ഗസ: ഹമാസുമായി വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കു വേണ്ടി ഇസ്രായേല്‍ പ്രതിനിധി സംഘം ഖത്തറിലെത്തി. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച രണ്ടുമാസത്തെ വെടിനിര്‍ത്തല്‍ നിര്‍ദേശമാണ് ചര്‍ച്ചയിലുള്ളത്.
|
ഈ കാലയളവില്‍ സ്ഥിരമായ യുദ്ധവിരാമം ചര്‍ച്ച ചെയ്യാമെന്നും ട്രംപ് നിര്‍ദേശിച്ചു. അതിനിടെ, ഗസയില്‍ ഇസ്രായേല്‍ ഞായറാഴ്ചയും കനത്ത വ്യോമാക്രമണം നടത്തി.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തിങ്കളാഴ്ച വാഷിങ്ടണിലേക്ക് പോകും. ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച്ച നടത്തുകയാണ് ലക്ഷ്യം. വെടിനിര്‍ത്തല്‍ നിര്‍ദേശം അംഗീകരിക്കാന്‍ ട്രംപ് നെതന്യാഹുവിന് മേല്‍ സമ്മര്‍ദം ചെലുത്തുമെന്നാണ് വിലയിരുത്തല്‍.
വെടിനിര്‍ത്തല്‍ നിര്‍ദേശത്തോട് അനുകൂലമായി പ്രതികരിച്ച ഹമാസ് സ്ഥിര യുദ്ധവിരാമം സംബന്ധിച്ച് വ്യക്തമായ ഉറപ്പുകിട്ടണമെന്നും ആവശ്യപ്പെട്ടു. ഇസ്രായേല്‍-അമേരിക്കന്‍ നിയന്ത്രണത്തിലുള്ള ഗസ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനം നിര്‍ത്തണമെന്ന ഡിമാന്റും ഹമാസ് മുന്നോട്ട് വച്ചിട്ടുണ്ട്. ഫൗണ്ടേഷന്റെ സഹായ വിതരണ സ്ഥലങ്ങളില്‍ 100 കണക്കിന് ഫലസ്തീനികള്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഇത്.
അതിനിടെ, ഗസയില്‍ നൂറോളം കേന്ദ്രങ്ങളിലാണ് ഇസ്രായേല്‍ ഞായറാഴ്ച വ്യോമാക്രമണം നടത്തിയത്. 24 മണിക്കൂറിനിടെ 80 ഫലസ്തീനികളെ കൂടി കൊലപ്പെടുത്തി. 304 പേര്‍ക്ക് പരിക്കേറ്റു. ഇതുവരെ 57,418 ഫലസ്തീനികളാണ് ഗസയില്‍ കൊല്ലപ്പെട്ടത്. 1,36,261 പേര്‍ക്ക് പരിക്കേറ്റു. വെടിനിര്‍ത്തലില്‍ ഹമാസിന്റെ ഭേദഗതി നിര്‍ദേശങ്ങള്‍ അംഗീകരിക്കില്ലെന്ന് നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു.





