വെടിനിര്‍ത്തല്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ബന്ദികളെയും ഫലസ്തീന്‍ തടവുകാരെയും മോചിപ്പിച്ച് തുടങ്ങും
|
ഗസ്സ: നാലുദിവസം നീണ്ടുനില്‍ക്കുന്ന വെടിനിര്‍ത്തല്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടൊപ്പം വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായുള്ള ഫലസ്തീന്‍ തടവുകാരുടെയും ഹമാസ് ബന്ദികളാക്കിയവരുടെയും മോചനവും ഇന്ന് നടപ്പാക്കി തുടങ്ങും.
വെടിനിര്‍ത്തല്‍ ആരംഭിക്കുന്ന സമയക്രമം സംബന്ധിച്ച അവ്യക്തത പരിഹരിക്കുമെന്ന് അമേരിക്ക അറിയിച്ചു. രാവിലെ പ്രാദേശിക സമയം 6.30ന് (ഇന്ത്യന്‍ സമയം പത്ത് മണി) വെടിനിര്‍ത്തില്‍ പ്രാബല്യത്തില്‍ വരുമെന്നാണ് ഇസ്‌റാഈല്‍ അറിയിച്ചത്. എന്നാല്‍ ഹമാസ് അറിയിച്ചത് രാവിലെ 10 മണി (ഇന്ത്യന്‍ സമയം 12.30) ആണ്.
ബന്ദികളുടെ കൈമാറ്റം നടപ്പാകുന്നതോടെ ഗസ്സയിലേക്ക് കൂടുതല്‍ സഹായം എത്തിക്കും. സമഗ്രവെടിനിര്‍ത്തല്‍ നിര്‍ദേശം തള്ളിയ ഇസ്രായേല്‍, ഹമാസിനെ തുരത്തും വരെ യുദ്ധം തുടരുമെന്ന് മുന്നറിയിപ്പ് നല്‍കിയതിനാല്‍ വെടിനിര്‍ത്തല്‍ കഴിയുന്നതോടെ വീണ്ടും ആക്രമണം കനക്കുമെന്ന് വ്യക്തമായി.
ഗസ്സയില്‍ മരണസംഖ്യ 14,500 കടന്നിട്ടുണ്ട്. ഇന്നലെ കമാല്‍ അദ്‌വാന്‍ ആശുപത്രി പരിസരത്ത് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 60 ഓളം പേര്‍ കൊല്ലപ്പെട്ടുവെന്നും 1,000ത്തോളം പേര്‍ക്ക് പരിക്കേറ്റുവെന്നും റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റവരെ കമാല്‍ അദ്‌വാന്‍ ആശുപത്രിയില്‍ തന്നെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആശുപത്രിയിലെയും പരിസരങ്ങളിലെയും സ്ഥിതി ദുരിതപൂര്‍ണമാണെന്ന് ഡയറക്ടര്‍ അറിയിച്ചു. പ്രദേശത്ത് ഇസ്രായേലിന്റെ ഷെല്ലാക്രമണവും ബോംബാക്രമണവും വര്‍ധിക്കുകയാണ്. ഒരുപാട് ?കെട്ടിടങ്ങള്‍ക്ക് ആക്രമണങ്ങളില്‍ കേടുപാട് സംഭവിച്ചിട്ടുണ്ട്. വാദി ഗസ്സ മുതല്‍ വടക്കന്‍ ഗസ്സ വരെയുള്ള പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഏക ആശുപത്രി ഇതാണെന്നും ഡയറക്ടര്‍ വ്യക്തമാക്കി.


