ബെയ്‌റൂത്ത്: വെടിനിര്‍ത്തലിന് ശേഷവും ലബ്‌നാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നു പിന്മാറാതെ ഇസ്രായേല്‍. സൈനികര്‍ തമ്പടിച്ചിരുന്ന തെക്കന്‍ ലബ്‌നാന്‍ പ്രദേശങ്ങളിലെക്ക് താമസക്കാര്‍ മടങ്ങിവരുന്നതിന് സൈന്യം നിയന്ത്രണം ഏര്‍പ്പെടുത്തി. നിര്‍ദേശം ലംഘിച്ചാല്‍ വെടിവയ്ക്കുമെന്നാണു മുന്നറിയിപ്പ്.
|
14 മാസങ്ങള്‍ നീണ്ട ആക്രമണത്തിന് ശേഷം 60 ദിവസത്തേക്കാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതിര്‍ത്തി പ്രദേശങ്ങളിലേക്ക് മടങ്ങാന്‍ കുടുംബങ്ങളെ അനുവദിക്കാന്‍ സമയമായില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേല്‍ കറ്റ്‌സും ഉത്തരവിട്ടു.
തെക്കന്‍ ലബനാനില്‍ ഇസ്രായേല്‍ സേന നിലയുറപ്പിച്ച ഭാഗങ്ങളില്‍ പ്രവേശിക്കരുതെന്നും ഒഴിഞ്ഞുപോകാന്‍ ഉത്തരവിട്ട ഭാഗങ്ങളിലേക്ക് പൗരന്മാര്‍ മടങ്ങരുതെന്നുമാണ് നിര്‍ദേശം.
ലിറ്റാനി പുഴയുടെ വടക്കുഭാഗത്തുള്ള ഹിസ്ബുല്ല പോരാളികള്‍ പിന്‍വാങ്ങണമെന്നും ഉപാധിയുണ്ട്. ദക്ഷിണ ലബനാന്‍ അതിര്‍ത്തിയില്‍ നിന്ന് ഏതാനും പേരെ ഇസ്രായേല്‍ പിടികൂടിയതും വെടിനിര്‍ത്തല്‍ കരാര്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി. ഇന്നലെ വൈകീട്ട് പ്രദേശത്ത് സൈന്യം ഏതാനും പേരെ വെടിവച്ചു കൊന്നതായും റിപോര്‍ട്ടുണ്ട്. സംശയകരമായ സാഹചര്യത്തില്‍ കണ്ടുവെന്ന് ആരോപിച്ചാണ് വെടിവയ്പ്പ്.
ഇസ്രായേലിന്റെ സൈനിക പിന്‍മാറ്റത്തിന് ദിവസങ്ങള്‍ വേണ്ടി വരുമെന്നാണ് സൂചന. ദക്ഷിണ ലബനാനിലെ അതിര്‍ത്തി സുരക്ഷ, ലബനാന്‍ സൈന്യവും യുഎന്‍ സമാധാന സേനയും ഏറ്റെടുക്കും. യുഎസ് പ്രതിനിധി ഹമോസ് ഹോച്സ്റ്റിന്‍ ബെയ്‌റൂത്തില്‍ ക്യാമ്പ് ചെയ്ത് ഇരുപക്ഷവുമായി ആശയ വിനിമയം തുടരുകയാണ്.
അതേസമയം, ഫലസ്തീന്‍ പോരാളികള്‍ക്കൊപ്പം ചേര്‍ന്ന് അധിനിവേശത്തിനെതിരായ പോരാട്ടം തുടരുമെന്ന് ഹിസ്ബുല്ല നേതൃത്വം പ്രതികരിച്ചു. ലബനാന്റെ പരമാധികാരവും സ്വാതന്ത്ര്യവും ഉറപ്പാക്കാന്‍ ജാഗ്രതയോടെ നിലയുറപ്പിക്കുമെന്നും ഹിസ്ബുല്ല അറിയിച്ചു. ഏത് നിമിഷവും തകരാവുന്ന രീതിയിലാണ് വെടിനിര്‍ത്തല്‍ ഉപാധികള്‍് മുന്നോട്ടു പോകുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.
അതിര്‍ത്തിയില്‍ തുരങ്കം നിര്‍മിക്കുകയോ റോക്കറ്റ് വര്‍ഷിക്കുകയോ ചെയ്താല്‍ ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു.
ഇസ്രായേലി യുദ്ധവിമാനങ്ങള്‍ ഇപ്പോഴും ലബ്‌നാന്റെ ആകാശത്ത് വട്ടമിട്ട് പറക്കുന്നുണ്ട്. തെക്കന്‍ ലബ്‌നാനില്‍ സൈനിക സാന്നിധ്യം തുടരുകയാണ്. ഇസ്രായേലിലേക്കുള്ള ഹിസ്ബുല്ല റോക്കറ്റ്, ഡ്രോണ്‍ ആക്രമണം തല്‍ക്കാലത്തേക്ക് നിലച്ചിട്ടുണ്ട്.


