തിരുവനന്തപുരം: തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണ തൊഴിലാളി ജോയിക്കു വേണ്ടിയുള്ള തിരച്ചില്‍ 24 മണിക്കൂറിന് ശേഷവും തുടരുന്നു.(It’s not Joey’s body parts that are captured by the robotic camera; The search continues even after 24 hours ) ആമയിഴഞ്ചാന്‍ തോട്ടിലെ ടണലിനുള്ളില്‍ റോബോട്ടിക് ക്യാമറ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ജോയിയുടെ ശരീരഭാഗങ്ങള്‍ അല്ലെന്ന് സ്ഥിരീകരിച്ചു. ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളിലുള്ളത് കാണാതായ ജോയിയുടെ കാല്‍പ്പാദമാണെന്ന് നേരത്തെ സംശയമുയര്‍ന്നിരുന്നു.
|
റോബോട്ടിക് ക്യാമറയില്‍ പ്രതീക്ഷ ഉണര്‍ത്തുന്ന ദൃശ്യങ്ങള്‍ പതിഞ്ഞതിനെ തുടര്‍ന്ന് സ്‌കൂബാ ടീം അംഗങ്ങള്‍ ടണലിനുള്ളിലേക്ക് പ്രവേശിച്ച് പരിശോധന നടത്തി. എന്നാല്‍, അത് മാലിന്യമാണെന്നു സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം, വീണ്ടും ടണലിനുള്ളിലേക്ക് പ്രവേശിച്ച് പരിശോധന നടത്താനാണ് നിലവിലെ ശ്രമം.

ശനിയാഴ്ച രാവിലെയാണ് നഗരസഭയിലെ താല്‍ക്കാലിക തൊഴിലാളിയായ മാരായമുട്ടം സ്വദേശി ജോയിയെ തോട്ടില്‍ കാണാതായത്. റെയില്‍വേ പാളം കടന്നുപോകുന്ന ആമയിഴഞ്ചാന്‍ തോട് ശുചീകരണത്തിനായി റെയില്‍വേ, കരാറുകാരെ ഏര്‍പ്പെടുത്തിയിരുന്നു. കരാര്‍ നല്‍കിയ വ്യക്തിയുടെ ശുചീകരണത്തൊഴിലാളിയായിരുന്നു ജോയി. അപകടസമയത്ത് ജോയി മാത്രമായിരുന്നു ടണലിന്റെ ഭാഗത്ത് ഉണ്ടായിരുന്നത്.
മാലിന്യം നീക്കം ചെയ്യുന്നതിനിടെ ശക്തമായ മഴ പെയ്തു. ഒഴുക്ക് കൂടിയപ്പോള്‍ സൈറ്റ് സൂപ്പര്‍വൈസര്‍ അമരവിള സ്വദേശി കുമാര്‍, ജോയിയോട് തിരികെ കയറാന്‍ നിര്‍ദേശിച്ചു. ടണലില്‍ കല്ലില്‍ക്കയറി നില്‍ക്കുന്നതിനിടെയാണ് ഒഴുക്കില്‍പ്പെട്ടത്. സൂപ്പര്‍വൈസര്‍ കയറിട്ടു നല്‍കിയെങ്കിലും രക്ഷപ്പെടാനായില്ല.
തുടക്കത്തില്‍ അഗ്നശമന സേനയാണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. തോട്ടിലടിഞ്ഞ മാലിന്യം അഗ്‌നിശമനസേനയുടേയും സ്‌കൂബാ ഡൈവര്‍മാരുടേയും തിരച്ചില്‍ തടസ്സപ്പെടുത്തിയിരുന്നു. ഇതോടെയാണ് ടെക്‌നോപാര്‍ക്കിലെ കമ്പനിയുടെ റോബോട്ട് സ്ഥലത്തെത്തിച്ച് തിരച്ചില്‍ ആരംഭിച്ചത്.
117 മീറ്റര്‍ നീളമുള്ള മാലിന്യ കൂന

ഇറങ്ങാന്‍ ദുഷ്‌കരമായ മാന്‍ഹോളുകളും തള്ളിനീക്കാന്‍ കഴിയാത്ത മാലിന്യ കൂമ്പാരവും നിറഞ്ഞ 117 മീറ്റര്‍ നീളമുള്ള ഓടയിലാണ് ജോയ് കുരുങ്ങിക്കിടക്കുന്നത്. ഇതില്‍ നൂറു മീറ്ററോളം പരിശോധന നടത്തിയതായി അധികൃതര്‍ പറയുന്നു.
ജോയി വീണത് പ്രകൃതിദത്തമായ തോട്ടിലാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് തമ്പാനൂര്‍ ഭാഗം നെല്‍പ്പാടമായിരുന്ന കാലത്തേയുള്ള തോട്. ചാക്കയില്‍നിന്ന് തമ്പാനൂരിലേക്ക് 1931ല്‍ റെയില്‍വേ ലൈന്‍ എത്തിയപ്പോഴാണ് തോട് ട്രാക്കിനടിയിലായത്. പിന്നീട് കോര്‍പറേഷനും ജലവിഭവവകുപ്പുമെല്ലാം പല ഘട്ടങ്ങളിലായി തോട്ടില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി. തമ്പാനൂര്‍ കോഫി ഹൗസ് മുതല്‍ പവര്‍ഹൗസ് വരെ ഭൂമിക്കടിയിലൂടെയാണ് തോട്. ഓടയിലേക്ക് ഇറങ്ങാന്‍ മാന്‍ഹോളുകള്‍ മാത്രമാണ് ആശ്രയം. ഓടയില്‍ ഒരാള്‍പൊക്കത്തില്‍ മാലിന്യം അടിഞ്ഞുകൂടി പാറ പോലെ ഉറച്ചിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി ഈ ഭാഗത്തുനിന്ന് നീക്കം ചെയ്തത് ഏകദേശം 700 ലോഡ് മണ്ണും മാലിന്യങ്ങളുമാണ്.

റെയില്‍വേ സ്റ്റേഷനിലെ വെള്ളം ഓടയിലേക്ക് പോകാന്‍ കുഴികളുണ്ടാക്കി ഗ്രില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെയാണ് രക്ഷാ പ്രവര്‍ത്തകര്‍ ഇറങ്ങിയത്. ഓട വൃത്തിയാക്കേണ്ട ചുമതല തദ്ദേശ സ്ഥാപനത്തിനും സംസ്ഥാന സര്‍ക്കാരിനുമാണെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. 2024 ജൂണില്‍ നടന്ന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഓട വൃത്തിയാക്കാന്‍ റെയില്‍വേ തീരുമാനിച്ചത്.
എത്ര ശുചീകരിച്ചാലും ആഴ്ചകള്‍ക്കുള്ളില്‍ മാലിന്യം നിറയും. നഗരത്തിന്റെ പ്രധാന ഭാഗത്തിലൂടെ ഒഴുകുന്ന ഓടയിലേക്ക് മാലിന്യം വലിച്ചെറിയുന്നതാണ് പ്രശ്‌നം. പ്ലാസ്റ്റിക്കാണ് പ്രധാനമായും ഒഴുക്കിന് തടസ്സമാകുന്നത്. കിഴക്കേക്കോട്ട ഭാഗത്തെ വെള്ളക്കെട്ട് മാറ്റാന്‍ ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി 2014ല്‍ 24 കോടിയോളം രൂപ ചെലവഴിച്ചിരുന്നു.


