവര്‍ത്തന നടപടിക്രമമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ത്യക്ക് പിന്തുണയുമായി ലോകരാജ്യങ്ങള്‍
അതേസമയം, പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ ഇന്ത്യക്ക് പിന്തുണയുമായി ലോകരാജ്യങ്ങള്‍ എത്തുകയാണ്. ഭീകരവാദത്തെ ശക്തമായി അപലപിക്കുന്നുവെന്നും ഇന്ത്യക്ക് പിന്തുണയെന്നും അറിയിച്ച് യുഎഇ രംഗത്തെത്തി. യുഎഇ പ്രസിഡന്റ് ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോണില്‍ സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഭീകരാക്രമണത്തില്‍ പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ആദ്യമായി പ്രതികരിക്കുകയും ചെയ്തിരുന്നു. നിഷ്പക്ഷവും സുതാര്യവുമായ ഏതൊരു അന്വേഷണത്തിനും തയാറാണെന്ന് ഷരീഫ് പറഞ്ഞിരുന്നു. ‘പഹല്‍ഗാമില്‍ അടുത്തിടെയുണ്ടായ ദുരന്തത്തിന്റെ പേരില്‍ വീണ്ടും പാകിസ്താനെ കുറ്റപ്പെടുത്തുകയാണ്. ഇത് അവസാനിപ്പിക്കണം. ഉത്തരവാദിത്തമുള്ള രാജ്യമെന്ന നിലയില്‍ നിഷ്പക്ഷവും സുതാര്യവും വിശ്വസനീയവുമായ ഏത് അന്വേഷണത്തോടും സഹകരിക്കാന്‍ പാകിസ്താന്‍ തയാറാണ്’ എന്നാണ് ഷരീഫ് പറഞ്ഞത്.
അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു
അതിനിടെ, പഹല്‍ഗാം ഭീകരാക്രമണത്തിന്റെ അന്വേഷണം എന്‍ഐഎക്ക് കൈമാറി. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് നിര്‍ദേശം നല്‍കിയത്. വനമേഖലയില്‍ ഭീകരര്‍ക്കായുള്ള തിരച്ചില്‍ അഞ്ചാം ദിവസവും പുരോഗമിക്കുകയാണ്.
പാകിസ്താന്‍ ബന്ധമുള്ള ദി റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന ഭീകരവാദ സംഘടനയ്ക്ക് ആക്രമണവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജന്‍സി ആദ്യം കണ്ടെത്തിയത്. നിലവില്‍ ജമ്മു കശ്മീര്‍ പൊലീസ് അന്വേഷിക്കുന്ന കേസില്‍ എന്‍ഐഎയും സമാന്തരമായി അന്വേഷണം നടത്തുന്നുണ്ടായിരുന്നു. ഭീകരരുടെ രാജ്യാന്തര ബന്ധം കൂടുതല്‍ വെളിവായതോടെയാണ് അന്വേഷണം പൂര്‍ണ്ണമായും എന്‍ഐഎ ഏറ്റെടുത്തത്.
5 ഭീകരരുടെ രേഖ ചിത്രങ്ങള്‍ അടക്കം പുറത്ത് വിട്ടിട്ടും ഇതുവരെ ആരെയും കണ്ടെത്താനായിട്ടില്ല. ഭീകരാക്രമണം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും വനമേഖലയില്‍ ഡ്രോണുകളും ഹെലികോപ്റ്ററും അടക്കം ഉപയോഗിച്ച് പരിശോധന തുടരുകയാണ്.





