20
Oct 2023
Tue
20 Oct 2023 Tue

തിരുവനന്തപുരം: നമ്മള്‍ സ്വാതന്ത്ര്യത്തിന്റെ 76ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ എണ്‍പത് വര്‍ഷത്തോളമായി ഫലസ്തീന്‍ ഇസ്രായേലിന്റെ ആക്രമണത്തിന് ഇരയാകുന്നുവെന്ന് കെ. മുരളീധരന്‍ എംപി. മണക്കാട് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”നീതി നിഷേധിക്കുമ്പോള്‍ പൊട്ടിത്തെറിയുണ്ടാകും. ഇസ്രായേലിനെതിരെ നടത്തിയത് ആക്രമണമല്ല. അതൊരു വികാര പ്രകടനമാണ്. പത്ത് തല്ല് കിട്ടിയാല്‍ തിരിച്ചൊരു ചവിട്ട് കൊടുത്താല്‍ ചവിട്ടിയത് ന്യായമാണോ അല്ലയോ എന്ന ചര്‍ച്ചയിലേക്ക് പോകേണ്ട കാര്യമില്ല. ഇസ്രായേലിനെ ആക്രമിച്ചത് ഒരു എസി മുറിയിലിരുന്ന് ചര്‍ച്ച ചെയ്യേണ്ട കാര്യമല്ല. ജനം സഹിക്ക വയ്യാതെ ആക്രമിച്ചു. പകരം ഇസ്രയേല്‍ എന്താണ് ചെയ്യുന്നത്. വെള്ളവും വെളിച്ചവും കൊടുക്കാതെ ശ്വാസം മുട്ടിക്കുകയാണ്. അതിനെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

”യാസര്‍ അറാഫത്തിനെ രാഷ്ട്രത്തലവനായി കണ്ട്, അമേരിക്കന്‍ പ്രസിഡന്റിനെപ്പോലെ റഷ്യന്‍ പ്രസിഡന്റിനെപ്പോലെ സ്വീകരിച്ചവരാണ് നമ്മള്‍. കാരണം ആ രാജ്യം അനുഭവിക്കുന്ന പീഡനങ്ങള്‍ക്കാണ് പിന്തുണ നല്‍കിയത്. പ്രധാനമന്ത്രി ചാടിക്കയറി ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചത് എങ്ങനെയാണ്. വന്‍ശക്തികളായ അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഫലസ്തീന്‍ ജനതയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഫലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കുന്നതുവരെ ആ മണ്ണില്‍ സമാധാനം ഉണ്ടാകില്ല”.മുരളീധരന്‍ പറഞ്ഞു.