15
Oct 2025
Mon
15 Oct 2025 Mon
israel hostages

ഗാസയില്‍ ഹമാസുമായി നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിലെ ഒരു സുപ്രധാന ചുവടുവെയ്പ്പായി, ജീവിച്ചിരിക്കുന്ന ശേഷിച്ച ബന്ദികളെ തിങ്കളാഴ്ച രാവിലെ തിരിച്ചുകിട്ടുമെന്ന് ഇസ്രായേല്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജീവനോട് ശേഷിക്കുന്ന 20 തിങ്കളാഴ്ച ഒരുമിച്ച് തിരിച്ചെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സര്‍ക്കാര്‍ വക്താവ് ഷോഷ് ബെഡ്രോസിയന്‍ പറഞ്ഞു. മുന്‍ കൈമാറ്റങ്ങളില്‍ സംഭവിച്ചതുപോലെ, ബന്ദികളെ ആദ്യം റെഡ് ക്രോസിന് കൈമാറും. അവര്‍ ബന്ദികളെ ഗസയിലുള്ള ഒരു ഇസ്രായേലി സൈനിക താവളത്തിലേക്ക് കൊണ്ടുപോകും. അവിടെ പ്രാഥമിക വൈദ്യപരിശോധനകള്‍ക്ക് ശേഷം, ബന്ദികള്‍ക്ക് അവരുടെ കുടുംബാംഗങ്ങളുമായി ചേരുന്നതിനായി ഇസ്രായേലിലേക്ക് പോകാം.

റെഡ് ക്രോസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നതിനു മുന്നോടിയായി ബന്ദികളെ ഗാസയിലെ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായി ഹമാസ് വൃത്തങ്ങള്‍ അല്‍ ജസീറ അറബിയോട് പറഞ്ഞു.

തങ്ങളുടെ എല്ലാ ബന്ദികളും ഇസ്രായേല്‍ അതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ചു എന്ന് സ്ഥിരീകരിച്ചാല്‍, ഉടന്‍തന്നെ ഫലസ്തീന്‍ തടവുകാരെ വിട്ടയച്ചു തുടങ്ങുമെന്ന് ബെഡ്രോസിയന്‍ അറിയിച്ചു.

തടവുകാരുടെയും ബന്ദികളുടെയും കൈമാറ്റം

വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം, ഇസ്രായേല്‍ തടവില്‍ വെച്ചിട്ടുള്ള, 2,000ഓളം ഫലസ്തീനികളെ വിട്ടയക്കും. ഇതില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 250 പലസ്തീനികളും ഉള്‍പ്പെടുന്നു. എന്നാല്‍, ഫലസ്തീനികള്‍ ഏറെ നാളായി മോചനം ആവശ്യപ്പെടുന്ന തടവിലുള്ള ഫലസ്തീന്‍ നേതാവ് മര്‍വാന്‍ ബര്‍ഗൂത്തി ഈ പട്ടികയില്‍ ഉണ്ടാകില്ലെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയിട്ടുണ്ട്.

ALSO READ: കള്ള് ഷാപ്പില്‍ വച്ച് വിദേശമദ്യം കുടിക്കാനുള്ള ശ്രമം തടഞ്ഞു; ജീവനക്കാരനെ തല്ലിക്കൊന്ന് യുവാവ്

ചില തടവുകാരെ അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ വെച്ച് മോചിപ്പിക്കും. ഇവിടെ തടവുകാരുടെ ബന്ധുക്കളോട് ആഘോഷങ്ങള്‍ നടത്തരുതെന്നും മാധ്യമങ്ങളോട് സംസാരിക്കരുതെന്നും ഇസ്രായേല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

തടവിലിരിക്കെ മരിച്ചതായി സ്ഥിരീകരിച്ച 28 ബന്ദികളുടെ മൃതദേഹങ്ങള്‍ സ്വീകരിക്കാനും ഇസ്രായേല്‍ തയ്യാറെടുക്കുന്നുണ്ടെന്ന് ബെഡ്രോസിയന്‍ കൂട്ടിച്ചേര്‍ത്തു.

ചില ബന്ദികളുടെ കുടുംബങ്ങള്‍ അവരുടെ മോചനത്തേക്കാള്‍ സൈനിക വിജയത്തിന് നെതന്യാഹു പ്രാധാന്യം നല്‍കുന്നു എന്ന് ആരോപിച്ച് അദ്ദേഹത്തെ വിമര്‍ശിച്ചിരുന്നു. ശനിയാഴ്ച തെല്‍ അവീവില്‍ നടന്ന റാലിയില്‍ മധ്യേഷ്യയിലേക്കുള്ള യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് നെതന്യാഹുവിന്റെ നേതൃത്വത്തെ പ്രശംസിച്ചപ്പോള്‍, ജനക്കൂട്ടം കൂവിയാര്‍ത്തു.

‘ട്രംപിന്റെ ഷോ’

ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള കരാറിന്റെ ആദ്യ ഘട്ടത്തിന് ഇസ്രായേല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയതിന് മൂന്ന് ദിവസങ്ങള്‍ക്കു ശേഷമാണ് ആസൂത്രിത കൈമാറ്റം നടക്കുന്നത്. ഈ കരാറിന് ചുക്കാന്‍ പിടിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈജിപ്തിലെ ഉച്ചകോടിക്ക് മുമ്പ് ഇസ്രായേല്‍ സന്ദര്‍ശിക്കുന്നുണ്ട്.

ബന്ദികളെ ‘കുറച്ച് നേരത്തെ’ വിട്ടയച്ചേക്കാമെന്ന് ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്‌സ് വണ്ണില്‍ വെച്ച് ട്രംപ് റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞു. നെതന്യാഹുവുമായുള്ള തന്റെ ബന്ധം മികച്ചതാണെന്നും വെടിനിര്‍ത്തല്‍ കരാര്‍ മധ്യസ്ഥത വഹിച്ചതില്‍ ഖത്തര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. യുദ്ധം അവസാനിച്ചുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇന്നത്തെ തടവുകാരുടെ കൈമാറ്റത്തെ ഒരു ട്രപ് ഷോ എന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. ഇസ്രായേലില്‍ എത്തുന്ന ട്രംപ് ബന്ദികളുടെ കുടുംബാംഗങ്ങളെ കാണും. ക്‌നെസെറ്റിനെ (ഇസ്രായേല്‍ പാര്‍ലമെന്റ്) അഭിസംബോധന ചെയ്യും. അതിനുശേഷം ഈജിപ്തിലെ ഷാം അല്‍-ഷെയ്ഖിലേക്ക് പോകും. അവിടെയാണ് അദ്ദേഹം 20-ല്‍ അധികം രാജ്യങ്ങളിലെ നേതാക്കളെ വിളിച്ചുകൂട്ടിയിട്ടുള്ളത്.’

വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി, ഇസ്രായേലി സൈന്യം ഗസാ സിറ്റിയും മറ്റ് വടക്കന്‍ പ്രദേശങ്ങളും ഉള്‍പ്പെടെ ഗസയിലെ ചില ഭാഗങ്ങളില്‍ നിന്ന് പിന്‍വാങ്ങിയിട്ടുണ്ട്. എന്നിരുന്നാലും, അവര്‍ ഇപ്പോഴും ഗസയുടെ പകുതിയിലധികം പ്രദേശവും നിയന്ത്രിക്കുന്നുണ്ട്.

വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഞായറാഴ്ച ഡസന്‍ കണക്കിന് ട്രക്കുകള്‍ എത്തിയതോടെ മാനുഷിക സഹായങ്ങള്‍ ഗസയിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. എങ്കിലും, മാസങ്ങളോളം കടുത്ത ദുരിതം അനുഭവിച്ച ജനങ്ങള്‍ക്ക് സഹായ വിതരണം ഇപ്പോഴും മന്ദഗതിയിലാണ് എന്ന് അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു.

‘ആളുകള്‍ ഭക്ഷണത്തിനുവേണ്ടി മാത്രമല്ല, കൂടാരങ്ങള്‍, മൊബൈല്‍ ഷെല്‍ട്ടറുകള്‍, സോളാര്‍ പാനലുകള്‍, അത്യന്താപേക്ഷിതമായ മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും എന്നിവയ്ക്കുവേണ്ടിയും കാത്തിരിക്കുകയാണ് -റിപോര്‍ട്ടില്‍ പറയുന്നു.