14
Jun 2024
Mon
14 Jun 2024 Mon
india vs pakistan

ന്യൂയോര്‍ക്: പാകിസ്താന് ഈസി വാക്കോവര്‍ എന്ന് എല്ലാവരും കരുതിയ മല്‍സരം. ( india vs pakistan group a icc mens t20 world cup match )എന്നാല്‍, രോഹിത്തും സംഘവും പതറിയില്ല. പാകിസ്താന്‍ ബാറ്റര്‍മാരെ വരിഞ്ഞു കെട്ടിയ ഇന്ത്യന്‍ ബോളര്‍മാര്‍ നീലപ്പടയ്ക്ക് സമ്മാനിച്ചത് അവിശ്വസനീയ ജയം. ട്വന്റി20 ലോകകപ്പ് ക്രിക്കറ്റില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19 ഓവറില്‍ 119 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ പാകിസ്താന് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

whatsapp ത്രസിപ്പിക്കുന്ന പോരാട്ടത്തിനൊടുവില്‍ പാകിസ്താനെ വീഴ്ത്തി ഇന്ത്യ
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആറ് റണ്‍സ് ജയത്തോടെ ഇന്ത്യ സൂപ്പര്‍ എട്ട് പ്രതീക്ഷകള്‍ സജീവമാക്കി. അതേ സമയം കളിച്ച രണ്ട് മത്സരങ്ങളും തോറ്റ പാകിസ്താന്റെ നില പരുങ്ങലിലാണ്. രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ ഗ്രൂപ്പ് എയില്‍ ഒന്നാമതെത്തി.

നാലു ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. ഓപ്പണര്‍ മുഹമ്മദ് റിസ്‌വാനാണ് പാകിസ്താന്റെ ടോപ് സ്‌കോറര്‍. 44 പന്തില്‍ 31 റണ്‍സെടുത്താണ് താരം പുറത്തായത്.
അവസാന മൂന്ന് ഓവറില്‍ 30-റണ്‍സായിരുന്നു വിജയലക്ഷ്യം. മുഹമ്മദ് സിറാജും ബുറയും നന്നായി പന്തെറിഞ്ഞതോടെ പാക് ബാറ്റര്‍മാര്‍ കുഴങ്ങി. അഞ്ച് റണ്‍സെടുത്ത ഇഫ്തിക്കറിനെ ബുംറ പുറത്താക്കി.

അവസാന ഓവറില്‍ പാകിസ്താന് ജയിക്കാന്‍ 18 റണ്‍സാണ് വേണ്ടിയിരുന്നത്. പന്തെറിയാനെത്തിയത് അര്‍ഷ് ദീപും. ആദ്യ പന്തില്‍ തന്നെ 23 പന്തില്‍ 15 റണ്‍സെടുത്ത ഇമാദ് വാസിമിനെ താരം മടക്കി. രണ്ടാം പന്തിലും മൂന്നാം പന്തിലും ഓരോ സിംഗ്ള്‍. നാലാം പന്തില്‍ നസീം ഷാ ബൗണ്ടറി നേടി. രണ്ടു പന്തില്‍ ജയിക്കാന്‍ 12 റണ്‍സ്. അഞ്ചാം പന്തില്‍ വീണ്ടും ബൗണ്ടറി. ഇതോടെ ഒരു പന്തില്‍ വിജയലക്ഷ്യം എട്ട് റണ്‍സായി. അവസാന പന്തില്‍ സിംഗ്ള്‍ മാത്രമാണ് നേടാനായത്.

ഇന്ത്യക്ക് ആറു റണ്‍സിന്റെ ഗംഭീര ജയം. നായകന്‍ ബാബര്‍ അസം (10 പന്തില്‍ 13), ഉസ്മാന്‍ ഖാന്‍ (15 പന്തില്‍ 13), ഫഖര്‍ സമാന്‍ (എട്ടു പന്തില്‍ 13), ശദബ് ഖാന്‍ (ഏഴു പന്തില്‍ നാല്) ഇഫ്തിഖാര്‍ അഹ്‌മദ് (ഒമ്പത് പന്തില്‍ അഞ്ച്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. നസീം ഷാ നാലു പന്തില്‍ 10 റണ്‍സെടുത്തും ഷഹീന്‍ അഫ്രീദി റണ്ണൊന്നും എടുക്കാതെയും പുറത്താകാതെ നിന്നു.

ഇന്ത്യക്കുവേണ്ടി ഹാര്‍ദിക് പാണ്ഡ്യ രണ്ടും അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. നേരത്തെ, പാക് ബൗളര്‍മാരായ നസീം ഷായും ഹാരിസ് റൗഫുമാണ് ഇന്ത്യയെ ചെറിയ സ്‌കോറിലൊതുക്കിയത്. ഇരുവരും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ മൂന്നു പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 31 പന്തില്‍ 42 റണ്‍സെടുത്ത ഋഷഭ് പന്താണ് ടോപ് സ്‌കോറര്‍.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 119-റണ്‍സിന് ഓള്‍ഔട്ടായിരുന്നു. ഋഷഭ് പന്തിന്റെ പ്രകടനമാണ് ഇന്ത്യയുടെ രക്ഷക്കെത്തിയത്. മഴ മൂലം ഏകദേശം ഒരു മണിക്കൂറോളം വൈകിയാണ് മത്സരം ആരംഭിച്ചത്. ആദ്യ ഓവറിന് ശേഷം വീണ്ടും മഴയെത്തി. എന്നാല്‍ മഴ മാറി മത്സരം ആരംഭിച്ചയുടന്‍ തന്നെ കോലിയെ ഇന്ത്യയ്ക്ക് നഷ്ടമായി. നസീം ഷാ എറിഞ്ഞ രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ കോലി മടങ്ങി. വെറും നാല് റണ്‍സ് മാത്രമെടുത്ത കോലി ഉസ്മാന്‍ ഖാന്റെ കൈകളിലൊതുങ്ങി. പിന്നാലെ മൂന്നാം ഓവറില്‍ നായകന്‍ രോഹിത്തും കൂടാരം കയറി.

ഋഷഭ് പന്തും അക്‌സര്‍ പട്ടേലും ശ്രദ്ധയോടെ ബാറ്റു വിശീയാണ് ടീമിനെ അര്‍ധ സെഞ്ച്വറി കടത്തിയത്. പന്തിനെ പുറത്താക്കാനുള്ള ഒന്നിലധികം അവസരങ്ങളാണ് പാക് താരങ്ങള്‍ നഷ്ടപ്പെടുത്തിയത്. പിന്നാലെ 18 പന്തില്‍ 20 റണ്‍സെടുത്ത അക്‌സര്‍ നസീം ഷായുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ്. സൂര്യകുമാറിനും (എട്ടു പന്തില്‍ ഏഴ്) ശിവം ദുബെക്കും (ഒമ്പത് പന്തില്‍ മൂന്ന്) നിലയുറപ്പിക്കാനായില്ല.

പന്തിനെ മുഹമ്മദ് ആമിര്‍ പുറത്താക്കി. തൊട്ടടുത്ത പന്തില്‍ രവീന്ദ്ര ജദേജയെയും ആമിര്‍ മടക്കിയതോടെ ഇന്ത്യ ഏഴു വിക്കറ്റിന് 96 റണ്‍സിലേക്ക് തകര്‍ന്നു. ഹാര്‍ദിക് പാണ്ഡ്യ(7), ജസ്പ്രീത് ബുംറ(0), അര്‍ഷ്ദീപ് സിങ്(9) എന്നിവരും വേഗം മടങ്ങിയതോടെ 19-ഓവറില്‍ 119-ന് ഇന്ത്യ ഓള്‍ഔട്ടായി. പാകിസ്താനായി നസീം ഷായും ഹാരിസ് റൗഫും മൂന്ന് വീതം വിക്കറ്റെടുത്തു.

 

\