ഇസ്രായേലിനോട് ചേര്‍ന്ന് അമേരിക്ക നടത്തുന്ന നീക്കങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാനൊരുങ്ങി ഇറാന്‍. (Iran will not stand idly by if America plays along with Israel) ഇത് സംബന്ധമായ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ നല്‍കിയ മുന്നറിയിപ്പ് യാഥാര്‍ത്ഥ്യമാക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.
|
ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്കു നേരെ അമേരിക്കയോ ഇസ്രായേലോ ഏതെങ്കിലും തരത്തിലുള്ള ആക്രമണം നടത്തിയാല്‍ അതു പിന്നീട് സമ്പൂര്‍ണ യുദ്ധത്തിലേക്കായിരിക്കും നയിക്കുകയെന്ന് ഈ മാസം ആദ്യം നടന്ന ഖത്തര്‍ സന്ദര്‍ശനവേളയില്‍ ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ച്ചിയും താക്കീത് നല്‍കിയിരുന്നു. അത്തരം നീക്കങ്ങള്‍ക്ക് സര്‍വസന്നാഹങ്ങളോടെയായിരിക്കും ഇറാന്‍ മറുപടി പറയുക എന്നാണ് മുന്നറിയിപ്പ്.
ഇപ്പോള്‍ ആണവായുധങ്ങളുടെ വികസനവും ഉപയോഗവും നിരോധിക്കുന്ന രാജ്യത്തെ ദീര്‍ഘകാല ഫത്വ(മതവിധി) പിന്‍വലിക്കണമെന്നാണ് ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ (ഐആര്‍ജിസി) മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ ഖാംനഇയോട് ആവശ്യപ്പെട്ടതായി ‘ദി ടെലിഗ്രാഫ്’ റിപ്പോര്‍ട്ട് ചെയ്തു. ഇറാനും അതിന്റെ പ്രാദേശിക എതിരാളികളും, പ്രത്യേകിച്ച് ഇസ്രയേലും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങളാണ് ഐആര്‍ജിസി കമാന്‍ഡര്‍മാരുടെ ഈ അഭ്യര്‍ത്ഥനയ്ക്ക് പിന്നില്‍.
അയല്‍രാജ്യങ്ങളില്‍ നിന്നുള്ള ഭീഷണികളുടെ പശ്ചാത്തലത്തില്‍ സമീപകാലത്തായി ഭൂരിഭാഗം ഇറാനികളും ഇപ്പോള്‍ ആണവായുധങ്ങള്‍ കൈവശം വയ്ക്കുന്നതിനെ അനുകൂലിക്കുന്നതായാണ് അടുത്തിടെ നടത്തിയ ഒരു സര്‍വേയും സൂചിപ്പിക്കുന്നത്. പാശ്ചാത്യ എതിരാളികളില്‍ നിന്നുള്ള വര്‍ദ്ധിച്ചുവരുന്ന സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍, രാജ്യത്തിന്റെ നിലനില്‍പ്പിന് അണുബോംബുകള്‍ കൈവശം വയ്‌ക്കേണ്ടത് അത്യാവശ്യമാണെന്നും ഐആര്‍ജിസി വാദിച്ചതായി റിപ്പോര്‍ട്ടുണ്ട്.
ആണവായുധങ്ങള്‍ ഇസ്ലാമിക തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് കൊണ്ടായിരുന്നു 1990-കളുടെ മധ്യത്തില്‍ പുറപ്പെടുവിച്ച, ആയത്തുള്ള ഖുമേനിയുടെ ഫത്വ 2003-ല്‍ പരസ്യമാക്കുന്നത്.
ഇത് ആണവായുധങ്ങളുടെ നിര്‍മ്മാണം, സംഭരണം, ഉപയോഗം എന്നിവയെ വിലക്കുകയും അവ ഇസ്ലാമിക തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കണക്കാക്കുകയും ചെയ്യുന്നതാണ്. ആണവായുധങ്ങളെക്കുറിച്ചുള്ള ഇറാന്റെ ഔദ്യോഗിക നിലപാടിന്റെ ഒരു മൂലക്കല്ലായിരുന്നു ഈ ഫത്വ.
എന്നാല്‍ ടെഹ്റാനടുത്തുള്ള ഇറാനിയന്‍ സൈനിക കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ സേന നടത്തിയ വ്യോമാക്രമണം ഉള്‍പ്പെടെയുള്ള പ്രാദേശിക സംഘര്‍ഷങ്ങള്‍ അടുത്തിടെ വര്‍ദ്ധിച്ചത് ദേശീയ പ്രതിരോധ തന്ത്രങ്ങളെക്കുറിച്ചുള്ള ആഭ്യന്തര ചര്‍ച്ചകള്‍ ശക്തമാക്കിയിട്ടുണ്ടെന്ന് എപി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാന്റെ മിസൈല്‍ നിര്‍മ്മാണവും മുന്‍ ആണവ ഗവേഷണവുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണങ്ങളും ഇറാനിയന്‍ ഉദ്യോഗസ്ഥരെ അവരുടെ പ്രതിരോധ ശേഷികള്‍ പുനഃപരിശോധിക്കാനും സാധ്യതയുള്ള ഭീഷണികളെ നേരിടുന്നതിനുള്ള പുതിയ തന്ത്രങ്ങള്‍ പരിഗണിക്കാനും നിര്‍ബന്ധിതരാക്കിയെന്നുമാണ് എപി റിപ്പോര്‍ട്ട് ചെയ്യുന്നത്.


