15
Dec 2024
Mon
15 Dec 2024 Mon
Israel attack in Syria

ഡമസ്‌കസ്: വിമതസേന അധികാരം പിടിച്ചതിന് പിന്നാലെ സിറിയയില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രായേല്‍. (Israeli bombing in Syria; Weapons research facility destroyed) സിറിയന്‍ തലസ്ഥാനത്തെ ആയുധ ഗവേഷണ കേന്ദ്രത്തിലാണ് ഇസ്രായേല്‍ ബോംബിട്ടത്. ഇറാന്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ കേന്ദ്രത്തിന് കാര്യമായ നാശനഷ്ടമുണ്ടായെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പതിറ്റാണ്ടുകളായി സിറിയ സൂക്ഷിച്ചിരുന്ന രാസായുധങ്ങളും മറ്റ് നിരോധിത യുദ്ധസാമഗ്രികളും മിസൈലുകളും വിമത പോരാളികളുടെ കൈകളില്‍ എത്തുന്നത് തടയാനാണ് ഇസ്രായേല്‍ ആക്രമണം നടത്തിയതെന്നാണ് റിപോര്‍ട്ട്.

സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ പുറത്താക്കി പ്രതിപക്ഷ സേനയായ ഹയാത് തഹ്‌രീര്‍ അല്‍ ശാം (എച്ച്.ടി.എസ്)രക്തരഹിത വിപ്ലവത്തിലൂടെയാണ് ഭരണം പിടിച്ചെടുത്തത്. പ്രതിപക്ഷസേന ദമസ്‌കസ് കീഴടക്കുന്നതിന് തൊട്ടുമുമ്പ് ബശ്ശാറുല്‍ അസദ് കുടുംബത്തിനൊപ്പം റഷ്യയില്‍ അഭയം തേടുകയായിരുന്നു. ഇക്കാര്യം റഷ്യ സ്ഥിരീകരിച്ചു.

സിറിയയില്‍ അസദ് കുടുംബത്തിന്റെ 53 വര്‍ഷം നീണ്ട ഭരണത്തിനാണ് ഇതോടെ വിരാമമായത്. അസദിന്റെ വീഴ്ച ജനങ്ങള്‍ തെരുവിലിറങ്ങി ആഘോഷിച്ചു. ദമസ്‌കസിലെ അസദിന്റെ സ്വകാര്യ വസതി കൈയേറിയ ജനങ്ങള്‍ സാധനങ്ങള്‍ നശിപ്പിച്ചു.

സിറിയയില്‍ അധികാരം പിടിച്ച വിമതരുമായി നയതന്ത്ര സംഭാഷണം ആരംഭിച്ചതായും രാജ്യത്തെ റഷ്യന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് അവര്‍ സുരക്ഷ ഉറപ്പു നല്‍കിയതായും ഔദ്യോഗിക ചാനലായ ആര്‍.ഐ.എ നൊവോസ് റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ ഓഫിസുകളോ മറ്റു ഔദ്യോഗിക കേന്ദ്രങ്ങളോ നശിപ്പിക്കരുതെന്ന് പ്രതിപക്ഷ സേനാ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.