16
Dec 2024
Thu
16 Dec 2024 Thu
israel attack in yemen

സന്‍ആ: യമന്‍ തലസ്ഥാനത്തിന് സമീപമുള്ള രണ്ട് പവര്‍ സ്റ്റേഷനുകളില്‍ ഇസ്രായേല്‍ ആക്രമണം.(Israel bombs Yemeni port and power stations)  ചെങ്കടലിലെ ഹുദൈദ തുറമുറത്തും റാസ് ഈസ എണ്ണ കേന്ദ്രത്തിലും അധിനിവേശ സൈന്യം ബോംബിട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആക്രമണം ഇസ്രായേല്‍ സൈന്യവും ഹൂത്തികളും സ്ഥിരീകരിച്ചു. ഇസ്രായേലിനെതിരേ തുടര്‍ച്ചയായി ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതിന് തിരിച്ചടിയാണ് വ്യോമാക്രമണമെന്നാണ് സൈന്യത്തിന്റെ ന്യായീകരണം. ഹൂത്തി വിമതര്‍ സൈനിക ഓപറേഷനുകള്‍ക്ക് വേണ്ടി ഉപയോഗിച്ചിരുന്നതാണ് ഈ കേന്ദ്രങ്ങളെന്ന് ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു.

രാത്രിയുടെ മറവില്‍ നടന്ന ആക്രമണത്തില്‍ ഡസന്‍ കണക്കിന് ഇസ്രായേലി യുദ്ധ വിമാനങ്ങളും ചാര വിമാനങ്ങളും പങ്കെടുത്തു. ഇസ്രായേലില്‍ നിന്ന് 2000 കിലോമീറ്റര്‍ അകലെയാണ് ആക്രമണം നടന്ന യമന്‍ തലസ്ഥാനം. ഹുദൈദ തുറമുഖത്ത് ഇസ്രായേല്‍ നേരത്തേയും ആക്രമണം നടത്തിയിട്ടുണ്ട്. എന്നാല്‍, തലസ്ഥാനമായ സന്‍ആയില്‍ ഇതാദ്യമാണ്.

ഇസ്രായേലിന്റെ നീണ്ട കൈകള്‍ നിങ്ങളിലേക്കെത്തുമെന്ന് പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് മുന്നറിയിപ്പ് നല്‍കി. ”ഞങ്ങളുടെ നേരെ ഉയര്‍ത്തുന്ന എല്ലാ കൈകകളും തകര്‍ക്കും. ഞങ്ങളെ ആക്രമിക്കുന്നവര്‍ക്കുള്ള തിരിച്ചടി പല മടങ്ങ് ശക്തമായിരിക്കും”- കാറ്റ്്‌സ് പറഞ്ഞു.

തലസ്ഥാനത്തെ പവര്‍ സ്റ്റേഷനുകളിലും റാസ് ഈസ എണ്ണ ടെര്‍മിനലിലും ഇസ്രായേല്‍ ബോംബിട്ടതായി ഹൂത്തി നിയന്ത്രണത്തിലുള്ള അല്‍ മസീറ ചാനല്‍ അറിയിച്ചു. അടുത്ത മണിക്കൂറുകളില്‍ ഒരു സുപ്രധാന പ്രഖ്യാപനവുണ്ടാവുമെന്ന് ഹൂത്തി വക്താവ് പ്രഖ്യാപിച്ചു.

മധ്യ ഇസ്രായേലിലേക്ക് ഹൂത്തികള്‍ തൊടുത്തു വിട്ട മിസൈല്‍ തകര്‍ത്തതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് റാമത്ത് ഗാനിലെ സ്‌കൂള്‍ തകര്‍ന്നു.