21
Feb 2023
Mon
21 Feb 2023 Mon

ബെംഗളൂരു: കര്‍ണാടകയില്‍ വനിത ഐഎഎസ് ഉദ്യോഗസ്ഥയുട‌െ സ്വകാര്യ ചിത്രം പുറത്തുവിട്ട് ഐപിഎസ്‌-ഉദ്യോ​ഗസ്ഥ. ദേവസ്വം കമ്മീഷണറും ഐഎഎസ് ഉദ്യോഗസ്ഥയുമായ രോഹിണി സിന്ദൂരിയുടെ സ്വകാര്യ ചിത്രങ്ങളാണ് ഐപിഎസ് ഓഫീസറും കര്‍ണാടക കരകൗശല വികസന കോര്‍പ്പറേഷന്‍ എംഡിയുമായ ഡി രൂപ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സര്‍വീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് രോഹിണി അയച്ച ചിത്രങ്ങളാണ് ഇതെന്നാണ് രൂപ പറയുന്നത്. ഇത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും ഡി രൂപ ആരോപിച്ചു. എന്നാല്‍ തന്റെ വാട്ട്സ്ആപ്പ് സ്റ്റാറ്റസില്‍ നിന്നും മറ്റും ശേഖരിച്ച ചിത്രങ്ങളാണ് വ്യക്തിഹത്യ ചെയ്യാന്‍ രൂപ പോസ്റ്റ് ചെയ്തതെന്നും നിയമനടപടി സ്വീകരിക്കുമെന്നും രോഹിണി വ്യക്തമാക്കി.

മൈസൂരുവില്‍ നിന്നുള്ള ജനതാദള്‍ എംഎല്‍എയും മുന്‍മന്ത്രിയുമായ സാരാ മഹേഷിന്റെ സാരാ കണ്‍വെന്‍ഷന്‍ ഹാള്‍ കനാല്‍ കൈയേറി നിര്‍മിച്ചതാണെന്ന് 2021ല്‍ മൈസൂരു കലക്ടറായിരിക്കെ രോഹിണി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെതിരെ മഹേഷ് ഒരു കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കിയിരുന്നു. ഈ കേസ് ഒതുക്കിത്തീര്‍ക്കാന്‍ രോഹിണി മഹേഷിനെ കണ്ട് ചര്‍ച്ച നടത്തിയെന്ന ആരോപണങ്ങള്‍ക്കിടെയാണ് ചിത്രങ്ങള്‍ പുറത്തുവന്നത്.

ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച പറ്റിയിട്ടില്ലെങ്കില്‍ മഹേഷുമായി എന്തിനാണ് കൂടിക്കാഴ്ച നടത്തിയതെന്നാണ് രൂപയുടെ ചോദ്യം. ഈ പോസ്റ്റിട്ട് 16 മണിക്കൂറിനുള്ളില്‍ അടുത്ത പോസ്റ്റുമായി രൂപ വീണ്ടും രംഗത്തെത്തി. രോഹിണി സ്വകാര്യ ഫോട്ടോകള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുത്ത് അവരെ കൈയിലെടുക്കാന്‍ ശ്രമിച്ചെന്നായിരുന്നു രൂപയുടെ ആരോപണം.

തെളിവായി മുതിര്‍ന്ന മൂന്ന് ഐപിഎസ് ഉദ്യോ​ഗസ്ഥര്‍ക്ക് രോഹിണി അയച്ചുനല്‍കിയ ഫോട്ടോകളും സ്‌ക്രീന്‍ഷോട്ടുകളും രൂപ പുറത്തുവിടുകയായിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട് രൂപ ആരോപണം ആവര്‍ത്തിക്കുകയും ചെയ്തു. ഐഎഎസ്- ഐപിഎസ് വനിതാ ഉദ്യോ​ഗസ്ഥരുടെ പരസ്യപ്പോര് സംസ്ഥാന ബിജെപി സർക്കാരിന് തലവേദനയായിട്ടുണ്ട്.