റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലെ വിമാനത്താവളത്തില്‍ 2 വയസ്സുകാരനായ ഇറാന്‍ ബാലനെ എടുത്തുയര്‍ത്തി നിലത്തടിച്ചു. (Iranian Boy In Coma After Man Slams Him To Floor At Moscow Airport) തലയോട്ടിയും നട്ടെല്ലും തകര്‍ന്ന് ഗുരുതരാവസ്ഥയിലായ കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ മരണത്തോട് മല്ലിടുകയാണ്.
|
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇറാനിലെ ഇസ്രായേല്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടാണ് കുട്ടിയും മാതാവും റഷ്യയിലെത്തിയത്.
കുട്ടി ഒരു ട്രോളി ബാഗിന്റെ കൈപ്പിടിയില്‍ തൊട്ട് വിമാനത്താവളത്തില്‍ നില്‍ക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ഈ സമയമാണ് വെളുത്ത ടീഷര്‍ട്ട് ധരിച്ച ഒരാള്‍ പിറകില്‍ നിന്ന് വരുന്നത്. ചുറ്റും ആരുമില്ലെന്ന് ഉറപ്പ് വരുത്തിയ ഇയാള്‍ കുട്ടിയുടെ തൊട്ടടുത്തെത്തി മുകളിലേക്ക് എടുത്തുയര്‍ത്തി നിലത്തടിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യം ഇന്ത്യയിലെ ഇറാന്‍ എംബസി എക്‌സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
റഷ്യന്‍ വിമാനത്താവളത്തില്‍ ഇറാന്‍ ബാലനെ കാലില്‍ പിടിച്ചുയര്‍ത്തി നിലത്തടിച്ചു; കുട്ടി കോമയില്‍ Iranian Boy, 2, In Coma After Man Slams Him To Floor At Moscow Airport pic.twitter.com/GlvFGFbdMA
— Newstaglive (@newstaglive) June 25, 2025
ബെലാറസ് പൗരനായ വ്ളാദിമിര്‍ വിറ്റ്കോവ് എന്ന 31കാരനാണ് കുഞ്ഞിനെ ആക്രമിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ജൂതവംശജനാണെന്ന് പറയപ്പെടുന്നു. കുഞ്ഞിനെതിരായ ആക്രമണത്തിന് പിന്നില്‍ വംശീയ വിദ്വേഷമോ മറ്റേതെങ്കിലും കാരണമോ ഉണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. അക്രമി മയക്കുമരുന്നിന് അടിമയാണെന്നാണ് പ്രാഥമിക നിഗമനം.
മാതാവ് കുഞ്ഞിന്റെ പുഷ് ചെയര്‍ എടുക്കാന്‍ തൊട്ടപ്പുറത്തേക്ക് പോയ സമയത്താണ് അക്രമമുണ്ടായത്. സംഭവം കണ്ട് ഓടിയെത്തിയ മറ്റൊരു യാത്രക്കാരനാണ് കുഞ്ഞിനെ നിലത്ത് നിന്ന് വാരിയെടുത്തത്.


