15
Feb 2025
Thu
15 Feb 2025 Thu

ലിസ്ബണ്‍: വ്യവസായിയും ഇസ്മാഈലി ശിയാ വിഭാഗം ആഗോള നേതാവുമായിരുന്ന കരീം അല്‍ ഹുസൈനി ആഗാ ഖാന്‍ നാലാമന്‍ അന്തരിച്ചു. 89 വയസ്സുണ്ട്. ഇറാനില്‍നിന്ന് (പേര്‍ഷ്യ) ബ്രിട്ടീഷ് ഇന്ത്യയിലേക്ക് കുടിയേറിയ കുടുംബത്തിന്റെ പിന്‍മുറക്കാരനായ ആഗാ ഖാന്‍, സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആണ് ജനിച്ചത്. ബ്രിട്ടിഷ് പൗരത്വമുള്ള അദ്ദേഹം ഫ്രാന്‍സില്‍ ആണ് വളര്‍ന്നതെങ്കിലും പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിബ്‌സണിലെ ആശുപത്രിയില്‍ വച്ചാണ് മരണം. ഒന്നരകോടിയോളം അനുയായികളുള്ള ഇസ്മാഈലി വിഭാഗത്തിന്റെ ആത്മീയനേതാവായി അറിയപ്പെടുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലോകമെമ്പാടുമുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഖാനെ, 2014 ല്‍ ഇന്ത്യ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു. 600 കോടിയാണ് ആഗാ ഖാന്റെ ആസ്തി. ഫ്രാന്‍സിലായിരിക്കുമ്പോഴും പലപ്പോഴും ഖാന്‍ ഇന്ത്യ സന്ദര്‍ശിക്കുകയുണ്ടായി.

ഇസ്ലാമിലെ നാലാമത്തെ ഖലീഫ ഹസ്‌റത്ത് അലിയുടെ കുടുംബപരമ്പരയില്‍പ്പെട്ടയാളായാണ് ആഗാ ഖാന്‍ വിശേഷിപ്പിക്കപ്പെടുന്നത്.

ഗുജറാത്തിലെ മുന്ദ്രയില്‍ ഖാന്റെ മുത്തച്ഛന്‍ സര്‍ സുല്‍ത്താന്‍ മഹമ്മദ് ഷാ സ്ഥാപിച്ച ആദ്യആഗാ ഖാന്‍ സ്‌കൂള്‍ രാജ്യത്തെ ഏറ്റവും പഴക്കമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഒന്നാണ്. സാംസ്‌കാരിക പുനരുജ്ജീവനം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, കുടിവെള്ളം, ശുചിത്വം, ഗ്രാമവികസനം, ദരിദ്ര സമൂഹങ്ങള്‍ക്കുള്ള ധനലഭ്യത എന്നിവയുള്‍പ്പെടെ രാജ്യത്തെ വികസന മുന്‍ഗണനകളുടെ വിശാലമായ മേഖലകളില്‍ ആഗാ ഖാന്റെ സ്ഥാപനങ്ങള്‍ ഇടപെട്ടു. ഈ സേവനങ്ങള്‍ മാനിച്ചാണ് രാജ്യം പത്മ പുരസ്‌കാരം നല്‍കിയത്.

ജര്‍മന്‍ പോപ് ഗായികയായിരുന്നു ആദ്യ ഭാര്യ. 50 കോടി പൗണ്ട് നല്‍കിയാണ് ഇവരില്‍ നിന്ന് വിവാഹമോചനം നേടിയത്. സഹ്‌റ, റഹീം, ഹുസൈന്‍, അലി മുഹമ്മദ് എന്നീ നാലുമക്കളുണ്ട്. അദ്ദേഹത്തിന്റെ പിന്‍മുറക്കാരനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ആഗാഖാന്റെ പേരിലുള്ള ഫൗണ്ടേഷന്‍ അറിയിച്ചു.

Ismaili Shia spiritual leader Aga Khan passes away