20
Jun 2025
Fri
20 Jun 2025 Fri
cluster munition iran

ടെല്‍അവീവ്: സംഘര്‍ഷം എട്ടാം ദിവസത്തിലേക്ക് നീളുമ്പോള്‍ ഇസ്രായേലിനെതിരേ വജ്രായുധം പുറത്തെടുത്ത് ഇറാന്‍. (Israel believes ‘cluster munitions’ used in Iranian missile attack) ഇസ്രായേലിനെതിരേ ക്ലസ്റ്റര്‍ ബോംബുകളടങ്ങുന്ന മിസൈലുകള്‍ പ്രയോഗിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതാദ്യമായാണ് സംഘര്‍ഷത്തില്‍ ഇറാന്‍ ബോംബ് പ്രയോഗിക്കുന്നത്. എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ സൈന്യം തയ്യാറായില്ല.

മിസൈലുകളില്‍ പോര്‍മുനയായി സ്ഥാപിക്കുന്ന ക്ലസ്റ്റര്‍ ബോംബ് തൊടുക്കുമ്പോള്‍ ഒന്നാണെങ്കിലും ലക്ഷ്യസ്ഥാനത്ത് പതിക്കുമ്പോള്‍ അമ്പതും നൂറും ബോംബുകളായി പതിക്കുന്നതാണ് ക്ലസ്റ്റര്‍ ബോംബുകള്‍. അന്തരീക്ഷത്തില്‍ വച്ച് തന്നെ മിസൈല്‍ പൊട്ടിത്തെറിക്കുകയും നിരവധി ചെറുമിസൈലുകള്‍ എട്ട് കിലോമീറ്റര്‍ പരിധിയില്‍ നാശം വിതക്കുകയും ചെയ്യും. വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്ക് തടയാന്‍ വളരെ പ്രയാസകരമാണെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

cluster munition iran

ഇത് വന്‍ ആഘാതം സൃഷ്ടിക്കുന്നതും ഏറെ വിനാശകരവുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ലസ്റ്റര്‍ ബോംബുകള്‍ പോര്‍മുനയാക്കി തൊടുത്ത മിസൈല്‍ പതിച്ച് മധ്യ ഇസ്രയേലില്‍ എട്ട് കിലോമീറ്ററോളം ചുറ്റളവില്‍ നാ
ശനഷ്ടങ്ങളുണ്ടായതായും റിപോര്‍ട്ടില്‍ പറയുന്നു. ഇതില്‍ പൊട്ടാത്ത വെടിക്കോപ്പുകളുടെ അപകടസാധ്യതയെക്കുറിച്ച് ഇസ്രയേല്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മധ്യ ഇസ്രയേലിലെ അസോറില്‍ ക്ലസ്റ്റര്‍ ബോംബുകള്‍ പതിച്ചതായും ഇത് നാശനഷ്ടങ്ങളുണ്ടാക്കിയെന്നും ടൈംസ് ഓഫ് ഇസ്രയേല്‍ ലേഖകന്‍ ഇമ്മാനുവല്‍ ഫാബിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ALSO READ: ഖാംനഇയെ കൊലപ്പെടുത്തിയാല്‍ ഹിസ്ബുല്ല കളത്തിലിറങ്ങും

2008ല്‍ അന്താരാഷ്ട്രതലത്തില്‍ നിരോധിച്ച ആയുധമാണ് ഇത്. ക്ലസ്റ്റര്‍ ബോംബ് മിസൈലുകളുടെ നിര്‍മ്മാണം, സംഭരണം, കൈമാറ്റം, ഉപയോഗം എന്നിവയ്ക്കെതിരെ 111 രാജ്യങ്ങള്‍ ഒപ്പുവെച്ചിരുന്നു. എന്നാല്‍ ഇതില്‍ ഇറാനും ഇസ്രയേലും പങ്കുചേര്‍ന്നിരുന്നില്ല.

ഇസ്രയേലിലെ സൊറോക ആശുപത്രി കഴിഞ്ഞ ദിവസം ഇറാന്‍ ബോംബിട്ട് തകര്‍ത്തിരുന്നു. സൊറോക ആശുപത്രി ആക്രമണത്തിന് ഇറാന്‍ കനത്തവില നല്‍കേണ്ടിവരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

പരമോന്നതനേതാവ് ആയത്തുല്ല അലി ഖാംനഇ ഉള്‍പ്പെടെ ഇറാനില്‍ ആരും സുരക്ഷിതരല്ലെന്ന് സൊറോക സന്ദര്‍ശിച്ച് നെതന്യാഹു ഭീഷണി മുഴക്കി. ഇറാന്റെ ആണവപദ്ധതികളെ പൂര്‍ണമായും തകര്‍ക്കുമെന്നു അദ്ദേഹം ആവര്‍ത്തിച്ചു. ആശുപത്രി ആക്രമണത്തെ റെഡ്‌ക്രോസ് അപലപിച്ചു.

അതിനിടെ, സയണിസ്റ്റുകളെ അനുകൂലിച്ച് അമേരിക്ക സംഘര്‍ഷത്തില്‍ ഇടപട്ടാല്‍ അവരെ പാഠംപഠിപ്പിക്കുമെന്ന് ഇറാന്‍ വിദേശകാര്യ സഹമന്ത്രി സയീദ് ഖതിബ്സദേഹ് മുന്നറിയിപ്പ് നല്‍കി. ഇത് അമേരിക്കയുടെ യുദ്ധമല്ലെന്നും പറഞ്ഞു.

സംഘര്‍ഷം പരിഹരിക്കാനുള്ള സാധ്യതതേടി യൂറോപ്യന്‍ രാജ്യങ്ങള്‍ ഇന്ന് സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ അടിയന്തരയോഗം ചേരും. ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പങ്കെടുക്കും. യുഎസ് ഭരണകൂടത്തിന്റെ പിന്തുണയോടെയാണ് യോഗമെങ്കിലും യുഎസ് പ്രതിനിധികള്‍ പങ്കെടുക്കില്ല.