ബെയ്‌റൂത്ത്: ഇറാന്‍ ഖുദ്‌സ് ഫോഴ്‌സ് മേധാവി ഇസ്മായീല്‍ ഖാനി ഇസ്രായേലിന് വേണ്ടി ചാര പ്രവര്‍ത്തനം നടത്തുന്നതായി സംശയം. (Iran’s top commander a Mossad agent? ) ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഖാനിയെ വീണ്ടു തടങ്കലിലാക്കി ചോദ്യം ചെയ്യുകയാണെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങളെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപോര്‍ട്ട് ചെയ്തു.
|
നസ്‌റുല്ല കൊല്ലപ്പെട്ടതിന് ശേഷം ലബ്‌നാനിലെത്തിയ ബ്രിഗേഡിയര്‍ ജനറല്‍ ഖാനിയെക്കുറിച്ച് പിന്നീട് വിവരമൊന്നുമില്ല. നസ്‌റുല്ലയ്ക്ക് പിന്നാലെ ഹിസ്ബുല്ല മേധാവിയെയാവുമെന്ന് കരുതപ്പെടുന്ന ഹാഷിം സഫിയുദ്ദീന് നേരെയും ഇസ്രായേല്‍ ആക്രമണം നടന്നിരുന്നു. സഫിയുദ്ദീന്‍ പങ്കെടുത്ത യോഗത്തില്‍ ഖാനിയും പങ്കെടുക്കേണ്ടതായിരുന്നു.
എന്നാല്‍, ഖാനി അവസാന നിമിഷം യോഗത്തില്‍ നിന്ന് പിന്മാറിയതായാണ് റിപോര്‍ട്ട്. ആക്രമണത്തില്‍ സഫിയുദ്ദീന്‍ കൊല്ലപ്പെട്ടതായാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്. എന്നാല്‍, ഇക്കാര്യം ഹിസ്ബുല്ല ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഇതിന് പിന്നാലെയാണ് ഖാനിയെക്കുറിച്ച് സംശയമുയര്‍ന്നത്. ഇതേ തുടര്‍ന്ന് ഖാനി ഉള്‍പ്പെടെ മുതിര്‍ന്ന ഇറാന്‍ സൈനിക മേധാവികളെ ചോദ്യം ചെയ്യുന്നതായാണ് റിപോര്‍ട്ട്. 2020ല്‍ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിന് പിന്നാലെയാണ് ഇസ്മായീല്‍ ഖാനി ഖുദ്‌സ് ഫോഴ്‌സ് മേധാവി ആയി ചുമതലയേറ്റത്.
ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ വച്ച് കൊല്ലപ്പെട്ടപ്പോള്‍ മുതല്‍ മൊസാദിന്റെ നുഴഞ്ഞു കയറ്റത്തെക്കുറിച്ച് സംശയമുയര്‍ന്നിരുന്നു. ഇറാന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇസ്രായേലിന് വേണ്ടി ചാരപ്പണി നടത്തുന്നതായാണ് സംശയം.
ഹസന്‍ നസ്‌റുല്ലയോടൊപ്പം കൊല്ലപ്പെട്ട ഖുദ്‌സ് ഫോഴ്‌സ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ അബ്ബാസ് നിലോഫര്‍ഷാന്റെ അവസാന നിമിഷങ്ങളെക്കുറിച്ചും ഇറാന്‍ അന്വേഷിച്ചു വരികയാണ്. നിലോഫര്‍ഷാനുമായി കൂടിക്കാഴ്ച്ച നടത്തുന്നതിന് വേണ്ടിയാണ് മറ്റൊരു സ്ഥലത്തുണ്ടായിരുന്ന നസ്‌റുല്ല ആക്രമണം നടന്ന സ്ഥലത്തത്തിയത്.
അന്ന് വൈകീട്ടാണ് നിലോഫര്‍ഷാന്‍ തെഹ്‌റാനില്‍ നിന്ന് ബെയ്‌റൂത്തിലെത്തിയത്. നസ്‌റുല്ല എത്തുന്നതിന് തൊട്ടുമുമ്പാണ് അദ്ദേഹം സംഭവ സ്ഥലത്ത് എത്തിച്ചേര്‍ന്നത്. നസ്‌റുല്ല സ്ഥലത്തെത്തിയതിന് തൊട്ടുപിന്നാലെ ആക്രമണം നടന്നു.
നിലോഫര്‍ഷാന്റെ വരവും യോഗ സ്ഥലവും അറിയാവുന്ന ആരോ ആണ് വിവരം ഇസ്രായേലിന് ചോര്‍ത്തിക്കൊടുത്തതെന്നാണ് ഹിസ്ബുല്ല സംശയിക്കുന്നത്. അത് തീര്‍ച്ചയായും ഇറാനില്‍ നിന്നായിരിക്കുമെന്നും ഹിസ്ബുല്ല വൃത്തങ്ങള്‍ പറയുന്നു.


