16
Feb 2025
Thu
16 Feb 2025 Thu
INDIANS DEPORTED

ചണ്ഡിഗഡ്: അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ അമേരിക്കയില്‍ നിന്ന് ഇന്ത്യക്കാരെ നാട് കടത്തിയത് കൈകാലുകള്‍ ബന്ധിച്ച്. (Indians deported from America with their hands and feet tied)  104 പേരുമായെത്തിയ സൈനിക വിമാനം അമൃത്സര്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത ശേഷമാണ് വിലങ്ങഴിച്ചതെന്നും ഗുര്‍ദാസ്പുരിലെ ഹാര്‍ദോര്‍വാല്‍ ഗ്രാമത്തില്‍നിന്നുള്ള ജസ്പാല്‍ സിങ് വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

36കാരനായ ജസ്പാലിനെ ജനുവരി 24നാണ് യു.എസ് ബോര്‍ഡര്‍ പട്രോള്‍ പിടികൂടിയത്. ബുധനാഴ്ച രാത്രിയോടെ സ്വന്തം നാട്ടിലെത്തിയ ജസ്പാല്‍ സിങ്, തന്നെ ഒരു ട്രാവല്‍ ഏജന്റ് പറ്റിച്ചതാണെന്ന് പറഞ്ഞു.

നിയമപരമായ രീതിയില്‍ അമേരിക്കയില്‍ എത്തിക്കാമെന്ന് പറഞ്ഞ് വഞ്ചിക്കുകയായിരുന്നു. വിസാചട്ടങ്ങള്‍ പാലിച്ച് യു.എസിലേക്ക് എത്തിക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. ഇതിനായി ഏജന്റിന് 30 ലക്ഷം രൂപ നല്‍കി.

കഴിഞ്ഞ ജൂലൈയില്‍ വിമാന മാര്‍ഗം ബ്രസീലിലെത്തി. അവിടെനിന്ന് മറ്റൊരു വിമാനത്തില്‍ യു.എസില്‍ എത്തിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, ആറ് മാസം കഴിഞ്ഞിട്ടും തുടര്‍ നടപടികള്‍ ഇല്ലാതെ വന്നതോടെ അനധികൃതമായി അതിര്‍ത്തി കടക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഈ ശ്രമത്തിനിടയിലാണ് ബോര്‍ഡര്‍ പട്രോളിന്റെ പടിയിലായത്. 11 ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞ ശേഷമാണ് മടക്കി അയക്കുന്നത്.

നാടുകടത്തപ്പെടുകയായിരുന്നു എന്ന കാര്യം പോലും താന്‍ അറിഞ്ഞില്ലെന്ന് ജസ്പാല്‍ പറയുന്നു. മറ്റൊരു ക്യാമ്പിലേക്ക് മാറ്റുകയാണെന്നായിരുന്നു ഞങ്ങളുടെ ധാരണ.

പിന്നീട് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഇന്ത്യയിലേക്ക് അയക്കുകയാണെന്ന് വ്യക്തമാക്കി. കൈയില്‍ വിലങ്ങ് അണിയിക്കുകയും കാലുകളില്‍ ചങ്ങല കെട്ടി ബന്ധിക്കുകയും ചെയ്തു.

അമൃത്സര്‍ വിമാനത്താവളത്തില്‍ എത്തിയ ശേഷമാണ് ഇത് അഴിച്ചത്. കടം വാങ്ങിയ പണം കൊണ്ടാണ് നാട്ടില്‍നിന്ന് പോയതെന്നും ഇനി എന്തു ചെയ്യണമെന്ന് അറിയില്ലെന്നും ജസ്പാല്‍ പറഞ്ഞു.

നാടുകടത്തലിന്റെ വിവരം ബുധനാഴ്ച മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് ജസ്പാലിന്റെ അമ്മാവന്റെ മകന്‍ ജസ്ബീര്‍ സിങ് പറഞ്ഞു. വലിയ സ്വപ്നങ്ങളുമായാണ് വിദേശത്തേക്ക് പോകുന്നതെന്നും ഇപ്പോള്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണം സര്‍ക്കാറുകളാണെന്നും ജസ്ബീര്‍ പറയുന്നു.

ജസ്പാല്‍ യു.എസില്‍ എത്തിയതിനു സമാനമായി, അതിര്‍ത്തി വഴി അനധികൃതമായി കടന്നവരാണ് തിരിച്ചയച്ചവരില്‍ ഏറെയും. വിദേശത്ത് മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ തേടിയെത്തിയ ഇവരില്‍ ഏറെപേരും, ഭാവി അനിശ്ചിതത്വത്തിലാണെന്ന ആശങ്കയിലാണ്.

അതേസമയം, പുതിയ കുടിയേറ്റ നയത്തിന്റെ ഭാഗമായി അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്ന ട്രംപ് ഭരണകൂടം, വിവിധ സംസ്ഥാനങ്ങളില്‍നിന്നായാണ് 104 ഇന്ത്യക്കാരെ പിടികൂടി നാട്ടിലേക്കയച്ചത്. വരുംദിവസങ്ങളില്‍ കൂടുതല്‍ പേരെ നാടുകടത്തുമെന്നും വിവരമുണ്ട്.

ബുധനാഴ്ച അമൃത്സറില്‍ എത്തിയവരില്‍ 33 വീതം പേര്‍ ഹരിയാന, ഗുജറാത്ത് സ്വദേശികളാണ്. 30 പേര്‍ പഞ്ചാബ് സ്വദേശികളും മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവടങ്ങളില്‍നിന്നുള്ള മൂന്ന് വീതം പേരും ചണ്ഡിഗഡില്‍ നിന്നുള്ള ഒരാളുമാണ് വിമാനത്തിലുണ്ടായിരുന്നത്.

തിരിച്ചെത്തിയവരില്‍ 19 വനിതകളാണുള്ളത്. ഒരു നാല് വയസ്സുകാരനും രണ്ട് പെണ്‍കുട്ടികളും ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത 13 പേരുമുണ്ട്.

ട്രംപ് ഭരണകൂടത്തിന്റെ നടപടി മോദി സര്‍ക്കാറിന്റെ നയതന്ത്ര പരാജയമായും വിലയിരുത്തുന്നുണ്ട്. ഇന്ത്യക്കാരെ അവഹേളിക്കുന്ന രീതിയില്‍ നാട് കടത്തിയതില്‍ ശക്തമായി പ്രതിഷേധിക്കാന്‍ പോലും കേന്ദ്രസര്‍ക്കാരിനാവുന്നില്ലെന്ന വിമര്‍ശനമുയരുന്നുണ്ട്.