ന്യൂഡല്‍ഹി: ഐ.പി.എല്‍ ഈ സീസണിന്റെ പ്ലേ ഓഫ് ലൈനപ്പായി. ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഗുജറാത്തിനോട് പരാജയപ്പെട്ടതോടെ മുംബൈ അവസാന നാലില്‍ ഇടം പിടിച്ചു. ആദ്യ ക്വാളിഫയറില്‍ ലീഗില്‍ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് രണ്ടാം സ്ഥാനക്കാരായ ചെന്നൈയെ നേരിടും. എലിമിനേറ്ററില്‍ മുംബൈയാണ് ലക്നൗവിന്റെ എതിരാളികള്‍.
|
ആദ്യ ക്വാളിഫയറില്‍ വിജയിക്കുന്ന ടീം നേരിട്ട് ഫൈനല്‍ യോഗ്യത നേടും. പരാജയപ്പെടുന്ന ടീമിന് ഫൈനല്‍ കളിക്കാന്‍ ഒരവസരം കൂടിയുണ്ട്. 24ന് നടക്കുന്ന എലിമിനേറ്ററിലെ വിജയികളെ 26ന് രണ്ടാം ക്വാളിഫയറില്‍ നേരിടാം. ഇതില്‍ വിജയിക്കുന്നവര്‍ ഫൈനലിന് യോഗ്യത നേടും. മേയ് 29നാണ് ഫൈനല്‍.

ലീഗിലെ അവസാന മത്സരത്തില്‍ ബാംഗ്ലൂരിന് വേണ്ടി വിരാട് കോലിയും സംഘവും ഉയര്‍ത്തിയ 198 റണ്‍സെന്ന വിജയലക്ഷ്യം അഞ്ച് പന്ത് ശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് മറികടക്കുകയായിരുന്നു. സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിന്റെ വിജയശില്‍പ്പി. മറുവശത്ത് വിരാട് കോലിയുടെ സെഞ്ചുറി പാഴായി. വിജയ് ശങ്കര്‍ 35 പന്തില്‍ 53 റണ്‍സെടുത്തപ്പോള്‍ ഓപണര്‍ വൃദ്ധിമാന്‍ സാഹ 14 പന്തില്‍ 12 റണ്‍സും സംഭാവന ചെയ്തു.


