|
ഗസ്സ: ഒരുവര്‍ഷം പിന്നിട്ടിട്ടും ഗസ്സയില്‍ കൂട്ടക്കൊലക്ക് അറുതിവരുത്താതെ ഇസ്രായേല്‍. സ്ത്രീകളും കുട്ടികളുമടക്കം നൂറിലധികം പേരെയാണ് ഇന്നലെ മാത്രം ഇസ്രായേല്‍ കൊന്നത്. 115 പേരെ കൂടി ഇന്നലെ അധിനിവേശ സേന കൂട്ടക്കൊല ചെയ്തു. ബൈത്ത് ലഹ്യയിലാണ് കൂടുതലും ആക്രമണം ഉണ്ടായത്. ഇവിടെ ജനസാന്ദ്രതയേറിയ പ്രദേശത്ത് താമസ കെട്ടിടങ്ങള്‍ ബോംബിട്ട് തകര്‍ക്കുകയായിരുന്നു. നിരവധി പേരെ കാണാനില്ലെന്നും ഇവര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 200 പേര്‍ താമസിച്ച കെട്ടിടത്തിലാണ് ആക്രമണം നടന്നത്. ഇന്നലെ വരെയുള്ള ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഗസ്സയില്‍ 2023 ഒക്ടോബര്‍ 7 ന് ശേഷം ഇതുവരെ 43,061 പേരാണ് കൊല്ലപ്പെട്ടത്. 1,01,223 പേര്‍ക്ക് പരുക്കേറ്റു.
അതേസമയം വടക്കന്‍ ഗസ്സയില്‍ ആക്രമണം നടത്തുന്ന ഇസ്‌റാഈല്‍ സൈന്യത്തിന് നേരെ ഹമാസിന്റെ പ്രത്യാക്രമണത്തില്‍ അഞ്ച് സയണിസ്റ്റ് സൈനികര്‍ കൊല്ലപ്പെട്ടു. ഇസ്‌റാഈല്‍ സൈന്യമാണ് ഇക്കാര്യം അറിയിച്ചത്. ക്യാപ്റ്റന്‍ യെഹൊനാഥന്‍ കെരേന്‍, സ്റ്റാഫ് സാര്‍ജന്റുമാരായ അവിവ് ഗില്‍ബോവ, നിസിം മേയ്തല്‍, നവോര്‍ ഹായ്‌മോവ് ഫെല്‍, മേജര്‍ ഗയ് യാക്കോവ് നെസ്രി എന്നിവരാണ് കൊല്ലപ്പെട്ടത്. നാലുപേര്‍ ഇസ്‌റാഈല്‍ സൈന്യത്തിന്റെ മള്‍ട്ടിഡിമന്‍ഷ്യനല്‍ യൂനിറ്റ് (888) ലെ അംഗങ്ങളും മേജര്‍ ഗയ് യാക്കോവ് നെസ്രി 401ാമത് സായുധ ബ്രിഗേഡിന്റെ 52ാം ബറ്റാലിയന്‍ അംഗവുമാണ്. ഒക്ടോബര്‍ 19ന് ജബാലിയ അഭയാര്‍ഥി ക്യാംപ് ആക്രമിക്കുന്നതിനിടെയാണ് ഗയ് യാക്കോവിന് ഹമാസിന്റെ പ്രത്യാക്രമണത്തില്‍ പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയവെയാണ് മറ്റ് സൈനികരും മരിച്ചതെന്ന് സൈന്യം അറിയിച്ചു.
Israel killed more than 100 people in one day in Gaza


