16
Oct 2024
Mon
16 Oct 2024 Mon
Fethullah Gulen

ന്യുയോര്‍ക്ക്: തുര്‍ക്കിയയിലെ പ്രശസ്ത ഇസ്‌ലാമിക പണ്ഡിതനും പരിഷ്‌കരണ പ്രസ്ഥാന നേതാവുമായ ഫത്ഹുല്ല ഗുലന്‍ നിര്യാതനായി.(Islamic scholar Fathullah Gulen has passed away)  83 വയസ്സായിരുന്നു. 1999 മുതല്‍ അമേരിക്കയിലെ പെന്‍സില്‍വേനിയയില്‍ പ്രവാസജീവിതം നയിക്കുന്ന ഗുലന്‍, ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകീട്ടാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘ഹിസ്മത്’ എന്നറിയപ്പെടുന്ന ഗുലന്‍ പ്രസ്ഥാനത്തിന് തുര്‍ക്കിയക്ക് പുറമെ ഇന്ത്യ, അമേരിക്ക, ആഫ്രിക്ക, മധ്യേഷ്യ, ലാറ്റിനമേരിക്ക അടക്കം നൂറ്റിമുപ്പതോളം രാജ്യങ്ങളില്‍ ശക്തമായ വേരുകളുണ്ട്.

തുര്‍ക്കിയയുടെ രാഷ്ട്രീയ സാമൂഹിക രംഗത്ത് വലിയ സ്വാധീനമുണ്ടായിരുന്നു ഗുലന്. ആദ്യകാലത്ത് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. എന്നാല്‍, പിന്നീട് ഇരുവരും തെറ്റുകയായിരുന്നു.

ALSO READ: സൈനിക താവളങ്ങളെക്കുറിച്ച് ഇറാന് വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയ 7 പേരെ അറസ്റ്റ് ചെയ്ത് ഇസ്രായേല്‍

2016 ജുലൈ 15ന് ഉര്‍ദുഗാന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ നടന്ന പട്ടാളനീക്കത്തില്‍ ഫത്ഹുല്ല ഗുലന് ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നു. തുടര്‍ന്ന് ഗുലന്‍ പ്രസ്ഥാനത്തെ തീവ്രവാദ സംഘടനയായി തുര്‍ക്കിയ പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തിനെതിരെ തുര്‍ക്കി കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും അമേരിക്കന്‍ സര്‍ക്കാറിനോട് ഗുലനെ കൈമാറാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍, അട്ടിമറിയിലെ പങ്കാളിത്തം നിഷേധിച്ച ഗുലന്‍, ഉര്‍ദുഗാന്‍ ജനാധിപത്യം ഇല്ലാതാക്കുകയാണെന്ന് പ്രതികരിച്ചു. തുര്‍ക്കിയയിലെ ജുഡീഷ്യല്‍ സംവിധാനം സ്വതന്ത്രമല്ലെന്നും വാറന്റ് ഉര്‍ദുഗാന്റെ സ്വേച്ഛാധിപത്യത്തിന്റെ മറ്റൊരു ഉദാഹരണമാണെന്നുമായിരുന്നു ഗുലന്റെ പ്രതികരണം.

നിരവധി സ്‌കൂളുകളും ബിസിനസ് സ്ഥാപനങ്ങളുമടക്കം നടത്തുന്ന ഗുലന്‍ നെറ്റ്വര്‍ക്ക് ഇന്ത്യയടക്കം വിവിധ ലോകരാജ്യങ്ങളില്‍ സ്വാധീനമുള്ള സംഘടനയാണ്. 1999ല്‍ രാജ്യത്തെ സെക്യുലര്‍ സ്വഭാവത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് ഗുലനെതിരെ കേസെടുത്തതോടെയാണ് അദ്ദേഹം അമേരിക്കയിലേക്ക് പലായനം ചെയ്തത്.

ഉര്‍ദുഗാനുമായും എ.കെ പാര്‍ട്ടിയുമായും തുടക്കത്തില്‍ നല്ല ബന്ധത്തിലായിരുന്നു ഗുലന്‍. ഉര്‍ദുഗാന്‍ ഭരണത്തിലേറുന്നതില്‍ ഗുലനും ഹിസ്മത് പ്രസ്ഥാനവും നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. 2002ല്‍ ഉര്‍ദുഗാന്‍ സര്‍ക്കാറിന്റെ പ്രധാന സഖ്യകക്ഷിയായിരുന്നു ഹിസ്മത് പാര്‍ട്ടി.

എന്നാല്‍, 2013ന് ശേഷമാണ് ഇരുവരും തെറ്റിയത്. 2014ല്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം 27 പേരെ സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമം തടയുന്നതിന്റെ ഭാഗമായി അറസ്റ്റ് ചെയ്തതോടെ ഉര്‍ദുഗാന്‍ – ഗുലന്‍ ബന്ധം ഉലഞ്ഞു. 2016ല്‍നടന്ന പട്ടാള അട്ടിമറി ശ്രമത്തോടെ ഇരുവിഭാഗവും പൂര്‍ണ ശത്രുതയിലായി.