ഇന്ദോറിലെ ഭഗീരഥ്പുരയില്‍ മലിനജലം കുടിച്ച് എട്ടുപേര്‍ മരിക്കുകയും ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലാവുകയും ചെയ്തതിന് പിന്നാലെ പുതിയ രാഷ്ട്രീയ വിവാദം പുകയുന്നു. ബുധനാഴ്ച രാത്രി ഇന്ദോര്‍ കളക്ടര്‍ ശിവം വര്‍മ്മയും മേയര്‍ പുഷ്യമിത്ര ഭാര്‍ഗവും നഗരത്തിലെ ആര്‍.എസ്.എസ് (RSS) ഓഫീസില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തതാണ് വിവാദത്തിന് കാരണമായത്.
|
മേയര്‍ ഈ കൂടിക്കാഴ്ച സ്ഥിരീകരിച്ചെങ്കിലും അതിന്റെ പ്രാധാന്യത്തെ കുറച്ചുകാണാനാണ് ശ്രമിച്ചത്. ‘ഒരു സ്വയംസേവകന്‍ എന്ന നിലയില്‍ ഞാന്‍ പലപ്പോഴും ആര്‍.എസ്.എസ് ഓഫീസില്‍ പോകാറുണ്ട്. നിലവിലെ പ്രതിസന്ധിയുമായി ഇതിന് യാതൊരു ബന്ധവുമില്ല,’ ഭാര്‍ഗവ് ‘ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട്’ പറഞ്ഞു. എന്നാല്‍ കളക്ടര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
സുദര്‍ശന്‍ റോഡിലുള്ള ആര്‍.എസ്.എസ് മാള്‍വ റീജിയണല്‍ യൂണിറ്റ് ആസ്ഥാനത്ത് നടന്ന അടച്ചിട്ട വാതില്‍ ചര്‍ച്ചയെക്കുറിച്ച് അറിയുന്നവര്‍ പറയുന്നത്, പ്രതിസന്ധി പരിഹരിക്കുന്നതിലെ പരാജയത്തെക്കുറിച്ചാണ് അവിടെ ചര്‍ച്ച നടന്നതെന്നാണ്. ആര്‍.എസ്.എസ് മാള്‍വ പ്രാന്ത് പ്രചാരക് രാജ്‌മോഹന്‍ ആണ് യോഗം വിളിച്ചുചേര്‍ത്തത്.
രാഷ്ട്രീയ പ്രതികരണങ്ങള്‍
മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ജിതു പട്വാരി മേയര്‍ ഓഫീസിന് പുറത്ത് നില്‍ക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് രൂക്ഷമായി വിമര്‍ശിച്ചു. ‘ഇന്ദോറിലെ പൈപ്പുകളിലൂടെ വിഷം ഒഴുകുമ്പോള്‍, നിഷ്‌കളങ്കരായ പൗരന്മാരുടെ മരണത്തില്‍ വീടുകള്‍ ദുഃഖത്തിലാഴുമ്പോള്‍, സര്‍ക്കാര്‍ പരാജയപ്പെടുമ്പോള്‍, കളക്ടര്‍ ഫീല്‍ഡിലോ ആശുപത്രികളിലോ ബാധിക്കപ്പെട്ട കുടുംബങ്ങള്‍ക്കിടയിലോ ആണോ അതോ ആര്‍.എസ്.എസ് ഓഫീസിനുള്ളിലാണോ ഇരിക്കേണ്ടത്?’ എന്ന് അദ്ദേഹം ചോദിച്ചു. ഇത് ഭരണപരമായ നിഷ്പക്ഷതയുടെ ലംഘനമാണെന്നും അദ്ദേഹം ആരോപിച്ചു.
ALSO READ: ആധാറിന്റെ ഔദ്യോഗിക ചിഹ്നമായി ഉദയ് ആനക്കുട്ടി; രൂപകല്‍പ്പന ചെയ്തത് മലയാളി
ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ ബി.ജെ.പി വക്താവ് ശിവം ശുക്ല, ഇത് വെറുമൊരു സൗഹൃദ സന്ദര്‍ശനം മാത്രമാണെന്നും ഇതില്‍ തെറ്റൊന്നുമില്ലെന്നും പറഞ്ഞു.
വാര്‍ത്താ ഉറവിടങ്ങള്‍ നല്‍കുന്ന സൂചന പ്രകാരം, മലിനജല പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ ഉണ്ടായ ഏകോപനമില്ലായ്മ, വൈകിയുള്ള പ്രതികരണം, ആശയവിനിമയ പരാജയം എന്നിവ ചര്‍ച്ചാവിഷയമായി.
എന്തുക്കൊണ്ടാണ് ജലം മലിനമായത്?, കൃത്യസമയത്ത് ഫയലുകള്‍ നീങ്ങാതിരുന്നത് എന്തുകൊണ്ട്?, ഉദ്യോഗസ്ഥരും ജനങ്ങളും തമ്മിലുള്ള അകലം എങ്ങനെ കുറയ്ക്കാം? എന്നീ കാര്യങ്ങള്‍ യോഗത്തില്‍ ഉന്നയിക്കപ്പെട്ടതായാണ് വിവരം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ ജനങ്ങളുമായി കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
ഇന്ദോര്‍ ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ ഡോ. മാധവ് പ്രസാദ് ഹസാനി നല്‍കുന്ന വിവരങ്ങള്‍ പ്രകാരം:
ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്: 446 പേര്‍.
ഡിസ്ചാര്‍ജ് ചെയ്തത്: 396 പേര്‍.
ചികിത്സയില്‍ കഴിയുന്നവര്‍: 50 പേര്‍ (ഇതില്‍ 10 പേര്‍ ഐ.സി.യുവില്‍).
മരണസംഖ്യ: എട്ടുപേര്‍ മരിച്ചുവെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളതെങ്കിലും, 18 കുടുംബങ്ങള്‍ക്ക് ഇതിനകം രണ്ട് ലക്ഷം രൂപ വീതമുള്ള ചെക്കുകള്‍ ജില്ലാ ഭരണകൂടം വിതരണം ചെയ്തിട്ടുണ്ട്.
ഐ.എ.എസ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ സംസ്ഥാന സര്‍ക്കാരിനോടും, മേയര്‍ മുനിസിപ്പല്‍ നിയമങ്ങളോടുമാണ് ഉത്തരവാദിത്തം കാണിക്കേണ്ടത് എന്നിരിക്കെ, ഒരു സ്വകാര്യ സംഘടനയുടെ ഓഫീസില്‍ നടന്ന ഈ കൂടിക്കാഴ്ച ഭരണഘടനാപരമായ പ്രോട്ടോക്കോളുകളെക്കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.





