തെഹ്‌റാന്‍: ഇറാനിലും ഇസ്രായേലിലും ആക്രമണം തുടരുന്നതിനിടെ സമാധാനത്തിന്റെ വഴികള്‍ തേടി യൂറോപ്യന്‍ യൂണിയന്‍. (Iran’s FM to meet European officials) ഇന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യമന്ത്രിമാരുമായി ഇറാന്റെ സുപ്രധാന ചര്‍ച്ച.
|
ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി, ബ്രിട്ടീഷ് വിദേശ കാര്യ സെക്രട്ടറി ഡേവിഡ് ലമ്മി, ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ നോയല്‍ ബാരോട്ട്, ജര്‍മന്‍ വിദേശകാര്യ മന്ത്രി ജൊഹാന്‍ വദേഫുല്‍, യൂറോപ്യന്‍ യൂണിയന്‍ വിദേശനയ മേധാവി കാജ കല്ലാസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
ഇസ്രായേലിനൊപ്പം അമേരിക്കയും നേരിട്ട് ആക്രമണത്തില്‍ പങ്കെടുത്തേക്കുമെന്ന ആശങ്കകള്‍ക്കിടെയാണ് സമവായ യോഗം. 2015ലെ ഇറാന്‍ ആണവ കരാറില്‍ ഒപ്പുവച്ച് രാജ്യങ്ങളാണ് ഫ്രാന്‍സും ജര്‍മനിയും ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും. ആഗോള ഉപരോധം അവസാനിപ്പിക്കുന്നതിന് പകരമായി ഇറാന്‍ അണ്വായുധ പദ്ധതി ഉപേക്ഷിക്കാമെന്നായിരുന്നു കരാര്‍. എന്നാല്‍, 2018ല്‍ ട്രംപ് ഏകപക്ഷീയമായി കരാറില്‍ നിന്ന് പിന്മാറുകയായിരുന്നു.
ALSO READ: ഇസ്രായേലിലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് കെട്ടിടം ഇറാന്‍ മിസൈലാക്രമണത്തില്‍ തകര്‍ന്നു
ചര്‍ച്ചയില്‍ ഇറാന്റെ നിലപാടിനനുസരിച്ച് യുഎസ് തീരുമാനമെടുക്കുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. രണ്ടാഴ്ച സമയം ട്രംപ് അനുവദിച്ചത് ഇറാന് ചര്‍ച്ചക്കുള്ള സാധ്യത ഒരുക്കാനാണെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
ഇന്നു മുതല്‍ മൂന്ന് ദിനം തുടര്‍ച്ചയായി ഇന്റലിജന്‍സ് വിഭാഗം ഇറാനിലെ സാഹചര്യം ട്രംപിന് വിശദീകരിക്കും. അതേസമയം, സമവായത്തിന് ട്രംപ് ശ്രമിക്കുന്നത് തന്ത്രത്തിലൂടെ ആക്രമണം നടത്താനാകാമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ഇസ്രായേല്‍ ഇറാന്‍ സംഘര്‍ഷ പശ്ചാത്തലത്തില്‍ ഇറാനിലെ ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കുന്ന ദൗത്യം തുടരുകയാണ്. ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗ്മായി വടക്കന്‍ ഇറാനില്‍ നിന്ന് ഒഴിപ്പിച്ച 110 വിദ്യാര്‍ത്ഥികളാണ് ഇന്നലെ രാജ്യത്ത് മടങ്ങിയെത്തിയത്. ഇറാനില്‍ നിന്ന് ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്.
350 ലധികം അഭ്യര്‍ത്ഥനകള്‍ സര്‍ക്കാരിന് ലഭിച്ചതായി വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് ഇന്നലെ ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാന്‍ ഇന്ന് ഒരു വിമാനം തുര്‍ക്ക്‌മെനിസ്താനിലേക്ക് പോകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


