ഗസ്സ സിറ്റി: (Madeleine ship) ഇസ്രായേല്‍ പട്ടിണിക്കിട്ട് കൊല്ലുന്ന ഫലസ്തീനികള്‍ക്ക് സഹായവുമായി പുറപ്പെട്ട മെഡ്ലീന്‍ കപ്പല്‍ തടഞ്ഞ് ഇസ്രായേല്‍ സൈനിക കമാന്‍ഡോകള്‍. കപ്പലുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു. പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുംബര്‍ഗ് അടക്കം 12 ആക്ടിവിസ്റ്റുകളാണ് ഇറ്റലിയില്‍ നിന്ന് പുറപ്പെട്ട കപ്പലിലുള്ളത്.
|
ഗസയിലേക്ക് സഹായം എത്തിക്കാന്‍ ശ്രമിക്കുന്ന കപ്പല്‍ തടയുമെന്നും ആക്റ്റിവിസ്റ്റുകളെ തിരിച്ചയക്കുമെന്നും ഇസ്രായേല്‍ സേന മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഫ്രീഡം ഫ്‌ളോട്ടിലയുടെ ഭാഗമായ മെഡ്ലീന്‍ കപ്പല്‍ ഇന്ന് രാവിലെയാണ് ഗസ തീരത്തേക്ക് കടന്നത്. ഇന്നലെ ഉച്ചയോടെ കപ്പല്‍ ഈജിപ്ത് തീരത്തെത്തിയിരുന്നു.
ഇസ്രായേല്‍ ഉപരോധം മറികടക്കുമെന്നും ഗസ്സയിലേക്ക് മാനുഷിക സഹായ വിതരണ ഇടനാഴി തുറക്കുമെന്നും തുംബര്‍ഗ് പ്രഖ്യാപിച്ചിരുന്നു. മെഡ്ലീന്‍ ഗസ തീരത്ത് അടുക്കുന്നത് തടയാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി പ്രതിരോധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞു.
ALSO READ: നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ച മോഡലിങ് കൊറിയോഗ്രാഫര്‍ കോഴിക്കോട്ട് പിടിയിലായി
കപ്പല്‍ തടഞ്ഞ് ആക്റ്റിവിസ്റ്റുകളെ വിമാന മാര്‍ഗം തിരിച്ചയക്കാനാണ് ഇസ്രായേല്‍ പദ്ധതി. മെഡിറ്ററേനിയന്‍ ദ്വീപില്‍ ഇറ്റലിയുടെ ഭാഗമായ സിസിലിയില്‍നിന്ന് ജൂണ്‍ ഒന്നിന് പുറപ്പെട്ട കപ്പല്‍ 2000 കിലോമീറ്റര്‍ താണ്ടിയാണ് ഈജിപ്ത് തീരത്ത് എത്തിയത്.
അതിനിടെ, ഗസയുടെ വിവിധ ഭാഗങ്ങളില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ പിന്നിട്ട 24 മണിക്കൂറിനിടെ 108 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഖാന്‍ യൂനുസില്‍ താമസകേന്ദ്രത്തിനു നേരെയുണ്ടായ വ്യോമാക്രമണങ്ങളില്‍ എട്ട് കുട്ടികള്‍ ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടു.
റഫയില്‍ ഗസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ രണ്ട് കേന്ദ്രങ്ങളില്‍ ഭക്ഷണം തേടിയെത്തിയവര്‍ക്കു നേരെ വീണ്ടും വെടിവെപ്പുണ്ടായതില്‍ 13 പേര്‍ മരിച്ചു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റതായും ഗസ ആരോഗ്യ വകുപ്പ് അറിയിച്ചു.
ഗസയില്‍ ആരോഗ്യ സംവിധാനം പൂര്‍ണ തകര്‍ച്ച നേരിടുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു. വംശഹത്യയുടെ ഏറ്റവും ക്രൂരമായ ഘട്ടത്തിലേക്കാണ് ഗസ നീങ്ങുന്നതെന്ന് അന്താരാഷ്ട്ര മെഡിക്കല്‍ ആന്‍ഡ് ഹ്യുമാനിറ്റേറിയന്‍ എയിഡ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
News summary: Israeli commandos surround the Madeleine ship; communication lost


