27
May 2025
Thu
27 May 2025 Thu
poonch shelling

ശ്രീനഗര്‍: ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ അതിര്‍ത്തിയില്‍ വലിയ പ്രകോപനം സൃഷ്ടിച്ച് പാകിസ്താന്‍. (Inida-Pakistan War: Heavy shelling in Poonch; 15 killed) പൂഞ്ചില്‍ പാകിസ്താന്‍ തുടര്‍ച്ചയായി നടത്തിയ ഷെല്ലാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. ലാന്‍സ് നായിക് ദിനേശ് കുമാറാണ് കൊല്ലപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാകിസ്താന്‍ ഷെല്ലാക്രമണത്തില്‍ അതിര്‍ത്തിയില്‍ ജനജീവിതം ദുസ്സഹമായതോടെ പ്രദേശത്തുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ ലഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹ ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

നിയന്ത്രണ രേഖയില്‍ പൂഞ്ച്, രജൗരി ജില്ലകളിലാണ് ആക്രമണം നടന്നത്. കൊല്ലപ്പെട്ടവരില്‍ നാല് കുട്ടികളും ഉള്‍പ്പെടുന്നു. 45 പേര്‍ക്ക് പരിക്കേറ്റു. ഗുരു സിങ് സഭാ സാഹിബ് ഗുരുദ്വാരയില്‍ ഷെല്‍ പതിച്ച് മൂന്ന് സിഖുകാര്‍ കൊല്ലപ്പെട്ടു.

ALSO READ: പുല്‍വാമയിലെ വനത്തില്‍ മലയാളി യുവാവിന്റെ മൃതദേഹം

ഷെല്ലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമ്മിഷണര്‍മാരുമായി വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ അടിയന്തര യോഗം ചേര്‍ന്നു. അതിര്‍ത്തി ജില്ലകള്‍ക്ക് 5 കോടി രൂപ വീതവും മറ്റു ജില്ലകള്‍ക്ക് 2 കോടി രൂപയും അടിയന്തരമായി അനുവദിക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി. അതിര്‍ത്തി പ്രദേശങ്ങളില്‍ ജനങ്ങള്‍ക്കായി കൂടുതല്‍ ഷെല്‍ട്ടറുകളും ബങ്കറുകളും ഒരുക്കണമെന്നും ആവശ്യത്തിനുള്ള ഭക്ഷ്യവസ്തുക്കള്‍ കരുതണമെന്നും അദ്ദേഹം യോഗത്തില്‍ പറഞ്ഞു.

പാകിസ്താനില്‍ 31 മരണം
പാക്കധീന കശ്മീരില്‍ ഉള്‍പ്പെടെ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടതായി പാകിസ്താന്‍ സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടത് സിവിലിയന്‍മാരാണെന്നാണ് പാകിസ്താന്‍ അവകാശവാദം. എന്നാല്‍, സിവിലിയന്‍മാരെയും സൈനികരെയും പൂര്‍ണമായും ഒഴിവാക്കി ഭീകര കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്നാണ് ഇന്ത്യന്‍ സൈന്യം പറയുന്നത്.

ഇന്ത്യയുടെ അഞ്ച് യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടതായി പാര്‍ലമെന്റില്‍ പാക്ക് പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ് അവകാശപ്പെട്ടു. എന്നാല്‍, ഇക്കാര്യത്തില്‍ ഇപ്പോഴും സ്വതന്ത്ര സ്ഥിരീകരണമില്ല.

തിരിച്ചിടിക്കാന്‍ സൈന്യത്തിന് അധികാരം
ഇന്ത്യ നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ പാക്ക് സായുധ സേനയ്ക്ക് അധികാരം നല്‍കിയതായി പാകിസ്താന്‍ നാഷനല്‍ സെക്യൂരിറ്റി കമ്മിറ്റി അറിയിച്ചു. യുക്തമായ സമയത്തും സ്ഥലത്തും തിരിച്ചടി നല്‍കുമെന്നും പാക്ക് സൈന്യം അറിയിച്ചു.

പൂര്‍ണമായ യുദ്ധത്തിലേക്ക് പോകുന്നത് ഒഴിവാക്കാനാണ് പാകിസ്താന്‍ ശ്രമിക്കുന്നതെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. എന്നാല്‍, യുദ്ധമുണ്ടായാല്‍ നേരിടാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, യുകെ, ഫ്രാന്‍സ്, ജര്‍മനി, ഇറാന്‍, തുര്‍ക്കി, ഖത്തര്‍, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ ആണവ ശക്തികളായ ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടു. നയതന്ത്രമാര്‍ഗത്തിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും ലോകരാജ്യങ്ങള്‍ നിര്‍ദേശിച്ചു.

സമാധാന ചര്‍ച്ചയ്ക്ക് മധ്യസ്ഥം വഹിക്കാന്‍ ഇറാന്‍ മുന്നോട്ടുവന്നു. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ഇന്ത്യ, പാകിസ്താന്‍ അധികൃതരുമായി വെവ്വേറെ ചര്‍ച്ച നടത്തി.