07
Nov 2023
Sun
07 Nov 2023 Sun

ലോകകപ്പില്‍ ഇന്നാണ് കളി: ഈഡന്‍ ഗാര്‍ഡനില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേര്‍ക്കുനേര്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊല്‍ക്കത്ത: ലോകകപ്പ് ക്രിക്കറ്റില്‍ സെമി ബെര്‍ത്ത് ഉറപ്പാക്കിയ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇന്ന് നേര്‍ക്കുനേര്‍. ഇന്നലെ നടന്ന ഓസീസ് – ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് – പാകിസ്ഥാന്‍ മത്സരത്തിന്റെ അടിസ്ഥാനത്തില്‍ 12 പോയിന്റുള്ള ദക്ഷിണാഫ്രിക്ക റണ്‍നിരക്കിന്റെ ബലത്തില്‍ സെമി ബെര്‍ത്ത് ഉറപ്പാക്കി. കളിച്ച ഏഴ് മത്സരങ്ങളും ജയിച്ച് സെമി ഉറപ്പിക്കാന്‍ ആവശ്യമായ 14 പോയിന്റും സ്വന്തമാക്കിയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.

പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാര്‍ ആരെന്നതിലും നിര്‍ണയമുണ്ടാകും. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് മൈതാനത്ത് ഉച്ചതിരിഞ്ഞ് രണ്ട് മണിക്കാണ് മത്സരം. ഈഡനിലെ വിക്കറ്റ് റണ്ണൊഴുകുന്നതാണെങ്കിലും ബൗളര്‍മാരോട് അത്ര വിരോധം പുലര്‍ത്തുന്ന ഒന്നല്ല

ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും അപകടകാരികളായ ബാറ്റിങ് നിരയാണ് ദക്ഷിണാഫ്രിക്കയുടേത്. ക്വിന്റണ്‍ ഡി കോക്ക്, റസി വാന്‍ ഡെര്‍ ഡൂസന്‍, ഡേവിഡ് മില്ലര്‍, എയിഡന്‍ മാര്‍ക്രം, ഹെന്‍ട്രിച്ച് ക്ലാസന്‍ എന്നിവരുടെ ബാറ്റിന്റെ ചൂട് ഇതിനകം ദക്ഷിണാഫ്രിക്കയെ നേരിട്ട ടീമുകള്‍ അറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഏഴ് മത്സരങ്ങളില്‍ അഞ്ച് തവണയും ദക്ഷിണാഫ്രിന്‍ സ്‌കോര്‍ 300 കടന്നിരുന്നു. കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി എതിരാളികെ സമ്മര്‍ദത്തിലാക്കി വിജയം കൊയ്യുന്ന തന്ത്രമാണ് പ്രോട്ടിയാസ് ഇതുവരെ പയറ്റിയത്.

ദക്ഷിണാഫ്രിക്കയെ സംബന്ധിച്ചിടത്തോളം സേഫ് പ്ലെയും ഇത് തന്നെയാണ്. കാരണം ബൗളിങ്ങിലെ വിള്ളല്‍ ബാറ്റിങ്ങിലൂടെയാണ് അവര്‍ മറികടക്കുന്നത്. മാര്‍ക്കൊ യാന്‍സണ്‍ (16 വിക്കറ്റ്), ജെറാള്‍ഡ് കോറ്റ്‌സി (14 വിക്കറ്റ്), കേശവ് മഹരാജ് (11 വിക്കറ്റ്), കഗീസൊ റബാഡ (11 വിക്കറ്റ്) എന്നിവരെല്ലാം വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിലുണ്ടെങ്കിലും റണ്‍സ് വിട്ടുനല്‍കുന്നതില്‍ പിശുക്ക് കാണിക്കാത്തവരാണ്.

മറുവശത്ത് ആശങ്കകളില്ലാതെയാകും രോഹിതും സംഘവും ദക്ഷിണാഫ്രിക്കയെ നേരിടാനിറങ്ങുക. കാരണം ഏഴ് ആധികാരിക ജയങ്ങളുടെ ആത്മവിശ്വാസം ഇന്ത്യയ്ക്ക് കൂട്ടായുണ്ട്. ടീം അല്‍പ്പമെങ്കിലും പരീക്ഷക്കപ്പെട്ടത് ഓസ്‌ട്രേലിയയോട് മാത്രമാണ്. ഹാര്‍ദിക് പാണ്ഡ്യ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടീം ഘടനയിലും കാര്യമായ മാറ്റങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. ശ്രീലങ്കയ്‌ക്കെതിരായ ടീമിനെ തന്നെ നിലനിര്‍ത്തിയേക്കും.

ജസ്പ്രിത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് മൂവരുടേയും കൃത്യതയാര്‍ന്ന ബൗളിങ്ങില്‍ തന്നെയാണ് ഇന്ത്യയുടെ വിശ്വാസം. പവര്‍പ്ലേയില്‍ ബുംറയും സിറാജും തന്നെ, പിന്നാലെ ഷമിയും. മധ്യ ഓവറുകളില്‍ രവീന്ദ്ര ജഡേജ കുല്‍ദീപ് യാദവ് ദ്വയത്തിനുമാണ് ഉത്തരവാദിത്തം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക