23
Apr 2025
Sat
23 Apr 2025 Sat
jabalpur attack

ജബല്‍പൂരില്‍ മലയാളി വൈദികരുള്‍പ്പെടെയുള്ളവര്‍ക്കെതിരേ സംഘപരിവാരം നടത്തിയ ആക്രമണത്തില്‍ ശക്തമായി പ്രതികരിച്ച് കത്തോലിക്കാ മുഖപത്രമായ ദീപിക. (Jabalpur attack: Deepika editorial slams BJP and Suresh gopi ) കേന്ദ്രം ഭരിക്കുന്ന ബിജെപിയെ നേരിട്ട് പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതാണ് ദീപികയുടെ മുഖപ്രസംഗം. അക്രമികളെ ന്യായീകരിച്ച കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരേയും ദീപിക അഞ്ഞടിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നവരുടെ സംരക്ഷണകേന്ദ്രമല്ല തങ്ങളെന്ന സന്ദേശം കൊടുക്കാന്‍ കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകള്‍ തയാറായാല്‍ അന്നു തീരും, ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള ആക്രമണങ്ങളെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. ന്യൂനപക്ഷ വിദ്വേഷവും ഹിംസയുംകൊണ്ടുമാത്രം നിലനില്‍ക്കുന്ന വിധ്വംസക സംഘങ്ങളെ കേന്ദ്രസര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കരുത്.

മധ്യപ്രദേശിലെ ജബല്‍പുരില്‍ ക്രൈസ്തവ വിശ്വാസികളെയും പുരോഹിതരെയും പോലീസിനു മുന്നിലിട്ടു മര്‍ദിച്ച സംഘപരിവാറിന്റെ ബലം, സംസ്ഥാനത്തും കേന്ദ്രത്തിലും അധികാരത്തിലുള്ളത് ബിജെപിയാണെന്ന ധൈര്യമാണെന്നും ദീപിക തുറന്നടിച്ചു.

ALSO READ: ആര്‍എസ്എസിന് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാത്തതിന്റെ അപകര്‍ഷത; ഘര്‍വാപസിയാണ് നിര്‍ബന്ധിത മതപരിവര്‍ത്തനം; മോഹന്‍ ഭാഗവതിനെതിരേ ആഞ്ഞടിച്ച് ദീപിക

തിരിച്ചടിക്കില്ലെന്ന് ഉറപ്പുള്ള ക്രൈസ്തവ വിശ്വാസികളെയും പുരോഹിതരെയും തല്ലുന്നതിനോളം എളുപ്പമുള്ള ജോലി വേറെയില്ല. അതെന്തോ വീരകൃത്യമാണെന്നു ധരിക്കുന്ന സംഘപരിവാര്‍ അഴിഞ്ഞാടുമ്പോള്‍ ജബല്‍പുരിലും പോലീസ് നോക്കിനില്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് വൈദികരെയും വിശ്വാസികളെയും ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ജബല്‍പുര്‍ രൂപതയ്ക്കു കീഴിലുള്ള മാണ്ഡല ഇടവകയിലെ ഒരുകൂട്ടം വിശ്വാസികള്‍ ജൂബിലിയുടെ ഭാഗമായി ജബല്‍പുരിലെതന്നെ വിവിധ പള്ളികളിലേക്കു തീര്‍ഥാടനം നടത്തുന്നതിനിടയിലായിരുന്നു ആക്രമണം.

രൂപത വികാരി ജനറാള്‍ ഫാ. ഡേവിസ് ജോര്‍ജും പ്രൊകുറേറ്റര്‍ ഫാ. ജോര്‍ജ് തോമസും പോലീസ് ഉദ്യോഗസ്ഥര്‍ക്കു കണ്‍മുന്നില്‍ സംഘപരിവാര്‍ ആക്രമണത്തിനിരയായി. ഈ രാജ്യത്തിന്റെ സാംസ്‌കാരിക മൂല്യങ്ങള്‍ക്ക് ഒരു വിലയും കൊടുക്കാത്ത സാമൂഹികവിരുദ്ധര്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ തലേക്കെട്ടും കെട്ടി മുഷ്ടി ചുരുട്ടി നില്‍ക്കുമ്പോള്‍ ഇടപെടാത്ത ഭരണകൂടങ്ങള്‍ക്ക് എങ്ങനെയാണ് ദേശീയോദ്ഗ്രഥനത്തിന്റെ കൊടിയേന്താനാകുന്നതെന്ന് മുഖപ്രസംഗം ചോദിക്കുന്നു.

ബിജെപി ഭരണകാലത്ത് ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണം വലിയ തോതില്‍ വര്‍ധിച്ചതായും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കഴിഞ്ഞ ജനുവരിയില്‍ യുസിഎഫ് (യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം) പുറത്തുവിട്ട കണക്കനുസരിച്ച്, 834 ആക്രമണങ്ങളാണ് ക്രൈസ്തവര്‍ക്കെതിരേ നടത്തിയത്. 2023ല്‍ ഇത് 734 ആയിരുന്നു. ഏറ്റവുമധികം ആക്രമണങ്ങള്‍ ഉത്തര്‍പ്രദേശിലാണ്.

ജബല്‍പൂരിലെ ആക്രമണങ്ങളെ ന്യായീകരിക്കുകയും ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറുകയും ചെയ്ത സുരേഷ് ഗോപിയെയും ദീപിക വിമര്‍ശിച്ചു. ജബല്‍പുരിലെ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മുന്നില്‍ ഇന്നലെ സുരേഷ് ഗോപി എംപിക്കു സംയമനം നഷ്ടപ്പെടുന്നതു കണ്ടു. അദ്ദേഹം മാധ്യമങ്ങള്‍ക്കു നല്‍കിയ ”ബി കെയര്‍ഫുള്‍” എന്ന മുന്നറിയിപ്പ്, ക്രൈസ്തവര്‍ക്കെതിരേ അക്രമം അഴിച്ചുവിടുന്നവര്‍ക്കു കൊടുത്തിരുന്നെങ്കില്‍!

അന്തര്‍ദേശീയ മതസ്വാതന്ത്ര്യ റിപ്പോര്‍ട്ടുകള്‍ ഇന്ത്യയെ തുടര്‍ച്ചയായി പ്രതിസ്ഥാനത്തു നിര്‍ത്തുന്‌പോള്‍ അതിനെ വിദേശരാജ്യങ്ങളുടെ അജന്‍ഡയാണെന്ന് പറയുന്നതിനു പകരം, തിരുത്തലാണു വേണ്ടതെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടി.