ന്യൂഡല്‍ഹി: സിഖ് വിഘടനവാദ സംഘടനയായ ഖലിസ്ഥാന്‍ വിഷയത്തില്‍ ഒരേസമയം ഇന്ത്യക്ക് യു.എസ്സുമായും കാനഡയുമായും പ്രശ്‌നങ്ങള്‍ നേരിടുന്നു. കനേഡിയന്‍ മണ്ണില്‍ ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിനെ വെടിവച്ചുകൊന്നതുമായി ബന്ധപ്പെട്ടാണ് കാനഡയുമായുള്ള പ്രശ്‌നം. എന്നാല്‍ ഖാലിസ്ഥാന്‍ നേതാവ് ഗുര്‍പത്വന്ത് സിങ് പന്നൂനിനെ അമേരിക്കയില്‍വച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയാണ് യു.എസ്സിലുള്ളത്.
|
നിജ്ജാറിന്റെ കൊലപാതക വിഷയത്തില്‍ കാനഡയുമായുള്ള നയതന്ത്രബന്ധം അങ്ങേയറ്റം വിഷളായിട്ടുണ്ട്. നിജ്ജാറിന്റെ കൊലപാതക ഗൂഢാലോചനയില്‍ ഹൈക്കമ്മിഷണര്‍ സഞ്ജയ് വര്‍മയ്ക്കും മറ്റു നയതന്ത്രജ്ഞര്‍ക്കും പങ്കാളിത്തമുണ്ടെന്ന കാനഡയുടെ ആരോപണങ്ങള്‍ തള്ളിയ കേന്ദ്രസര്‍ക്കാര്‍, വിഷയത്തില്‍ കടുത്ത പ്രതികരണവും നടത്തി. പിന്നാലെ കാനഡയിലെ ഹൈക്കമ്മിഷണറെയും നയതന്ത്ര ഉദ്യോഗസ്ഥരെയും പിന്‍വലിക്കുകയുംചെയ്തു.
നേരത്തെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പേരെടുത്ത് പരാമര്‍ശിച്ചാണ് വിദേശകാര്യമന്ത്രാലയം പത്രക്കുറിപ്പ് ഇറക്കിയത്. പിന്നാലെ വൈകീട്ടോടെ വിദേശകാര്യ മന്ത്രാലയം ഡല്‍ഹിയിലെ കനേഡിയന്‍ ഹൈക്കമ്മിഷണിലെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ഇതിന് ശേഷമാണ് കാനഡയില്‍ നിന്ന് ഹൈക്കമ്മിഷണറെയും കാനഡ ആരോപണമുന്നയിച്ച നയതന്ത്രജ്ഞ ഉദ്യോഗസ്ഥരെയും വിദേശകാര്യമന്ത്രാലയം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ട്രൂഡോ സര്‍ക്കാരിന്റെ നടപടികള്‍ അവരുടെ സുരക്ഷയെ അപകടത്തിലാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നയതന്ത്രജ്ഞരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നിലവിലെ കനേഡിയന്‍ സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയില്‍ തങ്ങള്‍ക്ക് വിശ്വാസമില്ല. അതിനാല്‍ ഇവരെ പിന്‍വലിക്കുകയാണെന്ന് മന്ത്രാലയം പ്രസ്താവിച്ചു.
കാനഡയുമായുള്ള പ്രശ്‌നത്തില്‍ 24 മണിക്കൂറിനുള്ളില്‍ കടുത്ത നടപടിയാണ് വിദേശകാര്യമന്ത്രാലയം സ്വീകരിച്ചത്. ഗുര്‍പത്വന്ത് സിങ് പന്നൂനിനെ അമേരിക്കയില്‍വച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ യു.എസ് കോടതി ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, റോ മുന്‍മേധാവി സാമന്ത് ഗോയല്‍ അടക്കമുള്ളവര്‍ക്ക് സമണ്‍സ് അയച്ചതും കാനഡ വിഷയത്തില്‍ വിദേശകാര്യമന്ത്രാലയം കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ കാരണമായെന്നാണ് കരുതുന്നത്. കൊലപാതക ഗൂഢാലോചനയില്‍ മോദി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വിധത്തിലായിരുന്നു യു.എസ് കോടതിയിലെ വ്യവഹാരം. യു.എസ് കോടതിയുടെ സമണ്‍സ് ഉള്ളതിനാല്‍ കഴിഞ്ഞമാസം ക്വാഡ് ഉച്ചകോടിക്കായി മോദി യു.എസ് സന്ദര്‍ശിച്ചപ്പോള്‍ അജിത് ഡോവല്‍ ഒപ്പം ഉണ്ടായിരുന്നില്ല. സമാനമായ നിയമനടപടികള്‍ കാനഡയില്‍നിന്ന് ഉണ്ടായേക്കാമെന്നും മന്ത്രാലയം കരുതിയിട്ടുണ്ടാകണം.
ഇന്ത്യന്‍ ഹൈക്കമ്മിഷണറും മറ്റു നയതന്ത്രജ്ഞരും നിജ്ജാര്‍ കൊലപതാക ഗൂഢാലോചനാ കേസിലെ അന്വേഷണ പരിധിയിലുള്ളവരാണെന്ന കാനഡയുടെ സന്ദേശം കഴിഞ്ഞദിവസം ലഭിച്ചതായി വിദേശകാര്യമന്ത്രാലയം രാവിലെ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ശക്തമായി നിരാകരിക്കുന്നു. വോട്ട് ബാങ്ക് രാഷ്ട്രീയത്തെ കേന്ദ്രീകരിച്ചുള്ള ട്രൂഡോ സര്‍ക്കാരിന്റെ രാഷ്ട്രീയ അജണ്ടയിലേക്ക് ഈ ആരോപണത്തെ ചേര്‍ക്കുകയാണെന്നും മന്ത്രാലയം പറഞ്ഞു. ആദ്യമായാണ് കനേഡിയന്‍ പ്രധാനമന്ത്രിയെ പേരെടുത്ത് വിമര്‍ശിച്ച് ഇന്ത്യ പത്രക്കുറിപ്പ് ഇറക്കുന്നത്.
2023 സെപ്റ്റംബറില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ചില ആരോപണങ്ങള്‍ ഉന്നയിച്ചതായും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ ഒരു തെളിവും ഇന്ത്യയുമായി പങ്കിട്ടിട്ടില്ല. തെളിവുതേടി ഇന്ത്യ നിരവധി അഭ്യര്‍ഥനകള്‍ നടത്തി. വസ്തുതകളൊന്നുമില്ലാത്ത ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. അന്വേഷണത്തിന്റെ മറവില്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വമായ തന്ത്രമാണിതെന്ന കാര്യത്തില്‍ സംശയമില്ലെന്നും വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ഇന്ത്യയില്‍ വിവിധ കേസുകളില്‍ പ്രതിയായ നെജ്ജാറിനെ കഴിഞ്ഞവര്‍ഷം ജൂണ്‍ എട്ടിനാണ് കാനഡയില്‍ വെടിവച്ചുകൊന്നത്.
India-Canada: Ajit Doval’s US court summons prompts swift action, Doval reluctant to visit US due to summons, simultaneous issue with Canada and US over Khalistan issue


