കൊച്ചി: ഐ എസ് എല്‍ പത്താം സീസണിലെ രണ്ടാം മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിക്ക് വിജയം. ഇന്ന് കൊച്ചിയില്‍ ജംഷദ്പൂര്‍ എഫ് സിയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്‌സ് മറുപടിയില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. ക്യാപ്റ്റന്‍ ലൂണ ആണ് ഇന്ന് ഗോളുമായി ബ്ലാസ്റ്റേഴ്‌സിന്റെ ഹീറോ ആയത്.
|
കാര്യമായി അവസരങ്ങള്‍ സൃഷ്ടിക്കപ്പെടാത്ത വിരസമായ ആദ്യ പകുതിയാണ് കാണാന്‍ ആയത്. ഇരു ടീമുകളും ആദ്യ പകുതിയില്‍ ഗോള്‍ കീപ്പര്‍മാരെ പരീക്ഷിച്ചില്ല. കേരള ബ്ലാസ്റ്റേഴ്‌സ് ആണ് പന്ത് കൂടുതല്‍ സമയം കൈവശം വെച്ചത്. എന്നാല്‍ ഇരു ടീമുകള്‍ക്കും ആകെ 2 ഷോട്ട് ഓണ്‍ ടാര്‍ഗറ്റ് വീതമെ ആദ്യ പകുതിയില്‍ ഉണ്ടായിരുന്നുള്ളൂ. ജംഷദ്പൂര്‍ എഫ് സി താരം ഇമ്രാന്‍ ഖാന്‍ പരിക്ക് കാരണം ആദ്യ പകുതിയില്‍ കളം വിടേണ്ടി വന്നു.
40ആം മിനുട്ടില്‍ ലൂണയുടെ ഒരു നല്ല ക്രോസ് ഗോള്‍ പോസ്റ്റിനുരുമ്മിയാണ് പുറത്ത് പോയത്. ഇതായിരുന്നു ആദ്യ പകുതിയില്‍ ഗോളിനോട് ഏറ്റവും അടുത്തു വന്ന നിമിഷം. രണ്ടാം പകുതിയില്‍ ജംഷദ്പൂര്‍ മെച്ചപ്പെട്ട രീതിയില്‍ തുടങ്ങി. സബ്ബായി എത്തിയ മലയാളി താരം എമില്‍ ബെന്നി കേരള ബ്ലാസ്റ്റേഴ്‌സ് ഡിഫന്‍സിന് ചെറിയ തലവേദന സൃഷ്ടിച്ചു. 59ആം മിനുട്ടില്‍ ചിമ ചുക്വുവിന് ഒരു സുവര്‍ണ്ണാവസരം ലഭിച്ചെങ്കിലും ഷോട്ട് എടുക്കാന്‍ ആയില്ല.
തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ദിമിയെയും വിബിന്‍ മോഹനനെയും കളത്തില്‍ എത്തിച്ചു. 70ആം മിനുട്ടില്‍ ജീക്‌സന്റെ പാസ് സ്വീകരിച്ച് കുതിച്ച ഐമന്റെ ഷോട്ട് പക്ഷെ ടാര്‍ഗറ്റിലേക്ക് എത്തിയില്ല. അവസാനം ലൂണ തന്നെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷയ്ക്ക് എത്തി.
74ആം മിനുട്ടില്‍ ലൂണയും ദിമിയും ചേര്‍ന്ന് നടത്തിയ ഒരു ലോകോത്തര നീക്കം ബ്ലാസ്റ്റേഴ്‌സിന് ലീഡ് നല്‍കി. ഡെയ്‌സുകെയില്‍ നിന്ന് പാസ് സ്വീകരിച്ച ലൂണ ഒരു ഫ്‌ളിക്കിലൂടെ ദിമിയെ കണ്ടെത്തി. ദിമി ഒരു പ്ലേറ്റില്‍ എന്ന പോലെ പന്ത് ലൂണയ്ക്ക് മുന്നില്‍ വെച്ചു. ലൂണ മികച്ച ഫിനിഷിലൂടെ രഹ്നേഷിനെ മറികടന്ന് ബ്ലാസ്റ്റേഴ്‌സിനെ മുന്നില്‍ എത്തിച്ചു. സ്‌കോര്‍ 1-0.
ഇതിനു ശേഷം 80ആം മിനുട്ടില്‍ സച്ചിന്‍ സുരേഷിന്റെ ഒരു മികച്ച സേവ് കേരള ബ്ലാസ്റ്റേഴ്‌സിനെ രക്ഷിക്കുന്നത് കാണാനായി. ഇതിനു ശേഷം ദിമിക്ക് ഒരു നല്ല അവസരം ലീഡ് ഇരട്ടിയാക്കാന്‍ ലഭിച്ചു. ആ അവസരം പക്ഷെ ലക്ഷ്യത്തില്‍ എത്തിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് സ്‌ട്രൈക്കര്‍ക്ക് ആയില്ല. ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് 2 മത്സരങ്ങളില്‍ നിന്ന് 6 പോയിന്റുമായി ലീഗില്‍ മോഹന്‍ ബഗാനൊപ്പം ഒന്നാമത് നില്‍ക്കുകയാണ്. ഇനി ഒക്ടോബര്‍ എട്ടിന് മുംബൈ സിറ്റിക്ക് എതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം.


