ഹേഗ്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യൊആവ് ഗാലന്റിനുമെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ.സി.സി) പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് സ്വാഗതം ചെയ്ത് ലോകരാഷ്ട്രങ്ങള്‍. (International Court issues warrants for Netanyahu and Gallant; Various countries threaten to arrest them if they enter the country) ഗസയിലെ യുദ്ധക്കുറ്റങ്ങള്‍ക്ക് ഇരുവരെയും അറസ്റ്റ് ചെയ്ത് നിയമനടപടിക്ക് വിധേയമാക്കണമെന്ന് വിവിധ രാഷ്ട്രത്തലവന്‍മാര്‍ ആഹ്വാനം ചെയ്തു.
|
ഇരുവരും തങ്ങളുടെ രാജ്യത്ത് പ്രവേശിച്ചാല്‍ ഐസിസി നിയമമനുസരിച്ച് അറസ്റ്റ് ചെയ്ത് ഹേഗിലെ കോടതി ആസ്ഥാനത്ത് എത്തിക്കുമെന്നും വിവിധ രാജ്യങ്ങള്‍ വ്യക്തമാക്കി.
എല്ലാവരും അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കണമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. അന്താരാഷ്ട്ര കോടതി വിധികള്‍ കാനഡ പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നെതന്യാഹുവിനും ഗാലന്റിനുമെതിരായ ഐ.സി.സി വാറന്റുകള്‍ രാഷ്ട്രീയപരമല്ലെന്നും എല്ലാ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളും കോടതി വിധി മാനിച്ച് അത് നടപ്പാക്കണമെന്നും യൂറോപ്യന്‍ യൂണിയന്‍ വിദേശ നയ മേധാവി ജോസെപ് ബോറെല്‍ ആവശ്യപ്പെട്ടു.
ഗസ്സയില്‍ സ്ത്രീകളും കുട്ടികളെയുമടക്കം കൂട്ടക്കൊല ചെയ്യുകയും ആശുപത്രികളടക്കം തകര്‍ത്ത് യുദ്ധക്കുറ്റം ചെയ്യുന്നതിനുമാണ് ഇസ്രായേല്‍ പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കുമെതിരേ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി(ഐ.സി.സി) ഇന്നലെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഐ.സി.സി പ്രീ-ട്രയല്‍ ചേംബര്‍ (ഒന്ന്) ലെ മൂന്ന് ജഡ്ജിമാര്‍ ഏകകണ്ഠമായാണ് ഇവര്‍ക്കെതിരെ വാറന്റ് പുറപ്പെടുവിച്ചത്.
വാറന്റ് പുറപ്പെടുവിച്ച പശ്ചാത്തലത്തില്‍ ഐ.സി.സി അംഗത്വമുള്ള 120ലധികം രാജ്യങ്ങളില്‍ എതിലേക്കെങ്കിലും യാത്ര ചെയ്താല്‍ ഇരുവരെയും അറസ്റ്റ് ചെയ്ത് നടപടി സ്വീകരിക്കും. അറസ്റ്റിലായാല്‍ വിചാരണക്കായി ഇരുവരെയും ഹേഗിലെ കോടതിയില്‍ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു.
റോം ഉടമ്പടിയോടും അന്താരാഷ്ട്ര നിയമങ്ങളോടുമുള്ള തങ്ങളുടെ പ്രതിബദ്ധതയും കടമയും നിറവേറ്റുമെന്ന് നെതര്‍ലാന്‍ഡ്സ്, സ്വിറ്റ്സര്‍ലന്‍ഡ്, അയര്‍ലന്‍ഡ്, ഇറ്റലി, സ്പെയിന്‍, ഓസ്ട്രിയ എന്നീ രാജ്യങ്ങള്‍ വ്യക്തമാക്കി.
ഐസിസി ചട്ടങ്ങള്‍ പാലിക്കുമെന്ന് ഫ്രാന്‍സ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍, നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമോ എന്ന് സ്ഥിരീകരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. ഐ.സി.സിയുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്നതായി ബ്രിട്ടന്‍ പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു.
ഐസിസി ഉത്തരവ് ന്യായമായ രീതിയില്‍ നടപ്പാക്കുന്നത് പ്രാധാന്യമുള്ള കാര്യമാണെന്ന് നോര്‍വേ വിദേശകാര്യ മന്ത്രി എസ്പെന്‍ ബാര്‍ത്ത് ഈഡെ പറഞ്ഞു. കോടതി കേസുമായി മുന്നോട്ട് പോകുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കി.
കോടതിയുടെ സുപ്രധാന തീരുമാനങ്ങളെ പിന്തുണയ്ക്കുകയും അതിന്റെ സ്വാതന്ത്ര്യവും സമഗ്രതയും സംരക്ഷിക്കുകയും ചെയ്യുമെന്ന് സ്വീഡിഷ് വിദേശകാര്യ മന്ത്രി മരിയ മാല്‍മര്‍ സ്റ്റെനര്‍ഗാര്‍ഡ് പറഞ്ഞു. ഐ.സി.സി വാറന്റ് ലിസ്റ്റിലുള്ളവര്‍ സ്വീഡന്റെ മണ്ണിലെത്തിയാല്‍ നിയമപാലകര്‍ അറസ്റ്റ് ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഫലസ്തീനികളെ വംശഹത്യ നടത്തുന്ന ഇസ്രായേല്‍ ഭരണാധികാരികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതില്‍ ഐ.സി.സി അറസ്റ്റ് വാറന്റ് പ്രതീക്ഷാജനകമാണെന്നും വാറന്റ് സുപ്രധാന ചുവടുവെപ്പാണെന്നും തുര്‍ക്കി വിദേശകാര്യ മന്ത്രി ഹകന്‍ ഫിദാന്‍ പറഞ്ഞു. ഫലസ്തീനികള്‍ക്ക് നീതി ലഭിക്കണമെന്നും ഐസിസി വിധി മാനിക്കുകയും നടപ്പാക്കുകയും ചെയ്യണമെന്നും ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി അയ്മന്‍ സഫാദി അഭിപ്രായപ്പെട്ടു.
ഫലസ്തീനിലെ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കും യുദ്ധക്കുറ്റങ്ങള്‍ക്കും ഉത്തരവാദികള്‍ക്കെതിരെയുള്ള അറസ്റ്റ് വാറന്റ് നീതിയിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണെന്ന് ദക്ഷിണാഫ്രിക്ക ചൂണ്ടിക്കാട്ടി. ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്നത് വംശഹത്യയാണെന്ന് ചൂണ്ടിക്കാട്ടി ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചിരുന്നു.
അതേസമയം, അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനുള്ള കോടതിയുടെ തീരുമാനത്തെ തള്ളിക്കളയുന്നതായാണ് വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് പ്രതികരിച്ചത്. തിരക്കിട്ട് അറസ്റ്റ് വാറന്റ് തേടാനുള്ള പ്രോസിക്യൂട്ടറുടെ നടപടിയില്‍ അമേരിക്ക ആശങ്കാകുലരാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.
ALSO WATCH


