14
Jan 2026
Wed
14 Jan 2026 Wed
donald trump and jason miller

ഓപ്പറേഷന്‍ സിന്ദൂര്‍ യുദ്ധ കാര്യങ്ങള്‍ ഇന്ത്യയും പാകിസ്താനും തമ്മിലായിരുന്നു കൈമാറിയിരുന്നതെന്നും അതില്‍ മൂന്നാമതൊരാള്‍ ഇടപെട്ടിട്ടില്ല എന്നും ഇന്ത്യ ഈ അടുത്ത കാലത്തും ആവര്‍ത്തിച്ചിരുന്നു. താനാണ് യുദ്ധം നിര്‍ത്തിയതെന്നും താന്‍ ഫോണില്‍ വിളിച്ച് മോദിയെയും മറ്റും വിളിച്ച് ഭീഷണിപ്പെടുത്തിയപ്പോള്‍ അവര്‍ നിര്‍ത്തിയതാണെന്നുമുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം ഇന്ത്യ പല തവണ നിഷേധിച്ചിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എന്നാല്‍, ഇത് നുണയാണെന്ന് ഇപ്പോള്‍ അമേരിക്കയില്‍ നിന്നും പുറത്തു വിട്ടിരിക്കുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ വക്താവായ ജേസണ്‍ മില്ലര്‍ നയിക്കുന്ന SHW LLC എന്ന ലോബിയിംഗ് സ്ഥാപനത്തെ ഇന്ത്യന്‍ എംബസി ഔദ്യോഗികമായി നിയമിച്ച വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അമേരിക്കയില്‍ ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതിന് സ്ഥാപനത്തെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

2025 ഏപ്രില്‍ 24-നാണ് പ്രതിവര്‍ഷം 1.8 ദശലക്ഷം ഡോളര്‍ പ്രതിഫലം നിശ്ചയിച്ചുകൊണ്ടുള്ള ഈ കരാര്‍ ഒപ്പിട്ടത്.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന സൈനിക സംഘര്‍ഷത്തിന്റെ സമയത്ത് ഈ സ്ഥാപനം അതീവ നിര്‍ണ്ണായകമായ പങ്കാണ് വഹിച്ചത്.

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച 2025 മെയ് 10-ന്, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈല്‍സ്, യുഎസ് ട്രേഡ് പ്രതിനിധി ജാമിസണ്‍ ഗ്രീര്‍, നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിലെ റിക്കി ഗില്‍ എന്നിവരുമായി ഈ സ്ഥാപനം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു.
സംഘര്‍ഷത്തിന്റെ മാധ്യമ വാര്‍ത്തകളെക്കുറിച്ചും (media coverage) സാഹചര്യങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാനായിരുന്നു ഈ നീക്കങ്ങള്‍.

സംഘര്‍ഷത്തില്‍ അമേരിക്ക മധ്യസ്ഥത വഹിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിക്കുമ്പോഴും, വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ദിവസം തന്നെ ലോബിയിംഗ് സ്ഥാപനം വഴി അമേരിക്കന്‍ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ഈ ആശയവിനിമയങ്ങള്‍ ഏറെ ശ്രദ്ധേയമാണ്.

സംഘര്‍ഷം അവസാനിപ്പിച്ചില്ലെങ്കില്‍ വ്യാപാരം തടയുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടയില്‍, ജാമിസണ്‍ ഗ്രീറുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് വലിയ നയതന്ത്ര പ്രാധാന്യമുണ്ട്.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ഫോറിന്‍ സെക്രട്ടറി വിക്രം മിസ്രി തുടങ്ങിയവര്‍ക്ക് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, സി.ഐ.എ മേധാവി ജോണ്‍ റാഡ്ക്ലിഫ് തുടങ്ങിയവരുമായി കൂടിക്കാഴ്ചകള്‍ ഒരുക്കാനും ഈ സ്ഥാപനം പ്രവര്‍ത്തിച്ചു.

കൂടാതെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വൈറ്റ് ഹൗസിന്റെ ശ്രദ്ധയില്‍പ്പെടുത്താനും ജേസണ്‍ മില്ലറുടെ സ്ഥാപനം സജീവമായിരുന്നു. ഈ ഇടപെടലുകളുടെ തുടര്‍ച്ചയായാണ് 2025 സെപ്റ്റംബര്‍ 17-ന് പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ പ്രസിഡന്റ് ട്രംപ് അദ്ദേഹത്തെ വിളിച്ച് ആശംസകള്‍ അറിയിച്ചത്.

ഓപ്പറേഷന്‍ സിന്ദൂറിന്റെ വിശദവിവരങ്ങള്‍ ഒരു പെയ്ഡ് ഏജന്‍സിക്ക് നല്‍കിയെന്നത് ശ്രദ്ധേയമാണ്. ഈ സ്ഥാപനം വഴിയാണ് മോദിയുടെ സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ ട്രംപിന്റെ സന്തോഷത്തിനായി സമര്‍പ്പിക്കപ്പെട്ടു. മോദിക്ക് ട്രംപിന്റെ പിറന്നാള്‍ ആശംസ ലഭിച്ചതും ഈ സ്ഥാപനത്തിന്റെ ഇടപെടലിലൂടെയായിരുന്നു.

എന്നാല്‍, വന്‍തുക മുടക്കി ലോബിയിങ് ഏജന്‍സിയെ നിയമിച്ച് ട്രംപിന്റെ പ്രീതി നേടാന്‍ ശ്രമിച്ചിട്ടും താരിഫ് ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി ഒന്നും ഉണ്ടായിട്ടില്ല. എന്നു മാത്രമല്ല, ട്രംപ് താരിഫ് 500 ശതമാനം വരെ കൂട്ടിയേക്കും എന്ന ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്നു.