സന്‍ആ: യമന്‍ തലസ്ഥാനമായ സന്‍ആയിലെ വിമാനത്താവളത്തില്‍ ഇസ്രായേല്‍ ബോംബ് വര്‍ഷം. (Israel bombs Yemeni capital; Houthis vow to retaliate) ഹുദൈദ തുറമുഖവും നേരത്തെ ഇസ്രായേല്‍ ആക്രമിച്ചിരുന്നു. പ്രദേശത്തുള്ളവരെല്ലാം ഒഴിഞ്ഞുപോകണമെന്നാണ് ഇസ്രായേലിന്റെ ഭീഷണി. അതേസമയം, ഇസ്രായേല്‍ അതിക്രമത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഹൂത്തികള്‍ മുന്നറിയിപ്പ് നല്‍കി.
|
24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് ഇസ്രായേല്‍ യമന്‍ തലസ്ഥാനത്തെ ലക്ഷ്യമിടുന്നത്. നേരത്തെ ഇസ്രായേലിലെ വിമാനത്താവളം യമനിലെ ഹൂതികള്‍ ആക്രമിച്ചിരുന്നു. വലിയ നാശമാണ് ഹൂത്തി ആക്രമണത്തില്‍ ഇസ്രായേല്‍ വിമാനത്താവളത്തിലുണ്ടായത്.
വ്യോമാക്രമണത്തില്‍ സാരമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതായും വിമാനത്താവളം പ്രവര്‍ത്തനരഹിതമായെന്നുമാണ് ഇസ്രായേലി സൈന്യം അവകാശപ്പെടുന്നത്. മൂന്ന് സിവിലിയന്‍ വിമാനങ്ങള്‍, പുറപ്പെടല്‍ ഹാള്‍, വിമാനത്താവള റണ്‍വേ, ഹൂതി നിയന്ത്രണത്തിലുള്ള ഒരു സൈനിക വ്യോമതാവളം എന്നിവയാണ് ആക്രമണത്തിലൂടെ ലക്ഷ്യമിട്ടതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം സന്‍ആയില്‍ ആളപായമോ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇസ്രായേലിന്റെ വിമാനത്താവളങ്ങളെ ഇനിയും ലക്ഷ്യമിടുമെന്നും സമഗ്ര വ്യോമ ഉപരോധം തന്നെ ഏര്‍പ്പെടുത്തുമെന്നാണ് ഹൂതികള്‍ അടുത്തിടെ പ്രഖ്യാപിച്ചത്.
ഇസ്രായേലിലെ ബന്‍ ഗുരിയോണ്‍ വിമാനത്താവളത്തിന് സമീപമാണ് ഹൂതികളുടെ ഹൈപ്പര്‍സോണിക് ബാലിസ്റ്റിക് മിസൈല്‍ പതിച്ചത്. അപ്രതീക്ഷിത ആക്രമണത്തിന്റെ അമ്പരപ്പില്‍ നിന്ന് ഇസ്രായേല്‍ ഇനിയും മോചനം നേടിയിട്ടില്ല. ഇതിന് പിന്നാലെ ഇസ്രായേലിലേക്കുള്ള എല്ലാ സര്‍വീസുകളും വിദേശ വിമാന കമ്പനികള്‍ നിര്‍ത്തിവെച്ചു.
മിസൈല്‍ പ്രതിരോധിക്കുന്നതില്‍ അമേരിക്ക കൈമാറിയ ‘താഡ്’ സംവിധാനം പരാജപ്പെട്ടതും ഇസ്രായേലിന് പുതിയ വെല്ലുവിളിയായിരുന്നു.
തിരിച്ചടിക്കുമെന്ന് ഹൂത്തികള്‍
ഇസ്രായേല്‍ ആക്രമണത്തിന് തീര്‍ച്ചയായും തിരിച്ചടി ലഭിക്കുമെന്ന് യമനിലെ ഹൂത്തി വിമതര്‍ മുന്നറിയിപ്പ് നല്‍കി. ഇസ്രായേല്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായും 35 പേര്‍ക്ക് പരിക്കേറ്റതായും ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള അല്‍ മസീറ ടിവി സ്ഥിരീകരിച്ചു.
”യമന്‍ തുറമുഖങ്ങള്‍, സന്‍ആ വ്യോമതാവളം, സിമന്റ് ഫാക്ടറികള്‍, വൈദ്യുത കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് നേരെയുള്ള ഇസ്രായേല്‍ ആക്രമണം യമനി ജനതയ്ക്ക് ഉപരോധം തീര്‍ക്കുന്നതിന്റെ ഭാഗമാണ്. എന്നാല്‍, ഇസ്രായേല്‍, അമേരിക്കന്‍ ആക്രമണങ്ങള്‍ക്ക് ഗസയ്ക്ക് പിന്തുണ നല്‍കുന്നതില്‍ നിന്ന് യമനെ പിന്തിരിപ്പിക്കാന്‍ ആവില്ല”- ഹൂത്തികള്‍ പ്രസ്താവനയില്‍ അറിയിച്ചു.


